രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ തകര്‍ത്തു; സിപിഎം കേന്ദ്രകമ്മറ്റി ഓഫീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു
First Published | Jun 25, 2022, 1:40 PM ISTവയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് ആക്രമിക്കുകയും (Rahul Gandhi MP's Office Attack) മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്ത് ദില്ലി സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളിലായി നാഷണല്‍ ഹെറാല്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റെ ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദിവസങ്ങളിലെല്ലാം തന്നെ ദില്ലി ജന്തര്‍ മന്തിറില്‍ കോണ്‍ഗ്രസ് പ്രതിഷേധം തീര്‍ത്തു. ദില്ലി പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. ഒരു വേള എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബഫര്‍ സോണ്‍ വിഷയം ഉന്നയിച്ച് വയനാടില്‍ സിപിഐ(എം)ന്‍റെ വിദ്യാര്‍സ്ഥി സംഘടനയായ എസ്ഐഐ വയനാട് എം പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത്. ഇതേ തുടര്‍ന്ന് സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന് ദില്ലി പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയായിരുന്നു. തിരുവന്തപുരം എകെജി സെന്‍ററിനും ഇന്നലെ രാത്രി മുതല്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ വടിവേല്‍ പി, ദീപു എം നായര്‍, വയനാട്ടില്‍ നിന്നും പ്രതീഷ് കപ്പോത്ത്, തിരുവനന്തപുരത്ത് നിന്നും സജയന്‍ എന്നിവരാണ് ചിത്രങ്ങളെടുത്തത്.