farmers protest : താങ്ങുവില ഇല്ലെങ്കില്‍ സമരം തുടരമെന്ന് കര്‍ഷകര്‍; ഭാവി പരിപാടികള്‍ ആലോചിക്കാന്‍ യോഗം ഇന്ന്

First Published | Nov 27, 2021, 11:49 AM IST

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങൾക്കെതിരെ തുടങ്ങിയ കര്‍ഷകരുടെ സമരത്തിന് ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട 'ദില്ലി ചലോ' മാര്‍ച്ച്, നവംബര്‍ 27നാണ് ദില്ലി അതിര്‍ത്തിലെ സിംഗുവിൽ എത്തിയത്. എന്നാല്‍, സമരക്കാര്‍ ദില്ലി സംസ്ഥാനാതിര്‍ത്തി കടക്കാതിരിക്കാനായി കേന്ദ്ര സര്‍ക്കാര്‍, ദില്ലി പൊലീസിന്‍റെയും മറ്റ് അര്‍ദ്ധ സൈനീക വിഭാഗങ്ങളുടെയും സഹായം തേടി. ഇതോടെ ദില്ലിയിലേക്കുള്ള ദേശീയ ഹൈവേകളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകളും മുള്ളുവേലികളും കൊണ്ട് നിറഞ്ഞു. വാഹനങ്ങള്‍ റോഡിലൂടെ കടക്കാതിരിക്കാന്‍ ഒരടി നീളമുള്ള കമ്പികള്‍ കൂര്‍പ്പിച്ച് റോഡുകളില്‍ സ്ഥാപിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ അതിര്‍ത്തികള്‍ അടഞ്ഞ് തന്നെ കിടക്കുന്നു. 

വിവിദമായ മൂന്ന് കര്‍ഷക നിയമങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ മധുരം വിതരണം ചെയ്ത് കര്‍ഷകര്‍ ആഘോഷിച്ചു. സിംഘുവില്‍ ഇന്നലെ നടന്ന സമരാഘോഷങ്ങള്‍ക്ക് പി സായ്നാഥ്, ആനിരാജ, പി കൃഷ്ണപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കിയപ്പോള്‍, തിക്രയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ നേതൃത്വം നല്‍കി. ഗാസിപ്പൂരില്‍ രാകേഷ് ടിക്കായത്ത് യോഗേന്ദ്രയാദവ്, അശേക് ധാവ്ള, മേധാപട്കര്‍ എന്നിവരും നേതൃത്വം  നല്‍കി. 

സമരത്തിന്‍റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് (27.11.'21 ) കര്‍ഷക നേതാക്കള്‍ യോഗം ചേരുമെന്ന് അറിയിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കുക. താങ്ങ് വിലയേക്കാള്‍ കുറവ് വിലയ്ക്ക് കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നത് നിയമം മൂലം നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ കര്‍ഷകര്‍ ഉന്നയിച്ചു. 


ഒരു വര്‍ഷം മുമ്പ് ഇതേ ദിവസമായിരുന്നു ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയിലേക്ക് മര്‍ച്ച് നടത്തിയത്. ദില്ലിയില്‍ തങ്ങളുടെ മാര്‍ച്ച് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതോടെ  കര്‍ഷകര്‍ സമരരീതിയില്‍ മാറ്റം വരുത്തി. അവര്‍ ദില്ലി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ കുടില്‍ കെട്ടി സമരം തുടര്‍ന്നു. സമരവിജയം നേടിയാല്‍ മാത്രമേ വീടുകളിലേക്ക് മടങ്ങൂവെന്നും അവര്‍ പ്രഖ്യാപിച്ചു. 

ഇതോടെ സിംഗു രാജ്യത്തെ കര്‍ഷകരുടെ സമരകേന്ദ്രമായി മാറി. അതിന് പിന്നാലെ ദില്ലിയുടെ മറ്റ് അതിര്‍ത്തികളായ തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ എത്തിയതോടെ സമരം കൂടുതൽ ശക്തമായി.

സംഭവബഹുലമായിരുന്നു ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പോരാട്ടം. സമരം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളും നോക്കുകയാണെന്ന് കര്‍ഷകര്‍ ആരോപണം ഉന്നയിച്ചു. ഒരു വര്‍ഷത്തിനിടെ 12 തവണ കേന്ദ്ര സര്‍ക്കാര്‍ സമര നേതാക്കളുമായി ചര്‍ച്ച നടത്തി. 

എന്നാല്‍ പന്ത്രണ്ട് തവണയും വിവാദമായ മൂന്ന് കര്‍ഷിക നിയമങ്ങളും പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച് നിന്നു. കര്‍ഷക സമരം അനാവശ്യമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട് സമരം അനന്തമായി നീണ്ടതോടെ വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുമെന്നും ഇതിനായി മിഷന്‍ യുപി പദ്ധതി നടപ്പാക്കുമെന്നും കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. 

ഇതിനിടെ മുന്നറിയിപ്പുകളൊന്നുമില്ലാതെ കഴിഞ്ഞ 19 -ാം തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 

അപ്രതീക്ഷമായ പ്രഖ്യാപനം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക നേതാക്കളും ആരോപിച്ചു. 

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രം പോരെന്നും കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കണമെന്നതടക്കമുള്ള തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നും എങ്കില്‍ മാത്രമേ ദില്ലി അതിര്‍ത്തിയിലെ സമരം പിന്‍വലിക്കുകയുള്ളൂവെന്നും കര്‍ഷകരും പ്രഖ്യാപിച്ചു. 

ഇന്നലെ സമരത്തിന്‍റെ ഒന്നാം വര്‍ഷിക ദിനത്തില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലി അതിര്‍ത്തിയിലേക്ക് എത്തിയത്. അതിര്‍ത്തികളിൽ പ്രകടനങ്ങളും ട്രാക്ടര്‍ റാലികളും നടന്നു.

കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി മറ്റൊരു നിയമം കൂടി കൊണ്ടുവന്നാൽ മാത്രമെ സമരം അവസാനിപ്പിക്കൂ എന്നതാണ് കര്‍ഷകരുടെ നിലപാട്. അതേസമയം, താങ്ങുവിലക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. 

കൃഷി ചെലവിന്‍റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണമെന്ന എം എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.  കൃഷിക്കായി ആകെ വരുന്ന ചെലവ് 100 രൂപയാണെങ്കിൽ 150 രൂപയുടെ വരുമാനം കാര്‍ഷികോല്പന്നങ്ങളിലൂടെ കര്‍ഷകന് ഉണ്ടാകണം എന്നതായിരുന്നു എം.എസ് സ്വാമിനാഥൻ കമ്മീഷൻ 2006 ൽ കേന്ദ്ര സര്‍ക്കാരിന് നൽകിയ ശുപാര്‍ശ. 

ഇതുപ്രകാരം താങ്ങുവില നിശ്ചയിച്ചാൽ ഒരു ക്വിന്‍റൽ നെല്ലിന് ഇന്ന് കിട്ടുന്ന തുകയേക്കാൾ 650 രൂപ കര്‍ഷകന് അധികം ലഭിക്കും. ഒരു ക്വിന്‍റൽ പരിപ്പിന് ഇപ്പോൾ കിട്ടുന്ന 6500 രൂപ 7936 രൂപയായി ഉയരും. ഈ രീതിയിൽ ചെലവിന്‍റെ 50 ശതമാനമെങ്കിലും വരുമാനം ഉറപ്പാക്കുന്ന തരത്തിൽ താങ്ങുവില നിയമം കൊണ്ടുവരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. 

കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറച്ച് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നത് നിയമം മൂലം കുറ്റകരമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഓരോ സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യ സംഭരണത്തിന് വ്യത്യസ്ഥ രീതികളാണ് നിലവിലുള്ളത്. 

കൃഷി ചെലവും കൃഷി രീതികളും വ്യത്യസ്ഥമാണ്. അതിനെ എകീകരിക്കാൻ ഒരു സംവിധാനം ഉണ്ടാക്കാം എന്നതിനപ്പുറത്ത് ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചുള്ള നിയമം പ്രായോഗികമല്ല. മാത്രമല്ല, നിശ്ചിത വിലയിൽ കുറഞ്ഞ് ഉല്പന്നങ്ങൾ വാങ്ങാനാകില്ല എന്നത് നിയമമായാൽ അത് കാര്‍ഷിക വ്യാപാര മേഖലയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം. 

കര്‍ഷിക മേഖലയിലേക്ക് കയറാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഈ നിലപാടെന്ന് കര്‍ഷകര്‍ വിമര്‍ശിക്കുമ്പോൾ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഇടയിലെ ദൂരം വീണ്ടും കൂടുകയാണ്. 

29 ന് തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളത്തിന്‍റെ ആദ്യ ദിനത്തിൽ തന്നെ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. താങ്ങുവിലക്കായി അത്തരം എന്തെങ്കിലും നീക്കം ഇതുവരെ സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലെന്നത് കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാക്കിയേക്കാം. 

Latest Videos

click me!