രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഈ മാസം 31 വരെ 10,11,12 ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. 1 മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്ക് പഠനം ഓൺലൈൻ ആയി തുടരും. കഴിഞ്ഞ ആഴ്ച മുതല്‍ രാത്രി കർഫ്യൂ നിലവിലുണ്ട്.
അതോടൊപ്പം ഞായറാഴ്ച ലോക്ഡൗൺ അടക്കം നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയാണ്. സ്കൂളുകള്‍ അടച്ചതിന് പിന്നാലെ പൊതുവിടങ്ങളിൽ പകുതി പേർക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി. മെട്രോയടക്കം പൊതുഗതാഗത സംവിധാനങ്ങളിലും 50 % പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
സർക്കാർ, പൊതു പരിപാടികളെല്ലാം നിര്‍ത്തലാക്കി. സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രൂക്ഷമായ കൊവിഡ് വ്യാപനത്തിനിടെ ഏറെ നിയന്ത്രണങ്ങളോടെയായിരുന്നു തമിഴ്നാട്ടിലെ പൊങ്കലാഘോഷം.
പോകിപൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നീ പേരുകളില്‍ നാല് ദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുന്നത്. മാട്ടുപ്പൊങ്കല്‍ ദിവസമാണ് ജല്ലിക്കട്ട് ഉത്സവം.
സംസ്ഥാവനത്ത് വിവിധ പ്രദേശങ്ങളിലായി ആയിരത്തോളം കളകള്‍ പങ്കെടുക്കേണ്ടിയിരുന്ന ജല്ലിക്കെട്ട് ഉത്സവത്തിന് ഇത്തവണ അറുന്നൂറ് കാളകളെ പങ്കെടുത്തിരുന്നൊള്ളൂ. ഏറെ നിയന്ത്രണങ്ങളോടെയാണ് ഇക്കുറി ജല്ലിക്കട്ടിന് അനുമതി നല്‍കിയത്. '
രണ്ട് ഡോസ് വാക്സീനെടുത്ത 150 പേർക്ക് മാത്രമായിരുന്നു പ്രവേശനം. കളക്ടറുടെയും പൊലീസിന്‍റേയും കർശന നിരീക്ഷണവും ഉണ്ടായിരുന്നു. ഇത്തവണത്തെ ജല്ലിക്കെട്ട് മത്സരത്തിനിടെ രണ്ട് പേര്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.
തുടർച്ചയായ രണ്ടാമത്തെ ആഴ്ചയായി തമിഴ്നാട്ടില്‍ ഞായറാഴ്ച ലോക്ഡൗണ്‍ തുടരുകയാണ്. ജല്ലിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നേ ദിവസമാണ് കാണുംപൊങ്കൽ. പൊങ്കലിന്‍റെ ഏറ്റവും അവസാന ദിനമാണ് കാണുപൊങ്കല്‍. ഈ ദിവസമാണ് ആളുകള്‍ ബന്ധുവീടുകളിലേക്കും സുഹൃത് ഭവനങ്ങളിലേക്കും മറ്റും സന്ദര്‍ശനം നടത്തുന്നത്.
കൊവിഡിന്‍റെ ഒന്നാം തരംഗ കാലത്തെ അനുസ്മരിപ്പിക്കുംവിധം നിരത്തുകളിലും തെരുവുകളും ആളൊഴിഞ്ഞു. പ്രധാന കവലകളിലെല്ലാം തന്നെ പൊലീസിന്‍റെ ചെക് പോയിന്‍റുകളും കര്‍ശന പരിശോധനകളും കൃത്യമായി നടക്കുന്നുണ്ടായിരുന്നു.
പൊലീസിന്‍റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു റോഡുകള്‍. അവശ്യ സർവീസുകൾക്ക് മാത്രമായിരുന്നു ഇന്നലെ പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. ചെന്നൈ നഗരത്തിൽ മാത്രം പതിനായിരത്തോളം പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.
മാട്ടുപൊങ്കല്‍ ദിവസം തമിഴ്നാട്ടില്‍ ഇരുപത്തി നാലായിരത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്താത്തതിനാല്‍ നിയന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനം.
പാൽ, പത്രം, ആശുപത്രി, ആഹാരവിതരണം, ഇന്ധന പമ്പുകൾ എന്നിവയടക്കം അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്നലെ പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നത്. ജനങ്ങളും സമ്പൂർണ ലോക്ഡൗണിനോട് പൂർണമായും സഹകരിക്കുന്നുവെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഒന്നാം തരത്തില്‍ ഏറെ നഷ്ടം നേരിട്ട ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്നാട്. അതുകൊണ്ട് തന്നെ ഇത്തവ കൊവിഡ് വ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. മെട്രോ റയിലടക്കം പൊതു ഗതാഗത സംവിധാനങ്ങളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. മേൽപ്പാലങ്ങളും സബ്വവേകളും അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു.
കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും വരും ദിവസങ്ങളിലും തുടരും. ഉത്സവദിവസം കഴിഞ്ഞ് ഇന്നലത്തെ ലോക്ഡൌണിനും ശേഷം ഇന്ന് നടക്കുന്ന പരിശോധനയില്‍ കൊവിഡ് എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ചെന്നൈയിൽ 8,978 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2,854 പുതിയ കേസുകളുമായിചെങ്കൽപേട്ടാണ് രണ്ടാമത്. കോയമ്പത്തൂർ (1,732), തിരുവള്ളൂർ (1,478) എന്നിവ മാത്രമാണ് നാലക്കത്തിൽ കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് ജില്ലകൾ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, സംസ്ഥാനത്ത് പ്രതിദിനം 1,000 മുതൽ 3,000 വരെയാണ് കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസിറ്റീവ് പരീക്ഷിച്ച മൊത്തം ആളുകളുടെ എണ്ണത്തേക്കാൾ മരിച്ചവരുടെ എണ്ണം - 1.3 % ആയി തുടരുകയാണ്.
അതോടൊപ്പം ഓരോ ദിവസത്തെ മരണനിരക്കിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. സജീവ കേസുകള്‍ ഒരാഴ്ചയ്ക്കിടെ 51,335 ൽ നിന്ന് 1,31,007 ആയി ഉയർന്നതാണ് തമിഴ്നാട്ടില്‍ ആശങ്ക പടര്‍ത്തുന്നത്. ആശുപത്രിയില്‍ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം 11 % ൽ നിന്ന് 6% ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, ഐസിയുകളിലെ കിടക്കകൾ ജനുവരി 9 ന് 4 % ൽ നിന്ന് ശനിയാഴ്ച 7 % ആയി ഉയർന്നത് ആശങ്കയായി.
ഐസിയുവിലുള്ള ഭൂരിഭാഗം ആളുകളും വാക്സിനേഷൻ എടുത്തിട്ടില്ലെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ. സുബ്രമണ്യൻ സ്വാമിനാഥൻ പറഞ്ഞു. ആളുകള്‍ സ്വയം പരിശോധന നടത്തരുതെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ സെൽവവിനായഗം പറയുന്നു.
ഒരു ദിവസം മൂന്ന് ലക്ഷം ആർടിപിസിആർ ടെസ്റ്റുകൾ നടത്താനുള്ള ശേഷി ഞങ്ങൾക്കുണ്ട്. ജിഎച്ച്സിൽ ഇത് സൗജന്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.