'ഞങ്ങള്‍ സുരക്ഷിതര്‍'; ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ നാട്ടില്‍ അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമംഗങ്ങള്‍

First Published | Oct 1, 2021, 2:38 PM IST


ണ്ടാം വരവില്‍ സ്വയം മാറിയെന്ന് താലിബാന്‍ തീവ്രവാദികള്‍ (Taliban militants)അവകാശപ്പെട്ടെങ്കിലും രണ്ടാം താലിബാന്‍ തീവ്രവാദി സര്‍ക്കാര്‍ രൂപീകരിച്ചതോടെ പഴയ ക്രൂരതകള്‍ താലിബാന്‍ പുറത്തെടുത്ത് തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് തൊട്ട് പിന്നാലെ സംഗീതം നിരോധിച്ചു. സ്ത്രീകളുടെ സ്വാതന്ത്രങ്ങള്‍ പലതും നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് പൊതു ഇടത്തില്‍ സ്വതന്ത്രമായ സഞ്ചാരം പോലും നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ പങ്കെടുക്കുന്ന എല്ലാ കളികളും നിയമവിരുദ്ധമാക്കപ്പെട്ടു. ഇതിനെല്ലാം കാരണമായി ശരീയത്ത് നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന അഫ്ഗാന്‍ സ്ത്രീകള്‍ പലരും രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. കാബൂളിലേക്ക് താലിബാന്‍ കടന്ന് കയറിയപ്പോള്‍ മുതല്‍ കാണാതായ അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ പിന്നീട് ഖത്തറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും ഒടുവില്‍ അഫ്ഗാന്‍റെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ (Cristiano Ronaldo) പോര്‍ച്ചുഗല്ലിലെത്തിതായാണ് (portugal) റിപ്പോര്‍ട്ടുകള്‍.  ' ഓപ്പറേഷൻ സോക്കർ ബോൾസ്' (Operation Soccer Balls) എന്ന് പേരിട്ട മുപ്പത്തിയഞ്ചോളം ദിവസം നീണ്ടുനിന്ന രക്ഷാദൌത്യത്തിനൊടുവിലാണ് അവരെല്ലാവരും പോര്‍ച്ചുഗല്ലില്‍ എത്തിചേര്‍ന്നത്. 

ജന്മദേശമായ അഫ്ഗാനിസ്ഥാൻ വിടുന്നത് വേദനാജനകമാണെന്നാണ് 15 കാരിയായ സാറ പറയുന്നത്. എന്നാൽ ഇപ്പോൾ തങ്ങളെല്ലാവരും സുരക്ഷിതരാണെന്നും അവള്‍ ആശ്വസിക്കുന്നു. മാത്രമല്ല, പ്രഫഷണല്‍ ഫുട്ബോള്‍ കളിക്കുകയെന്ന അവളുടെ ഏറ്റവും വലിയ ആഗ്രഹം നടക്കുകയും ചെയ്യും. 

കാരണം, സാറ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്റ്റാര്‍ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാട്ടിലാണ് അവളുള്ളത്, പോര്‍ച്ചുഗല്ലില്‍. എപ്പോഴെങ്കിലും അദ്ദേഹത്തെ കണ്ട് മുട്ടാന്‍ കഴിയുമെന്നും സാറ വിശ്വസിക്കുന്നു. ഇന്ന് അവളുടെ സന്തോഷത്തിന് അതിരുകളില്ലാതായിരിക്കുന്നു. 


താലിബാൻ തീവ്രവാദ ഇസ്ലാമിസ്റ്റ് പ്രസ്ഥാനം ആഗസ്റ്റിൽ അധികാരം പിടിച്ചെടുത്ത ശേഷം ഭയന്ന് രാജ്യം വിട്ട അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ യുവ ഫുട്ബോള്‍ ടീമിൽ നിന്നുള്ള നിരവധി കളിക്കാരിൽ ഒരാളാണ് സാറ. 

അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ യുവ ഫുട്ബോള്‍ കളിക്കാർക്ക് പോർച്ചുഗൽ അഭയം നൽകി. അവരെല്ലാവരും ഇന്ന് പൊര്‍ച്ചുഗല്ലില്‍ പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തിലാണ്. 

"ഞാൻ സ്വതന്ത്രയാണ്". അമ്മയോടും സഹകളിക്കാരോടുമൊപ്പം ടാഗസ് നദി തീരത്തെ ലിസ്ബണിന്‍റെ അഭിമാനമായ ബെലെം ടവർ സന്ദർശിക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

'റൊണാൾഡോയെപ്പോലെ ഒരു നല്ല കളിക്കാരനാകുക എന്നതാണ് എന്‍റെ സ്വപ്നം. അതുപോലെ പോർച്ചുഗലിൽ ഒരു വലിയ ബിസിനസ്സ് സ്ത്രീയാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു, " സാറ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

അവള്‍ക്ക് ഒരു ദിവസം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്. എന്നാല്‍, തന്‍റെ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമെന്നും അവള്‍ പറയുന്നു. 

തന്‍റെയോ മകളുടെയോ കുടുംബപ്പേരുകള്‍ ഉപയോഗിക്കരുതെന്ന് സാറയുടെ അമ്മ ആവശ്യപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കാരണം 1996 മുതൽ 2001 വരെ താലിബാന്‍ തീവ്രവാദികളുടെ ഭരണകാലത്ത് അവര്‍ അഫ്ഗാനില്‍ ജീവിച്ചിരുന്നു. 

തങ്ങള്‍ക്ക് ഇനി തിരിച്ചു പോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു സാറയുടെ അമ്മ പറഞ്ഞത്. ആദ്യ തീവ്രവാദി സര്‍ക്കാറിന്‍റെ കാലത്ത് സ്ത്രീകള്‍ വലിയ തോതിലുള്ള പീഢനങ്ങള്‍ക്ക് ഇരയായിരുന്നു. പല സ്ത്രകളെയും തീവ്രവാദികള്‍ വീട്ടില്‍ നിന്ന് പിടിച്ച് കൊണ്ട് പോയി വിവാഹം കഴിക്കുക പതിവായിരുന്നു. 

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രണ്ടാം താലിബാന്‍ തീവ്രവാദി സര്‍ക്കാറിന്‍റെ കാലത്തും ഇതില്‍ നിന്ന് വലിയ തോതിലുള്ള മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അവര്‍ പറയുന്നു. 

ഓഗസ്റ്റ് 15 ന് കാബൂള്‍ പിടിച്ചെടുത്ത ശേഷവും സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്രം ഉണ്ടാകുമെന്നായിരുന്നു താലിബാന്‍ തീവ്രവാദി നേതാക്കള്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ ഓഗസ്റ്റ് 30 ന് അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും അഫ്ഗാന്‍ വിട്ടതിന് ശേഷം താലിബാന്‍ സ്വരം മാറ്റി. സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പമല്ലാതെ പുറത്തിറങ്ങാന്‍ പിടില്ലെന്ന് ഫത്‍വ ഇറക്കി. സ്ത്രീകള്‍ക്ക് ഒരു കളിയും പാടില്ലെന്ന് നിഷ്കര്‍ഷിച്ചു. 

ഇതോടെ വനിതാ കളിക്കാരെല്ലാം പ്രതിസന്ധിയിലായി. മിക്കവരും രാജ്യം വിടാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ചിലര്‍ പാകിസ്ഥാനിലേക്കും ഖത്തറിലേക്കും രക്ഷപ്പെട്ടു. 

അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമംഗങ്ങള്‍ ആദ്യം പാകിസ്ഥാനിലേക്കും അവിടെ നിന്ന് ഖത്തറിലേക്കും രക്ഷപ്പെട്ടു. ഒടുവില്‍ സെപ്റ്റംബർ 19 ന് അവരെല്ലാവരും പോര്‍ച്ചുഗല്ലില്ലെത്തി. 

"ഞങ്ങൾ ഈ ദൗത്യം ഏറ്റെടുക്കാൻ കാരണം ( ടീമിനെ ഒഴിപ്പിക്കാൻ ) അവർക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങൾ കളിക്കാനാകുമെന്ന് ഉറപ്പുവരുത്താനായിരുന്നു." അഫ്ഗാനിസ്ഥാൻ വനിതാ സീനിയർ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ ഫർഖുണ്ട മുഹ്തജ് പറഞ്ഞു. 

ഫർഖുണ്ട മുഹ്തജ് , കാനഡയിലെ ഒരു പ്രാദേശിക സർവകലാശാലയിൽ അസിസ്റ്റന്‍റ് സോക്കർ കോച്ചായി ജോലി ചെയ്യുകയാണ്.  അവിടെ ഇരുന്നാണ് മുഹ്താജ് ' ഓപ്പറേഷൻ സോക്കർ ബോൾസ്'  (Operation Soccer Balls) എന്ന് പേരിട്ട രഹസ്യസ്വഭാവം നിലനിര്‍ത്തിയ ഒഴിപ്പിക്കല്‍ തുടര്‍ന്നത്. 

വനിതാ ഫുട്ബോള്‍ താരങ്ങളെ പോര്‍ച്ചുഗല്ലില്ലെത്തിക്കുന്നത് വരെ എല്ലാ കളിക്കാരുമായും അവര്‍ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മൊത്തം 80 പേരെ ഇത്തരത്തില്‍ അഫ്ഗാനിന് വെളിയിലെത്തിക്കാന്‍ കഴിഞ്ഞെന്നും അവര്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. ഈ സംഘത്തില്‍ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. 

പോര്‍ച്ചുഗല്ലില്‍ വനിതാ ടീമംഗങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവരെ സ്വീകരിക്കാനായി ഫർഖുണ്ട മുഹ്തജ് എത്തിയിരുന്നു. പലര്‍ക്കും തങ്ങളുടെ കരച്ചിടയ്ക്കാനായില്ല. 

"തങ്ങള്‍ ഒരുപാട് വെല്ലുവിളികൾ നേരിട്ടു.  എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. " 25-കാരനായ സാക്കി റാസ പറഞ്ഞു. മൂന്ന് ദിവസം കാബൂള്‍ വിമാനത്താവളത്തില്‍പ്പെട്ടു കിടന്നു. പോര്‍ച്ചുഗല്ലില്‍ എത്തിയതില്‍ ഏറെ സന്തോഷം തോന്നുന്നു. പഠനം തുടരണം സാക്കി പറയുന്നു. "ഭാവിയെ കുറിച്ച് നിരവധി ആശങ്കകളുണ്ട്. ഏങ്കിലും ഞങ്ങള്‍ സുരക്ഷിതരാണെന്നതാണ് പ്രധാനം" സാക്കി പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!