40 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിയുടെ പിഴവ് മുതലെടുത്ത ബോറിസ് ആണ് വലകുലുക്കിയത്.
കൊച്ചി: സ്വന്തം മൈതാനത്ത് ആരാധകരുടെ മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐ എസ് എൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ് സി ഗോവ, ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് മുന്നേയായിരുന്നു മഞ്ഞപ്പടയുടെ ആരാധകരുടെ ഹൃദയം തകർത്ത ഗോൾ പിറന്നത്. 40 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്‍റെ പിഴവ് മുതലെടുത്ത ബോറിസ് ആണ് വലകുലുക്കിയത്.
First Goal = Boris brilliance 🙌
Keep watching LIVE on & -3 👈 pic.twitter.com/sSFjP1AFEP
വലതുവിങ്ങിൽ സഹിൽ ടവോറയിൽനിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. വലതുവിങ്ങിൽ നിന്നുള്ള ക്രോസ് മുന്നിൽക്കണ്ട് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഗോവൻ താരങ്ങളെ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശ്രമിക്കുന്നതിനിടെയാണ് ഗോളിക്ക് പിഴച്ചത്. ബോക്സിനുള്ളിൽ കടന്ന് ബോറിസ് പന്ത് പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കുകയായിരുന്നു. ഡൈവ് ചെയ്ത ഗോൾകീപ്പർ സച്ചിൻ സുരേഷിലേക്ക് പന്ത് എത്തിയെങ്കിലും, കയ്യിൽ തട്ടി പന്ത് വലയിലേക്ക് കുതിക്കുകയായിരുന്നു. ഗോൾ വീണതോടെ തിരിച്ചടിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ലക്ഷ്യബോധത്തിലെ പോരായ്മ തിരിച്ചടിയായി. ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ മാത്രം ടീമിനു സാധിച്ചില്ല.
വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയ ഗോവ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് കളികളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയുമാണ് ഗോവയ്ക്കുള്ളത്. ഇന്നത്തെ ജയത്തോടെ 15 പോയിന്റുമായാണ് എഫ് സി ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. പഞ്ചാബ് എ ഫ്‍സിക്കും 15 പോയിന്റാണെങ്കിലും ഗോൾ ശരാശരിയിലെ മികവിലാണ് അവർ മുന്നിൽ നിൽക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനാകട്ടെ 10 കളികളില്‍ നിന്ന് 11 പോയിന്‍റ് മാത്രമാണുള്ളത്. സീസണിലെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മഞ്ഞപ്പട നിലവിൽ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ അഞ്ചാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് വഴങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം