'പാവക്കൂത്ത്' എന്ന രസകരമായ വീക്ക്‍ലി ടാസ്‍കാണ് ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് നല്‍കിയത്. ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ഉണ്ടാകും. ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി 'ഡോള്‍ വീട്ടില്‍' പാവ വയ്ക്കണം. എന്നാല്‍ പാവ വയ്ക്കാന്‍ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തില്‍ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാന്‍ പാടില്ല.
അതായത് ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കണോ മുന്നില്‍ എത്തിക്കണോ എന്നത് മറ്റൊരു വീട്ടിലെ അംഗത്തിന്‍റെ മനസ് പോലെയാണ്. അവസാനം ഈ ടാസ്‍കില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ക്യാപ്റ്റന്‍ ടാസ്‍കിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നതിനാലാല്‍ വീട്ടിലെ സൗഹൃദവും ഇതില്‍ നിര്‍ണായകമായിരുന്നു.
ടാസ്‍കിന്‍റെ ആദ്യഘട്ടത്തില്‍ പുറത്തായത് അഖില്‍ മാരാരാണ്. അഖിലിന്‍റെ പാവ സ്വന്തം കൈയ്യില്‍ കിട്ടിയിട്ടും മനപൂര്‍വ്വം അത് താന്‍ 'ഡോള്‍ ഹൗസി'ല്‍ വൈകി എത്തിച്ചുവെന്ന് ശോഭ തുറന്നു പറഞ്ഞു. അതിന് കാരണമായി ശോഭ പറഞ്ഞത് മാരാര്‍ രണ്ട് തവണ ക്യാപ്റ്റനായി, ഇപ്പോഴത്തെ ക്യാപ്റ്റന്‍സിയില്‍ ഒട്ടും തൃപ്‍തിയില്ലാ എന്നുമാണ്.
ഇത് പോലെ തന്നെ ബിഗ്ബോസ് വീട്ടിലെ ഏറ്റവും വലിയ കൂട്ടായ സാഗറും ജുനൈസും ഈ ടാസ്‍കിന്‍റെ പേരില്‍ തെറ്റുന്നതും കാണാമായിരുന്നു. തന്നെ സാഗര്‍ മനപൂര്‍വ്വം പുറത്താക്കാന്‍ ശ്രമിച്ചുവെന്നാണ് ജുനൈസ് ആരോപിച്ചത്. അതായത് ജുനൈസിന്‍റെ പാവ എടുത്ത സാഗര്‍ നിയമം തെറ്റിച്ചതിന്‍റെ ഭാഗമായി പുറത്ത് പോവുകയായിരുന്നു. ഇതിന്‍റെ പേരില്‍ ജുനൈസും സാഗറും പലതവണ തെറ്റുന്നതും വീട്ടില്‍ കാണാമായിരുന്നു. എന്നാല്‍ ഒടുക്കം ജുനൈസ് ഇതില്‍ മാപ്പ് പറഞ്ഞു.
ദേവു, ശ്രുതി, വിഷ്‍ണു എന്നിവര്‍ തമ്മിലും 'പാവക്കൂത്തി'നെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ടാസ്‍കിനുള്ള സൈറണ്‍ മുഴുങ്ങിയത്. ഓടിപിടിച്ച് എല്ലാവരും പാവകൾ കൊണ്ടുവയ്ക്കുന്നതിനിടെ ബോക്സിൽ നിന്നും ശ്രുതി പാവ എടുത്തപ്പോൾ വിഷ്‍ണു അത് പിടിച്ച് വലിച്ചു. ദേവുവും കൂടി ചേർന്ന് വിഷ്‍ണുവിൽ നിന്നും പാവ എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ വിഷ്‍ണുവിന്റെ പാവ സ്ലോട്ടിനകത്ത് വയ്ക്കാൻ കൊണ്ടുപോയെന്ന് മിഥുൻ പറഞ്ഞതോടെയാണ് വിഷ്‍ണു പാവ വിട്ടത്. അപ്പോഴേക്കും ദേവുവിനും ശ്രുതിക്ക് പാവ വയ്ക്കാൻ സാധിക്കാതെ വരികയും ഔട്ട് ആകുകയും ചെയ്‍തു. ഇത് വലിയ തർക്കത്തിനാണ് വഴിവച്ചത്.
അവന് മത്സരിച്ച് ജയിച്ചൂടെ എന്ന് പറഞ്ഞ് ശ്രുതി ശബ്‍ദം ഉയർത്തുകയായിരുന്നു. തണ്ടും തടിയും ആരോഗ്യവും ഉണ്ടല്ലോ വൃത്തിക്ക് കളിച്ചൂടെ എന്ന് പറഞ്ഞ് ദേവുവും തർക്കത്തിലേർപ്പെട്ടു. മിഥുനാണ് വിഷ്‍ണുവിന് വേണ്ടി മത്സരിച്ചതെന്നതിനാല്‍ അതുകൊണ്ട് തന്നെ മിഥുനോടായിരുന്നു ദേവുവിന്റെ സംസാരം മുഴുവനും ഇതെല്ലാം കേട്ട് കൂളായി നിൽക്കുന്ന വിഷ്‍ണുവിനെ ആണ് പിന്നീട് ബിബി ഹൗസിൽ കാണാൻ സാധിച്ചത്. വളരെ ഇമോഷണലായാണ് ശ്രുതി ഇതിനോട് പ്രതികരിച്ചത്. ഉച്ചത്തിൽ കരയുകയും ചെയ്യുന്നത് കാണാമായിരുന്നു.
ഷിജു പാവ എടുത്തെങ്കിലും അത് സെറീനയുടേതായതിനാല്‍ തട്ടിപ്പറിച്ച് റെനീഷ ഓടി. തന്റെ പാവ ബാക്കിയാകുകയും ടാസ്‍കില്‍ നിന്ന് പുറത്തായതിനാലും ഷിജു റെനീഷയോടെ ക്ഷുഭിതനാകുകയും ചെയ്‍തു. എന്നാല്‍ സെറീന കാരണം താൻ പുറത്തായെങ്കിലും റെനീഷ ആശ്വസിപ്പിക്കുകയായിരുന്നു. നോമിനേഷനില്‍ വരട്ടെ എങ്ങനെയാണ് പ്രേക്ഷകര്‍ തന്നെ വിലയിരുത്തുന്നത് എന്ന് അറിയാമല്ലോയെന്നാണ് റെനീഷ പറഞ്ഞത്.
തുടര്‍ന്ന് സാഗര്‍ തന്റെ ജീവിത കഥ പറയുന്ന സെഷനായിരുന്നു. വളരെ പക്വതയോടെ ആയിരുന്നു സാഗര്‍ സ്വന്തം ജീവിത കഥ പറഞ്ഞത്. തൃശൂരാണ് നാട്. വീട്ടിൽ അച്ഛൻ, അനിയൻ, അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് തന്റെ അമ്മൂമ്മയാണ് വീട്ടിൽ വന്ന് നിൽക്കുന്നത്. ഒരു മാജിക് പോലെയാണ് എന്റെ ലൈഫ് പോകുന്നത്. ഹാർഡ് വർക്ക് ചെയ്യുന്നൊരാളാണ് ഞാൻ. വീട്ടുകാരെ അടിപൊളിയായി നോക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ വീട്ടിൽ വലിയൊരു ഹോപ് നൽകുന്നൊരു വ്യക്തി ഉണ്ടായിരുന്നു. ആള് പറഞ്ഞു പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് പഠിക്കാൻ. നാട്ടിൽ അഡ്‍മിഷൻ കിട്ടാത്തത് കൊണ്ട് കോയമ്പത്തൂരിലാണ് ഞാൻ ജോയിൻ ചെയ്‍ത്ത്. രണ്ട് മാസം ആയിട്ടും എനിക്ക് ഒന്നും മനസിലായില്ല. കാരണം ഇവിടെ മലയാളം മീഡിയത്തിൽ നിന്നും പോയി അവിടെ മുഴുവൻ ഇംഗ്ലീഷ് ആയപ്പോൾ ഒരുപിടിയും കിട്ടിയില്ല. ഫസ്റ്റ് സെമ്മിൽ തന്നെ എട്ട് നിലയിൽ പൊട്ടി. പഠിപ്പ് നിർത്തി പോയ്ക്കോ എന്ന് ഒപ്പമുള്ളവരും പറഞ്ഞു. അച്ഛനോട് വിളിച്ച് ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കോഴ്‍സ് കപ്ലീറ്റ് ആയാല്‍ മതി വേറെ സീനൊന്നും ഇല്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഒത്തിരി പേപ്പറുകൾ എഴുതി എടുക്കാൻ ഉണ്ടായിരുന്നു. നാലാം വർഷം അത് മുഴുവൻ കംപ്ലീറ്റ് ചെയ്‍തു. എന്ലലൈഫിൽ എന്ത് പറ്റില്ല എന്ന് പറഞ്ഞാലും അത് ഏറ്റെടുക്കാൻ ഭയങ്കര താല്‍പര്യം ആയിരുന്നു. ലൈഫിൽ ഹോപ് തന്ന വ്യക്തിയുടെ അടുത്ത് ഞാൻ വീണ്ടും പോയി. എഞ്ചിനീയറിംഗ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ കുറച്ചൂടെ പഠിക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ എം ടെക് പഠിച്ചു.
അങ്ങനെ വീണ്ടും താൻ രണ്ട് വർഷം വേറൊരു കോഴ്‍സു പഠിച്ച് കെട്ട് കണക്കിന് സർട്ടിഫിക്കറ്റുമായി ഞാൻ അയാളുടെ അടുത്ത് പോയപ്പോൾ നി വേറെ വല്ല പണിക്കും പോ എന്ന് പറഞ്ഞ് വിട്ടു. തളർന്ന് പോയി താൻ അപ്പോള്‍. മൈന്റ് ഒന്ന് ചിൽ ആക്കാൻ വേണ്ടിയാണ് ഞാൻ അഭിനയം പഠിക്കാൻ പോയത്. ഒത്തിരി ഒഡിഷനുകൾ അറ്റന്റ് ചെയ്‍തു. ജൂനിയർ ആർട്ടിസ്റ്റ് ആയി കുറേ പടത്തിൽ അഭിനയിക്കാൻ പോയി. ഒന്നും കിട്ടാതായതോടെ നെഗറ്റീവ് അടിക്കാൻ തുടങ്ങി. റിസ്‍കാണെന്ന് മനസിലായി. ഇവിടം വിട്ട് ഓസ്ട്രേലിയയിൽ പോകാൻ തീരുമാനിച്ചു. ആ സമയത്താണ് ഒരു പരിപാടിയുടെ ഒഡിഷൻ കാര്യങ്ങൾ സുഹൃത്ത് എനിക്ക് അയച്ച് തന്നത്. അങ്ങനെ അതിൽ വിളിച്ചു. അങ്ങനെയാണ് 'തട്ടീം മുട്ടീ'ലും എത്തുന്നത്. ഫസ്റ്റ് എപ്പിസോഡ് കണ്ടിട്ട് അമ്മ കയ്യടിക്കുന്ന നിമിഷം ഇപ്പോഴും ഓർമയുണ്ട്.
'അനിയത്തിപ്രാവ്' എന്ന സിനിമ പോലെ ആയിരുന്നു അച്ഛനും അമ്മയും. അത്രയും പ്രണയം ആയിരുന്നു അവര്‍. അപ്പോഴൊക്കെ അമ്മയോട് പറയും എന്റെ സിനിമ ഓരുമിച്ച് പോയി കാണണം എന്നൊക്കെ. പക്ഷേ അതിന് എനിക്ക് സാധിച്ചില്ല. ഒരു വാത സംബന്ധമായ അസുഖമൊക്കെ അമ്മയ്ക്ക് വന്നു. പെട്ടെന്ന് ആയിരുന്നു അമ്മയുടെ മരണം. എന്റെ കൺമുന്നിൽ വച്ചായിരുന്നു ആ ഒരു വെപ്രാളമൊക്കെ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ബിഗ് ബോസിലേക്ക് ഞാൻ വരാനുള്ള പ്രധാന കാരണം അമ്മയാണ്. അതിന് കാരണം 'തട്ടീം മുട്ടീം' നടന്നാലും അമ്മ കാണുന്നത് ബിഗ് ബോസ് ആയിരിക്കും. ഒരിക്കൽ ബിഗ് ബോസിൽ ഞാൻ വരുമെന്ന് പറയുമായിരുന്നു. പിന്നെ നിന്നെ കൊണ്ടോന്നും പറ്റില്ലെന്ന് അമ്മ പറയുമായിരുന്നു. അമ്മയുടെ കുറച്ച് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതിന് വേണ്ടിയാണ് താൻ ഈ ഷോയിൽ വന്നത്. അല്ലെങ്കിൽ ഞാൻ ഷോയില്‍ വരില്ലായിരുന്നു.
അമ്മയുടെ പ്രസൻസ് എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് പതിനൊന്നാം തിയതി ആണ് അമ്മ പോയത്. അന്നാണ് എന്റെ സിനിമ 'കുരുതി' റിലീസ് ചെയ്‍തതും. അമ്മയുടെ ആഗ്രഹ പ്രകാരം ഒരു ചേച്ചിക്ക് വീട് വച്ച് കൊടുക്കാൻ പറ്റി. ഞാനൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. തമിഴ് സിനിമയാണ് ചെയ്യുന്നത്. യോഗി ബാബുവിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്. ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന കാര്യവും ഇത് തന്നെയാണ്. വീട്ടുകാരെ ഹാപ്പിയാക്കാൻ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യണം എന്നാണ് തനിക്ക് വ്യക്തമാക്കാനുള്ളതെന്നും സാഗര്‍ എല്ലാവരോടുമായി അവസാനം പറഞ്ഞു.
സാഗര്‍ സൂര്യ തന്റെ ജീവിത കഥ പറയുമ്പോള്‍ സങ്കടം വരുന്ന വിഷ്‍ണുവിനെയും കാണാമായിരുന്നു. സാഗര്‍ സൂര്യയുടെ ജീവിത കഥ പറഞ്ഞ് തീര്‍ന്നപ്പോള്‍ പൊട്ടിക്കരയുന്ന വിഷ്‍ണുവിനെ കാണാമായിരുന്നു. ജീവിതകഥയില്‍ സാഗര്‍ പറഞ്ഞ എന്തെങ്കിലും വിഷ്‍ണുവിനെ മറ്റെന്തെങ്കിലും ഓര്‍മിപ്പിച്ചിട്ടുണ്ടാകും എന്ന് മനീഷ അടക്കമുള്ളവര്‍ പറയുന്നത് കാണാമായിരുന്നു. ഒടുവില്‍ വിഷ്‍ണു ബാത്ത്‍റൂമില്‍ പോയി പൊട്ടിക്കരയുകയും ചെയ്‍തു.
നീ വിന്നര്‍ ആയി പോകടാ ഇവിടെനിന്ന് നിന്നെ ഓര്‍ത്ത് മാതാപിതാക്കള്‍ അഭിമാനിക്കുന്നുണ്ടാകുമെന്ന് വ്യക്തമാക്കി വിഷ്‍ണുവിനെ പിന്നീട് അഖില്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
ജുനൈസ് സാഗറിനെ തെറ്റിദ്ധരിച്ചത് ശരിയായില്ലെന്ന് പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ വിഷ്‍ണു പറയുന്നതും കേള്‍ക്കാമായിരുന്നു.
സാഗര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് താൻ വിശ്വസിക്കുന്നതായി ജുനൈസ് വ്യക്തമാക്കണമെന്നായിരുന്നു വിഷ്‍ണു പറഞ്ഞത്.
എന്നാല്‍ പിന്നീട് താൻ സാഗറിനോട് തെറ്റുപറ്റിയെന്ന് പറഞ്ഞതായും എല്ലാവരും മനുഷ്യരല്ലേ എന്നും ജുനൈസ് വ്യക്തമാക്കി.