അശ്വിനും വിഹാരിയും വരുമോ? രണ്ട് മാറ്റങ്ങളുണ്ടായേക്കും; നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

First Published | Sep 2, 2021, 12:50 PM IST

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. ഓവലിലാണ് നാലാം ടെസ്റ്റ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും  ഒപ്പത്തിനൊപ്പമാണ്. ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചെങ്കിലും ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മോശം ഫോമാണ് ഇന്ത്യയെ വലയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ടീമില്‍ മാറ്റമുണ്ടായേക്കും. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, പേസര്‍ ഇശാന്ത് ശര്‍മ എന്നിവര്‍ പുറത്തായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം..

കെ എല്‍ രാഹുല്‍

ലീഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും പരാജയപ്പെട്ടെങ്കിലും രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമാണ് രാഹുല്‍. 252 റണ്‍സാണ് സമ്പാദ്യം. 

രോഹിത് ശര്‍മ

കഴിഞ്ഞ ദിവസം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു രോഹിത്. ഇംഗ്ലണ്ടില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു രോഹിത്തിന്റേത്. മൂന്ന് ടെസ്റ്റില്‍ 230 റണ്‍സ് നേടിയിട്ടുള്ള രോഹിത് രാഹുലിന് പിന്നില്‍ രണ്ടാമതുണ്ട്.


ചേതേശ്വര്‍ പൂജാര

നാലാം ടെസ്റ്റില്‍ സ്ഥാനം നഷ്ടമാവേണ്ട താരങ്ങളില്‍ ഒരാളായിരുന്നു പൂജാര. എന്നാല്‍ ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ 91 റണ്‍സ് പൂജാരയ്ക്ക് സ്ഥാനം ഉറപ്പാക്കി.

വിരാട് കോലി

ക്യാപ്റ്റന്‍ കോലിയുടെ ഫോമാണ് ഇന്ത്യയെ ഏറെ വലയ്ക്കുന്നത്. ലീഡ്‌സില്‍ നേടിയ 55 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ഇന്നിംഗ്‌സുകളില്‍ ഇതുവരെ നേടിയതാവട്ടെ 124 റണ്‍സും.

ഹനുമ വിഹാരി

വൈസ് ക്യാപ്റ്റന്‍ രഹാനെയ്ക്ക് പകരം വിഹാരി ടീമില്‍ സ്ഥാനം പിടിച്ചേക്കും. ഇതുവരെ അഞ്ച് ഇന്നിംഗ്‌സുകള്‍ കളിച്ച രഹാനെ 95 റണ്‍സ് മാത്രമാണ് നേടിയത്. 2018ല്‍ ഓവലിലായിരുന്നു വിഹാരിയുടെ അരങ്ങേറ്റം. അന്ന് 56 റണ്‍സ് നേടുകയും ചെയ്തു. ഇതുവരെ 12 ടെസ്റ്റുകളില്‍ നേടിയത് 624 റണ്‍സ്. 

റിഷഭ് പന്ത്

മോശം ഫോമിലാണ് പന്ത്. അഞ്ച് ഇന്നിംഗ്‌സുകളില്‍ ഇതുവരെ നേടിയതാവട്ടെ 87 റണ്‍സ് മാത്രം. എന്നാല്‍ കോലിയുടെ പിന്തുണ പന്തിനുണ്ട്. അതുകൊണ്ടുതന്നെ ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

രവീന്ദ്ര ജഡേജ

പന്തുകൊണ്ട് അധികമൊന്നും ചെയ്യാന്‍ ജഡേജയ്ക്ക് സാധിച്ചിട്ടില്ല. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചല്ലെന്നുള്ളത് തന്നെ കാരണം. എന്നാല്‍ വാലറ്റത്ത് ബാറ്റുകൊണ്ട്് നിര്‍ണായക സംഭാവന നല്‍കാന്‍ ജഡേജയ്ക്ക് സാധിക്കുന്നുണ്ട്. 2018ല്‍ ഓവല്‍ ടെസ്റ്റില്‍ ജഡേജയ്ക്ക് ഏഴ് വിക്കറ്റ് വീഴ്ത്താനായിരുന്നു.

ആര്‍ അശ്വിന്‍

ലീഡ്‌സില്‍ സ്പിന്നിനെ പിന്തുണയ്ക്കുന്ന ട്രാക്കായതിനാല്‍ രണ്ട് സ്പിന്നറെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. അശ്വിനാവട്ടെ ബാറ്റിംഗിലും മികവ് പുലര്‍ത്താനാവും. അശ്വിന്‍ വരുന്നതോടെ ഇശാന്ത് പുറത്താവും. 

മുഹമ്മദ് ഷമി

11 വിക്കറ്റുകളാണ് മൂന്ന് ടെസ്റ്റുകളില്‍ ഷമി വീഴ്ത്തിയത്. കഴിഞ്ഞ ടെസ്റ്റില്‍ നാല് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തു. 

ജസ്പ്രിത് ബുമ്ര

പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ രണ്ടാമതാണ് ബുമ്ര. മൂന്ന് ടെസ്റ്റില്‍ 14 വിക്കറ്റാണ് സമ്പാദ്യം. 

മുഹമ്മദ് സിറാജ്

സിറാജ് ഇതുവരെ നേടിയത് 13 വിക്കറ്റുകള്‍. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്.

Latest Videos

click me!