'ചാറ്റ് ചെയ്തത് വ്യാജ ഐഡിയിൽ, സ്വവര്‍ഗാനുരാഗിയാണെന്ന് വീഡിയോ'; കാക്കനാട്ടെ ഡേറ്റിംഗ് ആപ്പ് കെണി വൻ ആസൂത്രിതം

By Web Team  |  First Published Dec 15, 2024, 8:12 AM IST

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറയണമെന്ന് യുവാവിനെ ഇവർ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നപ്പോള്‍ വീണ്ടും തല്ലി.


കൊച്ചി: എറണാകുളം കാക്കനാട്ട് യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണമെന്ന് പൊലീസ്. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച് വീഡിയോ എടുത്തായിരുന്നു സംഘത്തിന്‍റെ ഭീഷണിയെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് കേസിൽ ആറ് യുവാക്കളെ പൊലീസ് പിടികൂടിയത്. 

കോഴിക്കോട് സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശികളായ ഫര്‍ഹാന്‍, അനന്തു, സിബിനു സാലി, കണ്ണൂര്‍ സ്വദേശികളായ റയാസ്, മന്‍സില്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തിയായിരുന്നു തട്ടിപ്പ് ശ്രമം. ഡേറ്റിംഗ് ആപ്പിലൂടെ വ്യാജ ഐഡിയില്‍ നിന്ന് ചാറ്റിംഗ് നടത്തിയ സംഘം യുവാവിനെ അവര്‍ താമസിച്ച വീടിനു സമീപത്തേക്ക്  വിളിച്ചു വരുത്തി. വെളുപ്പിനെയാണ് ആറ് പേർ ചേർന്ന് 27കാരനായ യുവാവിനെ പടമുകളിലേക്ക് വിളിച്ചു വരുത്തുകയും ബൈക്കിന്‍റെ താക്കോൽ ഊരി എടുക്കുകയും ചെയ്തത്. പിന്നീട് മര്‍ദിച്ച് ഫോണ്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

Latest Videos

തുടര്‍ന്ന് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറയണമെന്ന് യുവാവിനെ ഇവർ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നപ്പോള്‍ വീണ്ടും തല്ലി. ഭയന്ന യുവാവ് പ്രാണരക്ഷാര്‍ഥം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞു. പിന്നീട് ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇല്ലെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. പേടിച്ച യുവാവ് സംഭവം  വീട്ടില്‍ അറിയിച്ചു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും പ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു.  തുതിയൂരിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Read More : അനുവും നിഖിലും നവദമ്പതികൾ, വിവാഹം കഴിഞ്ഞിട്ട് 15 ദിവസം, മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം

click me!