എക്സിബിഷന്‍ ക്യുറേറ്ററാണ് ഈ സംഭവത്തെ കുറിച്ച് പിന്നീട് വെളിപ്പെടുത്തിയത്. ഡിസംബറിൽ യെക്കാറ്റെറിൻബർഗിലെ യെൽസിൻ സെന്റർ സന്ദർശിച്ച രണ്ടുപേരാണ്, അന്ന ലെപോർസ്കായയുടെ സൃഷ്ടിയായ 'ത്രീ ഫിഗേഴ്സി'ൽ ബോൾപോയിന്റ് പേന കൊണ്ട് രണ്ട് കണ്ണുകള്‍ വരച്ചു ചേർത്തിരിക്കുന്നതായി കണ്ടത്.
കണ്ണില്ലാത്തതാണ് ഈ സോവിയറ്റ് യുഗത്തില്‍ നിന്നുള്ള പെയിന്‍റിംഗ്. കണ്ണുകള്‍ വരച്ചു ചേര്‍ത്തത് ശ്രദ്ധയില്‍ പെട്ടതോടെ സുരക്ഷാ ജീവനക്കാരനെ പുറത്താക്കുകയും പൊലീസ് ക്രിമിനൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒരു സ്വകാര്യ സെക്യൂരിറ്റി ഓർഗനൈസേഷനാണ് ഈ സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചത് എന്ന് യെൽസിൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സാണ്ടർ ഡ്രോസ്ഡോവ് പ്രസ്താവനയിൽ പറഞ്ഞു.
സെക്യൂരിറ്റി ഗാർഡിന്റെ ജോലിയിലെ ആദ്യദിനം കൂടിയായിരുന്നു ഇത്, എക്സിബിഷൻ ക്യൂറേറ്റർ അന്ന റെഷെറ്റ്കിന റഷ്യൻ വെബ്‌സൈറ്റായ ura.ru-നോട് പറഞ്ഞു. “സെക്യൂരിറ്റി ജീവനക്കാരന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നത് ഇപ്പോഴും അജ്ഞാതമാണ്. പക്ഷേ, ഇത് ഒരുതരം വിവേകശൂന്യതയാണെന്ന് അധികൃതര്‍ വിശ്വസിക്കുന്നു” അവർ പറഞ്ഞു. യെല്‍സിന്‍ സെന്‍ററിന്‍റെ തന്നെ ബ്രാന്‍ഡഡ് പേനകളിലൊന്ന് കൊണ്ടാണ് ജീവനക്കാരന് പെയിന്‍റിംഗിന് കണ്ണുകള്‍ വരച്ചു ചേര്‍ത്തത്. ഭാഗ്യവശാൽ, ഇയാള്‍ ക്യാൻവാസിൽ പേന ഉപയോഗിച്ച് ശക്തമായ സമ്മർദ്ദം ചെലുത്തിയില്ല, അതുകൊണ്ട് തന്നെ പെയിന്‍റിംഗിന് ആഴത്തില്‍ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
എന്നാൽ, പെയിന്റിംഗിലെ ഇടതുവശത്തെ മുഖത്തെ പെയിന്റ് പാളിക്ക് ചെറുതായി കേടുപാടുകള്‍ സംഭവിച്ചതായി പറയുന്നു. നാശനഷ്ടം ആദ്യമായി പൊലീസിൽ റിപ്പോർട്ട് ചെയ്തത് ഡിസംബർ 20 -നാണ്. എന്നാൽ, ക്രിമിനൽ അന്വേഷണം ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം ആദ്യം വിസമ്മതിച്ചു. എന്നാൽ, സാംസ്കാരിക മന്ത്രാലയം തീരുമാനത്തെക്കുറിച്ച് പിന്നീട് പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസിൽ പരാതിപ്പെട്ടു, കഴിഞ്ഞ ആഴ്ച പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, കുറ്റകൃത്യത്തിൽ സംശയിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന് പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും.
മോസ്കോയിലെ സ്റ്റേറ്റ് ട്രെത്യാക്കോവ് ഗാലറിയിലേക്ക് പെയിന്റിംഗ് തിരികെ നൽകി. അവിടെ നിന്നുമാണ് അത് യെൽസിൻ ഗാലറിയിലേക്ക് കടം നൽകിയിരുന്നത്. കണ്ണുകള്‍ വരച്ചുവച്ച ശേഷം അത് പുനഃസ്ഥാപിക്കുന്നതിന് 250,000 റൂബിൾസ് (£2,468; $3,345) ചെലവ് വന്നതായി കണക്കാക്കുന്നു. യെൽസിൻ സെന്ററിന്റെ എക്സിബിഷനിലെ മറ്റ് വർക്കുകൾക്ക് മുകളിൽ സംരക്ഷണ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
1920 -കളിൽ കലാലോകത്തെ കൊടുങ്കാറ്റിലേക്ക് നയിച്ച അവന്റ്-ഗാർഡ് പ്രസ്ഥാനം വികസിപ്പിച്ച പ്രശസ്ത കലാകാരന്‍ കാസിമിർ മാലെവിച്ചിന്റെ വിദ്യാർത്ഥിയായിരുന്നു ലെപോർസ്കായ. വൈകാതെ തന്നെ പെയിന്‍റിംഗുകള്‍ കൊണ്ടും മറ്റും അവര്‍ പ്രശസ്തയായി. അവരുടെ സൃഷ്ടികൾ റഷ്യയിലുടനീളമുള്ള വിവിധ മ്യൂസിയങ്ങളിൽ കാണാം.1991 മുതൽ 1999 വരെ അധികാരത്തിലിരുന്ന റഷ്യയുടെ ആദ്യ പ്രസിഡന്റ് ബോറിസ് യെൽറ്റ്‌സിന്റെ പേരിലാണ് യെൽറ്റ്‌സിൻ സെന്‍റര്‍ അറിയപ്പെടുന്നത്.