മാസ്‌ക്, ഭയം, ലോക്ക്ഡൗണ്‍, ഗള്‍ഫ് യുദ്ധകാലത്തെ സൗദിയുടെ കാഴ്ചകള്‍
First Published | Apr 28, 2020, 5:09 PM ISTകൊറോണക്കാലത്ത് ഗള്‍ഫ് യുദ്ധ കാലത്തെ സൗദി ജീവിതം ഓര്‍ക്കുമ്പോള്‍. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ, സദാ സമയം രാസായുധ മാസ്‌കും ധരിച്ചുള്ള നടപ്പ്. ഏതു സമയത്തും സദ്ദാമിന്റെ മിസൈല്‍ വരുമെന്ന ഭീതിയില്‍ ജീവിച്ച സൗദി ദിനങ്ങള്‍. അന്ന് സൗദിയില്‍ ഡോക്ടറായിരുന്ന ഡോ. സലീമ ഹമീദ് ഓര്‍ക്കുന്നു:
കോവിഡ് കാലത്താണ് ലോക്ക്ഡൗണ്‍ എന്ന വാക്ക് നമുക്കിടയില്‍ വേരുറച്ചത്. എന്നാല്‍, വീടുകള്‍ക്കുള്ളില്‍ അടഞ്ഞുപോയ ഒരു ലോക്ക്ഡൗണ്‍ കാലം സൗദി അറേബ്യയുടെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ്, ഏത് നിമിഷവും എത്താവുന്ന മിസൈലുകളെ ഭയന്നു കഴിഞ്ഞ നാളുകള്‍. കൊറോണക്കാലത്ത് നിന്നും ആ കാലം ഓര്‍ക്കുമ്പോള്‍ അവ തമ്മിലുള്ള സമാനതകള്‍ ഏറെയാണ്.
1990-91 -ല്‍ ഗള്‍ഫ് യുദ്ധകാലത്തായിരുന്നു ഞങ്ങളുടെ ഐസോലേഷന്‍ കാലം. ജോലിയുടെ ഭാഗമായി ഞങ്ങളന്ന് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ താമസം. സൗദി എണ്ണയുടെ പ്രധാന കയറ്റുമതി കേന്ദ്രവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനി ആയ ആരാംകോയുടെ ഭരണ സിരാകേന്ദ്രവുമാണ് രാസ് തനൂര. ഇതിനോട് ചേര്‍ന്നുഉള്ള റഹീമ എന്ന ചെറിയ പട്ടണത്തിലാണ് ആണ് ഭര്‍ത്താവും മകളും അടങ്ങിയ കുടുംബം താമസിച്ചിരുന്നത്.
1990 ഓഗസ്റ്റ് രണ്ടിന് ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ കുവൈറ്റ് പിടിച്ചടക്കി ഇറാഖിനോട് ചേര്‍ത്തു. അതോടെ ധാരാളം കുവൈറ്റികള്‍ സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്തു. തുടര്‍ന്ന് അമേരിക്കയില്‍ നിന്നും മറ്റു സഖ്യരാഷ്ട്രങ്ങളില്‍ നിന്നും നിന്നുമുള്ള സൈന്യം സൗദിയുടെ സംരക്ഷണത്തിനായി അവിടെ എത്തി.