മുനമ്പത്തെ ഭൂമി വഖഫെന്ന് ആവ‍ർത്തിച്ച് സംരക്ഷണ സമിതി; ഫറൂഖ് കോളേജ് മാനേജ്മെൻ്റിനെതിരെ വിമർശനം

By Web Team  |  First Published Nov 22, 2024, 3:17 PM IST

മുനമ്പത്തെ ഭൂമി വിവാദത്തിൽ ഫാറൂഖ് കോളേജ് മാനേജ്മെൻ്റിനെതിരെ വഖഫ് സംരക്ഷണ സമിതി വീണ്ടും നിലപാടെടുത്തു


കോഴിക്കോട്: മുനമ്പം ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി വിൽപ്പന നടത്താൻ അനുവാദമില്ല. നിയമ വിരുദ്ധമായി ഭൂമി വിൽപ്പന നടത്തിയതിൽ ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ മറുപടി പറയണമെന്നും സംരക്ഷണ സമിതി ഭാരവാഹി അൽത്താഫ് ഇന്ന് കോഴിക്കോട് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു.

സാങ്കേതിക പ്രശ്നമല്ല വലുത് വഖഫാണെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് എല്ലാവ‍ർക്കും മനസിലായതാണ്. ഇക്കാര്യത്തിൽ ഫറൂഖ് കോളേജ് ഇതുവരെയായിട്ടും സംസാരിച്ചിട്ടില്ല. ഫാറൂഖ് കോളേജിൻ്റെ വഖഫ് ഭൂമി വേറെയും അന്യാധീനപ്പെട്ടിട്ടുണ്ടെന്നും അൽത്താഫ് പറഞ്ഞു. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ഇന്ന് പരിഗണിച്ചിരുന്നു. കേസിൽ വഖഫ് സംരക്ഷണ സമിതിയും ഫാറൂഖ് കോളേജിന് ഭൂമി വിട്ടുനൽകിയ സത്താർ സേഠിൻ്റെ കുടുംബവും ഇന്ന് ട്രൈബ്യൂണലിൽ ഹാജരായി കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടു. കേസ് ഡിസംബർ ആറിന് പരിഗണിക്കാനായി മാറ്റി.

Latest Videos

undefined

ഫാറൂഖ് കോളജ് മാനേജ്മെന്‍റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി 2019ല്‍ വഖഫ് ബോർഡ് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെന്‍റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വില്‍പന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നതാണ് ഫാറൂഖ് കോളജിന്‍റെ വാദം. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍  തീരുമാനത്തിലെത്തുക. അതിനിടെ ഇന്ന് കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ജില്ലാ ജഡ്ജി കൂടിയായ ട്രൈബ്യൂണൽ ചെയ‍ർമാൻ വിലക്കിയിരുന്നു. കോടതി നടപടികൾ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ വ്യക്തമാക്കി.

click me!