യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ വാട്ട്സ്ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുന്ന സേവനങ്ങൾക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു.
യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ യുപിഐ ആപ്പുകൾ ഉപയോഗിച്ചും വാട്ട്സ്ആപ്പിലൂടെ പണമിടപാടുകൾ നടത്താം. വാട്ട്സാപ്പ് വഴി ഇന്ത്യൻ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്തുക എന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാകുമെന്ന് സാരം.
നിലവിൽ വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് ഇനി മുതൽ വെരിഫൈഡ് അക്കൗണ്ട് നൽകുമെന്നും മെറ്റ അറിയിച്ചു. വെരിഫൈഡ് ബാഡ്ജ് ഈ അക്കൗണ്ടുകൾക്കുണ്ടാവും. ഇവർക്ക് മെറ്റയുടെ പ്രത്യേക സപ്പോർട്ടും ലഭിക്കും. വ്യാജ അക്കൗണ്ടുകൾ തടയുമെന്നതും ഇതിന്റെ മെച്ചമാണ്. ഉപഭോക്താക്കൾക്ക് വാണിജ്യ സ്ഥാപനങ്ങളെ വളരെ എളുപ്പം കണ്ടെത്താനും ഇതിലൂടെ സൗകര്യം ഒരുക്കും. കസ്റ്റം വെബ് പേജ്, കൂടുതൽ മൾടി ഡിവൈസ് സപ്പോർട്ട് എന്നിവയും ഉണ്ടാകും.വാട്ട്സ്ആപ്പ് ഫ്ളോസ് എന്ന പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യാനുസരണം ചാറ്റുകൾ കസ്റ്റമൈസ് ചെയ്യാനവസരമുണ്ടാകും.
കഴിഞ്ഞ ദിവസമാണ് ചാനലുകളുമായി വാട്ട്സാപ്പ് എത്തിയത്. വാട്ട്സ്ആപ്പ് ചാനലുകൾ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്. കൂടാതെ വാട്ട്സാപ്പിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികൾ, സ്പോർട്സ് താരങ്ങൾ, സിനിമതാരങ്ങൾ എന്നിവരുടെ അപ്‌ഡേറ്റുകൾ ചാനലുകൾ വഴി അറിയാനാകും. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും ഇതിനകം ചാനൽ ആരംഭിച്ചിട്ടുണ്ട്. വാർത്താമാധ്യമങ്ങളും വാട്ട്സ്ആപ്പിൽ ചാനലുകള്‍ തുടങ്ങിക്കഴിഞ്ഞു.
Read More : 'ഗുജറാത്തും കർണാടകയും വേണ്ട, കേരളം മതി'; മഹാരാഷ്ട്രയിൽ നിന്ന് 40 കോടിയുടെ നിക്ഷേപവുമായി ഈ കമ്പനി...