സാംസങ് നിര്‍മിക്കുന്ന പുതിയ സിഎംഒഎസ് ഇമേജ് സെന്‍സര്‍ ആയിരിക്കും ഐഫോണ്‍ 16 സിരീസില്‍ വരിക എന്ന് റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്‍റെ ചിപ്പുകള്‍ അടക്കമുള്ള വിവിധ ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം ലീക്കായിട്ടുണ്ട്. ഇപ്പോള്‍ ക്യാമറ സെന്‍സര്‍ സംബന്ധിച്ചുള്ള വിവരങ്ങളും പ്രചരിക്കുകയാണ്.
സാംസങ് നിര്‍മിക്കുന്ന പുതിയ സിഎംഒഎസ് ഇമേജ് സെന്‍സര്‍ ആയിരിക്കും ഐഫോണ്‍ 16 സിരീസില്‍ വരിക എന്നാണ് ഗാഡ്‌ജറ്റ്സ് 360യിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഫോണ്‍ 15 സിരീസില്‍ നിലവിലുള്ള സെന്‍സറിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും സാംസങ് നല്‍കുന്ന പുതിയ സെന്‍സര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത് സത്യമെങ്കില്‍ സോണിക്ക് ശേഷം ആപ്പിളിന് ക്യാമറ സെന്‍സറുകള്‍ കൈമാറുന്ന രണ്ടാമത്തെ വലിയ കമ്പനിയാവും സാംസങ്. സാംസങ് നല്‍കിയ സിഎംഒഎസ് സെന്‍സറിന്‍റെ മികവ് ആപ്പിള്‍ പരിശോധിച്ചുവരികയാണ്. സോണിയില്‍ നിന്ന് ഇമേജ് സെന്‍സറുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതാണ് പുതിയ കമ്പനി തേടാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. സോണി സെന്‍സറുകള്‍ വൈകിയതിനാല്‍ ഐഫോണ്‍ 15 സിരീസിന്‍റെ അവതരണം കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയിലായിരുന്നു.
undefined
പുതിയ സെന്‍സറിനൊപ്പം ക്യാമറ ക്വാളിറ്റിയില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാനും ആപ്പിളിന് പദ്ധതിയുണ്ട്. ഐഫോണ്‍ 16 സിരീസിലെ ഫോണുകളുടെ ക്യാമറകളിലെ മെഗാപിക്‌സലിലും മാറ്റം വന്നേക്കും. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ വൈഡ് ക്യാമറയോടെ പുതിയ 48 എംപി സെന്‍സര്‍ വരുന്നതായി സൂചനകളുണ്ട്. വെളിച്ചക്കുറവിലും കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഫോണുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ആപ്പിൾ ഇന്റലിജൻസ്) അധിഷ്ഠിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും ഐഫോണ്‍ 16 ഉപഭോക്താക്കളിലേക്ക് എത്തുക. വലിയ പ്രതീക്ഷകളാണ് ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചുള്ളത്.
Read more: 'ആപ്പിൾ ഇന്‍റലിജൻസ്'; ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം