സ്ലിം സ്‌മാര്‍ട്ട്‌ഫോണ്‍ ഇറക്കിയും ആപ്പിളുമായി കൊമ്പുകോര്‍ക്കാന്‍ സാംസങ്, ഗ്യാലക്സി എസ്25 സ്ലിം വരിക എന്നെന്ന വിവരം പുറത്ത്
ദില്ലി: ദക്ഷിണ കൊറിയന്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങിന്‍റെ വരാനിരിക്കുന്ന ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ സിരീസാണ് ഗ്യാലക്‌സി എസ്25. ഇതില്‍ 'ഗ്യാലക്സി എസ്25 സ്ലിം' എന്നൊരു മോഡല്‍ കൂടിയുണ്ടാകും. ഈ ഫോണിന്‍റെ ക്യാമറ ഫീച്ചറുകളും ലോഞ്ച് സമയവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ആഗോളവിപണിയില്‍ 2025 ജനുവരിയിലാവും സാംസങ് ഗ്യാലക്സി എസ്25 സിരീസ് പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എസ്25 സ്ലിം വൈകിയാവും വിപണിയിലേക്ക് എത്തുക. ഈ ഫോണിന്‍റെ ക്യാമറ ഫീച്ചറുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാംസങ് ഗ്യാലക്സി എസ്25 സ്ലിമ്മിന് ട്രിപ്പിള്‍-ക്യാമറ സെറ്റപ്പ് വരുമെന്നാണ് സൂചന. ഫീച്ചറുകളില്‍ ഗ്യാലക്സി എസ്25 അള്‍ട്രയുടെ താഴെയാണ് വരികയെങ്കിലും സ്ലിം മോഡല്‍ അത്ര മോശമാക്കില്ല. 200 മെഗാപിക്‌സല്‍ ഐസോസെല്‍ എച്ച്‌പി5 സെന്‍സറായിരിക്കും പ്രധാന ക്യാമറയ്ക്കുണ്ടാവുക. ഇതിനൊപ്പം 50 എംപിയുടെ ഐസോസെല്‍ ജെഎന്‍5 സെന്‍സറുകള്‍ അള്‍ട്രാ-വൈഡ്, ടെലിഫോട്ടോ ലെന്‍സുകള്‍ക്ക് വരുമെന്നും പ്രമുഖ ടിപ്‌സ്റ്ററായ സഞ്ജയ് ചൗധരി അവകാശപ്പെട്ടു. സാംസങിന്‍റെ ഓള്‍ ലെന്‍സസ് പ്രിസം (ALoP) സാങ്കേതികവിദ്യയിലാണ് സാംസങ് ഗ്യാലക്സി എസ്25 സ്ലിം എത്തുകയെന്നും സൂചനയുണ്ട്.
സാംസങ് ഗ്യാലക്സി എസ്25 സ്ലിം 2025ന്‍റെ രണ്ടാംപാദത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങാനാണ് സാധ്യത. ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടെ ഫോണ്‍ അവതരിപ്പിച്ചേക്കും. അടുത്ത വര്‍ഷം ഐഫോണ്‍ 17 സിരീസിനൊപ്പം ഒരു സ്ലിം ഫോണ്‍ ഇറക്കാന്‍ ആപ്പിള്‍ കമ്പനിക്കും താല്‍പര്യമുണ്ട്. രണ്ട് സ്മാര്‍ട്ട്ഫോണുകളും സാധ്യമായാല്‍ സ്ലിം ഫോണ്‍ വിപണിയില്‍ക്കൂടി ആപ്പിളും സാംസങും മുഖാമുഖം വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം