നെതര്‍ലന്‍ഡ്‌സിന് തിരിച്ചടി! യൂറോ കപ്പ് യോഗ്യതയില്‍ ഓറഞ്ച് പട ഇന്ന് ഗ്രീസിനെതിരെ; ഫ്രാന്‍സും ഇന്നിറങ്ങും

By Web TeamFirst Published Sep 7, 2023, 8:34 PM IST
Highlights

തോറ്റ് തുടങ്ങിയ നെതര്‍ലന്‍ഡ്‌സിന് ഗ്രീസാണ് എതിരാളികള്‍. മൂന്ന് കളിയില്‍ ആറ് പോയിന്റുളള ഗ്രീസ് രണ്ടും രണ്ട് കളിയില്‍ മൂന്ന് പോയിന്റുള്ള നെതര്‍ലന്‍ഡ് നാലും സ്ഥാനത്ത്.

ആംസ്റ്റര്‍ഡാം: യൂറോകപ്പ് യോഗ്യതാ മത്സരങ്ങളും ഇന്ന് പുനരാരംഭിക്കും. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, പോളണ്ട് തുടങ്ങിയ ടീമുകള്‍ക്ക് മത്സരമുണ്ട്. യുറോ കപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് കിലിയന്‍ എംബാപ്പേയുടെ ഫ്രാന്‍സ്. രാത്രി പന്ത്രണ്ടേകാലിന് തുടങ്ങുന്ന കളിയില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക് ഡെസ് പ്രിന്‍സസിലാണ് മത്സരം. ഡബ്ലിനില്‍ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഫ്രാന്‍സ് ബെഞ്ചമിന്‍ പാവാദിന്റെ ഒറ്റഗോളിന് അയര്‍ലന്‍ഡിനെ തോല്‍പിച്ചിരുന്നു. 

ഇതിന് പകരംവീട്ടാനാണ് അയര്‍ലന്‍ഡ് എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. എംബാപ്പേയ്‌ക്കൊപ്പം ജിറൂഡ്, ഗ്രീസ്മാന്‍, കോമാന്‍, കാമവിംഗ, റാബിയോ തുടങ്ങിയവര്‍കൂടി ഇറങ്ങുമ്പോള്‍ അയര്‍ലന്‍ഡിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. തോറ്റ് തുടങ്ങിയ നെതര്‍ലന്‍ഡ്‌സിന് ഗ്രീസാണ് എതിരാളികള്‍. മൂന്ന് കളിയില്‍ ആറ് പോയിന്റുളള ഗ്രീസ് രണ്ടും രണ്ട് കളിയില്‍ മൂന്ന് പോയിന്റുള്ള നെതര്‍ലന്‍ഡ് നാലും സ്ഥാനത്ത്. മെംഫിസ് ഡിപേയടക്കം ഏഴ് താരങ്ങള്‍ക്ക് പരിക്കേറ്റത് നെതര്‍ലന്‍ഡ്‌സിന് തിരിച്ചടിയാണ്. 

Latest Videos

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ട് രണ്ടാം ജയംലക്ഷ്യമിട്ട് ഗ്രൂപ്പ് ഇയില്‍ ഫറോ ഐലന്‍ഡ്‌സിനെ നേരിടും. മൂന്ന് കളിയില്‍ മൂന്ന് പോയിന്റുള്ള പോളണ്ട് നാലും ഒരു പോയിന്റുള്ള ഫറോ ഐലന്‍ഡ്‌സ് അഞ്ചും സ്ഥാനത്ത്. യൂറോ കപ്പിന് യോഗ്യത നേടാന്‍ രണ്ടുകളി തോറ്റ പോളണ്ടിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. ഗ്രൂപ്പ് എച്ചില്‍ ഡെന്‍മാര്‍ക്കിന് സാന്‍ മാരിനോയാണ് എതിരാളികള്‍.

അര്‍ജന്റീന നാളെയിറങ്ങും

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യാതാ റൗണ്ട് മത്സരങ്ങള്‍ക്ക് ഒരുങ്ങി അര്‍ജന്റീന. ലിയോണല്‍ മെസിയാണ് പ്രധാന ആകര്‍ഷണം. ലോക ചാംപ്യന്‍മാരുടെ തിളക്കത്തോടെയാണ് അര്‍ജന്റീന. നാളെ പുലര്‍െച്ച ഇന്ത്യന്‍സമയം അഞ്ചരയ്ക്കാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ഇക്വഡോറാണ് എതിരാളികള്‍. ലോകകപ്പില്‍ കളിച്ച ഡിബാല, അക്യൂന എന്നിവര്‍ ഒഴികെയുള്ളവരെല്ലാം അര്‍ജന്റൈന്‍ നിരയിലുണ്ട്. ലോ സെല്‍സോയും പുറത്താണ്. മുപ്പത്തിയാറാം വയസിലും തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മെസിയുടെ ഇടങ്കാലില്‍ തന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷയത്രയും. മെസിക്കൊപ്പം ഗോളടിക്കാന്‍ കോച്ച് ലിയോണല്‍ സ്‌കോലോണി ലാതുറോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ് എന്നിവരില്‍ ആരെ തെരഞ്ഞെടുക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

click me!