കളിയങ്ങ് ഗോവയില്‍, ആവേശവും സങ്കടവും കലൂരില്‍; ലൂണയില്‍ തുടങ്ങിയ സന്തോഷം കൊച്ചിയില്‍ കണ്ണീരായൊഴുകിയ രാത്രി

By Web Team  |  First Published Mar 21, 2022, 9:51 AM IST

ഫട്ടോർഡയിലാണ് കളിയെങ്കിലും കലൂരിലെ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ആരാധകർ ഏറെ ആവേശത്തോടെ സംഘടിച്ചത്


മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കിരീടത്തിന്‍റെ പടിവാതിക്കൽ പൊരുതി വീണെങ്കിലും അടുത്ത സീസണിൽ കപ്പ് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയോടെയാണ് കൊച്ചിയിലെ മഞ്ഞപ്പട (Manjappada)  ആരാധകർ മടങ്ങിയത്. സീസണില്‍ വലിയ പ്രതീക്ഷയില്ലാതെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് (KBFC) സ്വപ്നതുല്യമായ നേട്ടം കൈവരിച്ചതിൽ ആരാധകർ സംതൃപ്‌തരാണ്.

ഫട്ടോർഡയിലാണ് കളിയെങ്കിലും കലൂരിലെ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ആരാധകർ ഏറെ ആവേശത്തോടെ സംഘടിച്ചത്. പാട്ടും നൃത്തവുമായി ടീമിനെ ആരാധകർ പ്രോത്സാഹിപ്പിച്ചു. ഫൈനലിന് അഡ്രിയാന്‍ ലൂണ ഇറങ്ങുമെന്നറിഞ്ഞപ്പോൾ മുതൽ ആവേശത്തിലായിരുന്നു ആരാധകര്‍. കപ്പ് നേടുമെന്ന് ഏവരും ഉറപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ കെപി രാഹുലിന്‍റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയതോടെ കലൂരില്‍ ആരാധകർ ഇളകിമറിഞ്ഞു. എന്നാൽ അവസാന മിനുട്ടിൽ ഹൈദരാബാദ് ഗോൾമടക്കിയതോടെ കലൂർ നിശബ്ദമായി. ഭാഗ്യകെട്ട ദിവസത്തിന്‍റെ ലക്ഷണം പോലെ ജീക്‌സന്‍ സിംഗിന്‍റെ ഹെഡർ ബാറിൽ തട്ടിത്തെറിച്ചതോടെ ആരാധകരുടെ പ്രതീക്ഷ കുറഞ്ഞു തുടങ്ങി. ഒടുവിൽ തോൽവി രുചിച്ചെങ്കിലും ആരാധകർ മനംനിറഞ്ഞാണ് കലൂരില്‍ നിന്ന് മടങ്ങിയത്. 

Latest Videos

undefined

പൊരുതിവീണ് വീണ്ടും ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ 2014നും 2016നും പിന്നാലെ 2022ലെ ഫൈനലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളിനാണ് ഹൈദരാബാദിന്‍റെ ജയം. 68-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഗോളിന് 88-ാം മിനുറ്റില്‍ സാഹില്‍ ടവോര മറുപടി നല്‍കിയതോടെയാണ് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്. എന്നാല്‍ കിക്കെടുത്തപ്പോള്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിഴച്ചു. 

കേരള ബ്ലാസ്റ്റേഴ്സിന്‍റെ റിസർവ് നിരയും ഫൈനൽ കാണാൻ ഗോവയിൽ എത്തിയിരുന്നു. കപ്പ് കൈവിട്ടതിലെ നിരാശയുണ്ടെങ്കിലും അടുത്ത സീസണിൽ കൂടുതൽ കരുത്തരായി തിരിച്ചെത്തുമെന്ന് വ്യക്തമാക്കി താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും.

മഞ്ഞക്കടല്‍ സങ്കടക്കടലായി, നെഞ്ചുപൊട്ടി മഞ്ഞപ്പട ആരാധകര്‍; എങ്കിലും ഗോവയില്‍ നിന്ന് മടക്കം പ്രതീക്ഷയോടെ

click me!