ചാമ്പ്യൻസ് ലീഗ്: പെനല്‍റ്റി നഷ്ടമാക്കി കിലിയൻ എംബാപ്പെ; റയലിനെ വീഴ്ത്തി ലിവര്‍പൂൾ

By Web Team  |  First Published Nov 28, 2024, 10:58 AM IST

ജയത്തോടെ ലിവര്‍പൂള്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ നിലവിലെ ചാമ്പ്യൻമാരായ റയല്‍ 24-ാം സ്ഥാനത്തേക്ക് വീണു.


ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗിലെ വമ്പൻ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ലിവർപൂൾ. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവർപൂളിന്‍റെ ജയം. 52ാം മിനിറ്റിൽ മക് അലിസ്റ്ററും 76ആം മിനിറ്റിൽ കോഡി ഗാപ്കോയുമാണ് ലിവര്‍പൂളിന്‍റെ ഗോളുകൾ നേടിയത്. റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പെനൽറ്റി നഷ്ടമാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനായി മുഹമ്മദ് സലായും പെനല്‍റ്റി നഷ്ടമാക്കിയിരുന്നു.

ജയത്തോടെ ലിവര്‍പൂള്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ നിലവിലെ ചാമ്പ്യൻമാരായ റയല്‍ 24-ാം സ്ഥാനത്തേക്ക് വീണു. പോയന്‍റ് പട്ടികയില്‍ ആദ്യ 24 സ്ഥാനക്കാര്‍ മാത്രമാണ് നോക്കൗട്ടിലെത്തുക. പരിക്ക് മൂലം സൂപ്പര്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഡാനി കാര്‍വജാളും ചൗമെനിയും ഡേവിഡ് ആല്‍ബയുമൊന്നുമില്ലാതെയാണ് റയല്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരെ ഗ്രൗണ്ടിലിറങ്ങിയത്.

Latest Videos

ചാമ്പ്യൻസ് ലീഗ്: ബാഴ്സക്കും ആഴ്സണലിനും വമ്പൻ ജയം, മാഞ്ചസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്, പി എസ് ജിക്ക് തോൽവി

എംബാപ്പെയെ ഇബ്രാഹിം കൊണാറ്റെയും വിര്‍ജില്‍ വാന്‍ഡിക്കും പൂട്ടിയതോടെ റയല്‍ മുന്നേറ്റം പാളി. എന്നാല്‍ ലൂക്കാസ് വാസ്ക്വേസിനെ ബോക്സില്‍ റോബര്‍ട്സണ്‍ വീഴ്ത്തിയതിന് 61-ാം മിനിറ്റില്‍ റയലിന് അനുകൂലമായി പെനല്‍റ്റി കിക്ക് ലഭിച്ചതോടെ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുങ്ങി. എംബാപ്പെയുടെ കിക്ക് പക്ഷെ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ കെല്ലെഹര്‍ തടുത്തിട്ടതോടെ റയലിന്‍റെ പ്രതീക്ഷകള്‍ മങ്ങി. പിന്നാലെ ലിവര്‍പൂളിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി മുഹമ്മദ് സലാ പുറത്തേക്ക് അടിച്ചു കളഞ്ഞു. ഇതിന് പിന്നാലെയായിരുന്നു 76-ാം മിനിറ്റില്‍ കോഡി ഗാക്പോയുടെ വിജയഗോള്‍. അടുത്ത മത്സരത്തില്‍ ജിറോണയാണ് ലിവര്‍പൂളിന്‍റെ എതിരാളികള്‍. റയല്‍ മാഡ്രിഡിന് അറ്റ്ലാന്‍റയുമാണ് അടുത്ത മത്സരം.

Mbappe misses the penalty even after dropping a disasterclass performance 💔 pic.twitter.com/uKOj3NY7in

— 7 (@elbichoszn)

ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ആസ്റ്റൻ വില്ലയും യുവന്‍റസും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. മറ്റൊരു മത്സരത്തില്‍ ഡൈനാമോ സാഗ്രെബിനെ ബൊറുസിയ ഡോർട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!