രുചികളിലെ രാജാവ്, അങ്ങ് ദില്ലിയിൽ വരെ പിടി; എന്താണ് തിരുത മീനിന്റെ പ്രത്യേകത

By Web TeamFirst Published Apr 7, 2022, 11:13 PM IST
Highlights

കൊച്ചിയിൽ കണ്ടുവരുന്ന തിരുത പ്രശസ്തമാണ്. മുജിൽ സെഫാലസ് എന്നാണ് തിരുതയുടെ ശാസ്ത്രീയ നാമം. വളർച്ചയെത്തിയ തിരുത മത്സ്യത്തിന് ഏകദേശം 90 സെന്റിമീറ്റർ നീളവും ഏഴ് കിലോഗ്രാം വരെ തൂക്കവുമുണ്ടാകും. 

കേരള രാഷ്ട്രീയത്തിൽ ഒരു മീൻ ഇത്രയധികം ചർച്ചയായിട്ടുണ്ടെങ്കിൽ അത് മറ്റാരുമല്ല, തിരുതയാണ്. നിരവധി രാഷ്ട്രീയ വിവാദങ്ങളിൽ തിരുത ഒരു വിഷയമായിരുന്നു. അങ്ങ് ദില്ലിയിൽ വരെ പിടിയുള്ള ആളാണ് തിരുത എന്നായിരുന്നു അടക്കം പറച്ചിലുകൾ. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് വാർത്താസമ്മേളനം വിളിച്ച കോൺ​ഗ്രസ് നേതാവ് ചിലർ തന്നെ തിരുത തോമ എന്നുവരെ വിളിച്ചെന്ന് പറയുന്നിടം വരെയെത്തി കാര്യങ്ങൾ. 

എന്താണ് തിരുത മീനിന്റെ പ്രത്യേകത 

Latest Videos

കൊച്ചിയിൽ കണ്ടുവരുന്ന തിരുത പ്രശസ്തമാണ്. മുജിൽ സെഫാലസ് എന്നാണ് തിരുതയുടെ ശാസ്ത്രീയ നാമം. വളർച്ചയെത്തിയ തിരുത മത്സ്യത്തിന് ഏകദേശം 90 സെന്റിമീറ്റർ നീളവും ഏഴ് കിലോഗ്രാം വരെ തൂക്കവുമുണ്ടാകും. ഇവയെ ഗ്രേ മുള്ളറ്റ്, ഫ്ലാറ്റ്‌ഹെഡ് മുള്ളറ്റ് എന്നീ പേരുകളിലും അറിയപ്പെടും. സമൃദ്ധമായി ലഭ്യമല്ലാത്തതിനാൽ നല്ല വിലയാണ് തിരുത മീനിന്. ഓരുജലത്തിലാണ് തിരുത വളരുക.  വേഗത്തിൽ വളരുമെന്നതിനാൽ പെട്ടെന്ന് വിളവെടുക്കാം. മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയര്‍ന്ന വില എന്നിവയാണ് തിരുതയെ പ്രിയപ്പെട്ടതാക്കുന്നത്.  ശുദ്ധജലത്തിലും നന്നായി വളരും. വലിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. തിരുതയുടെ മുട്ടക്കും ആവശ്യക്കാരേറെ. മുട്ടയാണ് ഏറെ രുചികരമെന്നും പറയുന്നു. അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന അടയാളവും വാലിനറ്റത്തുള്ള കറുത്ത അടയാളവും തിരുതയുടെ  പ്രത്യേകതയാണ്. ഓരുജലത്തില്‍ ചെമ്മീനുകളോടൊപ്പം വളര്‍ത്താം. തിലാപ്പിയ, പൂമീന്‍, കണമ്പ്, കരിമീന്‍ എന്നിവയോടൊപ്പവും തിരുത വളര്‍ത്താം.

ശ്രീലങ്ക, പാകിസ്താൻ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും തിരുതയെ വളർത്തുന്നുണ്ട്. ശുദ്ധജലത്തിൽ മുട്ടയിടാത്തതിനാൽ കടൽത്തീരങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച്  ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തിയാണ് വിപണനം ചെയ്യാറ്. പശ്ചിമബംഗാളിലെ തടാകങ്ങളിലും തിരുത സുലഭമാണ്.  തടാകങ്ങളിലും നെൽവയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുന്നുണ്ട്. 
ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസക്കാലങ്ങളിലാണ് കുഞ്ഞുങ്ങളെ ധാരാളമായി ലഭിക്കുന്നത്. തമിഴ്നാട്ടിലെ തീരങ്ങളിൽ നിന്നാണ് കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുക. 

തിരുത തോമയെന്ന് വിളിച്ചു, സൈബർ ആക്രമണം നടത്തി അപമാനിച്ചു: എണ്ണിയെണ്ണി പറഞ്ഞ് കെ.വി.തോമസ്

 

കൊച്ചി: സിപിഎം പാർട്ടി കോൺ​ഗ്രസിലെ ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി.തോമസിൻ്റെ പ്രഖ്യാപനം വലിയ കോളിളക്കമൊന്നും കോൺ​ഗ്രസിൽ സൃഷ്ടിക്കുന്നില്ല. അനിവാര്യമായതും പ്രതീക്ഷപ്പെട്ടതുമായ ഒരു പ്രഖ്യാപനമായി മാത്രമാണ് പൊതുവിൽ കോൺ​ഗ്രസ് നേതൃത്വം കെ.വി.തോമസിൻ്റെ പ്രഖ്യാപനത്തെ കാണുന്നത്. 

കഴിഞ്ഞ മൂന്ന് വർഷമായി പാർട്ടിയിൽ നിന്നും താൻ നേരിടുന്ന അവ​ഗണനയെക്കുറിച്ച് വളരെ വ്യക്തമായി വിശദീകരിക്കുകയും അധികാരമോഹിയെന്ന വിമർശനങ്ങൾക്ക് മറുപടി നൽകാനും കെ.വി.തോമസ് ഇന്നത്തെ വാർത്താ സമ്മേളനം ഉപയോ​ഗപ്പെടുത്തി. ബിജെപിക്കെതിരെ പൊതു ഐക്യം വേണമെന്ന നിലപാട് ഉയർത്തിപ്പിടിച്ചാണ് തോമസ് മാഷ് നീങ്ങുന്നത്. സിപിഎം വേദിയിലേക്കല്ല വിവിധ കക്ഷി നേതാക്കൾ പങ്കെടുക്കുന്ന ഒരു സംവാദ വേദിയിലേക്കാണ് താൻ പോകുന്നത് എന്ന് ആവർത്തിച്ചു പറയുക വഴി കോൺ​ഗ്രസ് എടുക്കുന്ന അച്ചടക്ക നടപടിയിൽ ഒരു രക്തസാക്ഷി പരിവേഷം കൂടി നേടിയെടുക്കാനും തോമസ് മാഷ് ലക്ഷ്യമിടുന്നു. 

കെ.വി.തോമസിൻ്റെ വാക്കുകൾ -

ഞാൻ പെട്ടെന്നൊരു ദിവസം പാർട്ടിയിൽ പൊട്ടിമുളച്ച ആളല്ല. ഞാൻ ജന്മം കൊണ്ട് കോൺ​ഗ്രസുകാരനാണ്. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ് ഞാൻ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വർഷം ഞാൻ കാത്തിരുന്നു. പാർലമെന്റിൽ പോകാനല്ല, അർഹമായ പരി​ഗണന പാർട്ടി എനിക്ക് തരും എന്ന് ഞാൻ കരുതി. ഏഴ് വട്ടം ജയിച്ചത് എൻ്റെ തെറ്റല്ല. പിന്നെ തോൽക്കുന്നതാണോ തെറ്റ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ തോറ്റെന്ന പേരിലാണ് ചിലർക്ക് ആ സീറ്റ് നിഷേധിച്ചത്. പിന്നീട് കെപിസിസി വ‍ർക്കിം​ഗ് പ്രസിഡൻ്റാക്കി. നാല് മാസം കൊണ്ട് എന്നെ മാറ്റി. പിന്നീട് എനിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. തിരുത തോമ എന്ന് വിളിച്ച് അപമാനിച്ചു. ആരും കോൺ​ഗ്രസിൻ്റെ നേതൃത്വം ചോദ്യം ചെയ്തിട്ടില്ല. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും രണ്ട്തട്ടിലാണ് അതുമാറ്റി നിർത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഗൺ മുനയിൽ ആണോ എന്നോട് സംസാരിക്കേണ്ടത്. ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിലേക്കാണ്. അതിലേക്ക് ഞാൻ പോകും. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.വി.തോമസിനെ മാറ്റി ഹൈബി ഈഡനെ സ്ഥാനാ‍ർത്ഥിയാക്കിയത് മുതൽ കെപിസിസി - എഐസിസി നേതൃത്വവുമായി കെ.വി.തോമസ് ശീതസമരത്തിലാണ്. കരുണാകരൻ്റെ വലംകൈയ്യായി കേരളരാഷ്ട്രീയത്തിൽ കുതിച്ചുയർന്ന കെ.വി.തോമസിന് ദേശീയരാഷ്ട്രീയത്തിൽ തുണയായത് സോണിയ ​ഗാന്ധിയുമായുള്ള വ്യക്തിബന്ധമാണ്. എന്നാൽ രാഹുൽ ​ഗാന്ധി പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ഈ അവസ്ഥയിൽ മാറ്റം വന്നു. 

എറണാകുളം സീറ്റ് നഷ്ടപ്പെട്ടതോടെ ഉമ്മൻ ചാണ്ടി - ചെന്നിത്തല ദ്വയത്തോട് അകന്ന കെ.വി.തോമസിന് പിന്നീട് സുധാകരൻ - വിഡി സതീശൻ സഖ്യത്തോട് അത്ര പോലും അടുക്കാൻ സാധിച്ചില്ല. ഇടക്കാലത്ത് കെപിസിസി വർക്കിം​ഗ് പ്രസിഡൻ്റായി നിയമിക്കപ്പെട്ടെങ്കിലും നാല് മാസത്തിന് ശേഷം പദവിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ദിവസങ്ങൾക്ക് മുൻപ് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സ്ഥാനാ‍ർത്ഥിത്വത്തിനായി ശ്രമിച്ചെങ്കിലും നടന്നില്ല. 76 വയസ്സുള്ള മുതിർന്ന നേതാവിന് ഇനിയൊരു പദവിയും നൽകാൻ ബാക്കിയില്ല എന്നതായിരുന്നു പാർട്ടി നേതൃത്വത്തിൻ്റ ലൈൻ. ഇതോടെയാണ് കോൺ​ഗ്രസിന് പുറത്തേക്കുള്ള തൻ്റെ രാഷ്ട്രീയ പ്രയാണം കെ.വി.തോമസ് ആരംഭിച്ചത്. 

പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിലേക്ക് കോൺ​ഗ്രസ് ക്യാംപിൽ നിന്നുള്ള മൂന്ന് നേതാക്കളെയാണ് സിപിഎം ക്ഷണിച്ചത്. കെവി തോമസിനെ കൂടാതെ ശശി തരൂരിനേയും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരനേയും സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് നേതാക്കളും സെമിനാറിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ ആർ.ചന്ദ്രശേഖരനെ കെപിസിസി അധ്യക്ഷൻ കെ.സുധകാരൻ നേരിട്ട് വിളിച്ച് വിലക്കി. കേരള നേതൃത്വത്തെ മറികടന്ന് തോമസും തരൂരും സെമിനാറിൽ പങ്കെടുക്കാൻ അഖിലേന്ത്യ നേതൃത്വത്തെ സമീപിച്ചു. ദേശീയ തലത്തിൽ സിപിഎമ്മുമായി കോൺ​ഗ്രസ് സമവായത്തിൽ നീങ്ങുന്നതിനാൽ ദില്ലിയിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാവും എന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ കേരളത്തിൽ നിന്നുള്ള എംപിമാരും കെപിസിസി നേതൃത്വതവും ശക്തമായി പ്രതികരിച്ചതോടെ എഐസിസി ഇരുവരേയും സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി. 

വിവാദങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കൊണ്ടു തന്നെ പാർട്ടി ഹിതം അനുസരിക്കുന്നതായും സെമിനാറിൽ പങ്കെടുക്കുന്നില്ലെന്നും വ്യക്തമാക്കി തരൂർ രം​ഗം ശാന്തമാക്കി. എന്നാൽ അപ്പോഴും കെ.വി.തോമസുമായിബന്ധപ്പെട്ട സസ്പെൻസ് തുടർന്നു. തോമസ് മാഷ് വരുമെന്ന് എംവി ജയരാജൻ പലവട്ടം ആവർത്തിക്കുകകയും ഈ വാദം തോമസ് മാഷ് തള്ളാതിരിക്കുകയും ചെയ്തതോടെ കെ.വി തോമസ് കളം മാറ്റത്തിനൊരുങ്ങുകയാണെന്ന് വ്യക്തമായി. പാർട്ടിയെ ലംഘിച്ച് സെമിനാറിൽ പങ്കെടുത്താലും തന്നെ സംരക്ഷിക്കും എന്ന ഉറപ്പ് സിപിഎം നേതൃത്വത്തിൽ നിന്നും നേടിയെടുത്ത ശേഷമാണ് കെ.വിതോമസ് ഇന്ന് വാർത്താസമ്മേളനം നടത്തിയത്. 

 

click me!