വെളുത്തുള്ളിയുടെ രുചി ഇഷ്ടമാണോ? എങ്കില്‍ കറികളില്‍ ചേര്‍ക്കാൻ ഇതൊന്ന് തയ്യാറാക്കി നോക്കൂ...

By Web Team  |  First Published Nov 2, 2022, 4:39 PM IST

ചിലര്‍ക്ക് വെളുത്തുള്ളിയുടെ മണമോ രുചിയോ ഒന്നും അത്ര പ്രിയമായിരിക്കില്ല. വേറൊരു വിഭാഗത്തിന് എന്ത് പാകം ചെയ്താലും അതില്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്തില്ലെങ്കില്‍ പൂര്‍ണത തോന്നാത്തത് പോലെ അത്രയും ഇഷ്ടവുമാണ് ഇതിനോട്.


ഭക്ഷണത്തിന് വളരെയധികം ഫ്ളേവര്‍ നല്‍കാൻ സഹായിക്കുന്നൊരു ചേരുവയാണ് വെളുത്തുള്ളി. പ്രത്യേകിച്ച് നോണ്‍ വെജിറ്റേറിയൻ വിഭവങ്ങള്‍ക്ക്. വെജിറ്റേറിയൻ വിഭവങ്ങളിലും നല്ലതുപോലെ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. എങ്കിലും നോണ്‍-വെജില്‍ ചേര്‍ക്കുമ്പോഴുള്ള ഗന്ധവും രുചിയും ഒന്ന് വേറെ തന്നെയാണ്. 

ഇന്ത്യൻ അടുക്കളകളില്‍ എന്നും നിര്‍ബന്ധമായും കാണുന്നൊരു ചേരുവ കൂടിയാണ് വെളുത്തുള്ളി. പാചകത്തിനുപയോഗിക്കുന്നൊരു ചേരുവ എന്നതില്‍ കവിഞ്ഞ്, ധാരാളം ഔഷധുണങ്ങളുള്ള ഒന്നായിട്ടാണ് നാം പൊതുവെ വെളുത്തുള്ളിയെ കണക്കാക്കാറ്. ആ ഒരു സമീപനത്തോടെയും കൂടിയാണ് ഇവ കറികളിലും മറ്റ് ഭക്ഷണങ്ങളിലും ചേര്‍ക്കുന്നത്. 

Latest Videos

undefined

എന്നാല്‍ ചിലര്‍ക്ക് വെളുത്തുള്ളിയുടെ മണമോ രുചിയോ ഒന്നും അത്ര പ്രിയമായിരിക്കില്ല. വേറൊരു വിഭാഗത്തിന് എന്ത് പാകം ചെയ്താലും അതില്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്തില്ലെങ്കില്‍ പൂര്‍ണത തോന്നാത്തത് പോലെ അത്രയും ഇഷ്ടവുമാണ് ഇതിനോട്.

ഏതായാലും വെളുത്തുള്ളി ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളൊരു 'സ്പെഷ്യല്‍- സിംപിള്‍' റെസിപിയാണിനി പങ്കുവയ്ക്കുന്നത്. വിഭവങ്ങളില്‍ വെളുത്തുള്ളിയുടെ ഫ്ളേവര്‍ ചേര്‍ക്കാൻ സഹായിക്കുന്ന ഗാര്‍ലിക് ഓയില്‍- എങ്ങനെ തയ്യാറാക്കാമെന്നതാണ് വിശദീകരിക്കുന്നത്. 

ഗര്‍ലിക് ഓയിലിനെ കുറിച്ച് മിക്കവരും അത്രയധികമൊന്നും കേട്ടിരിക്കാൻ സാധ്യതയില്ല. നമ്മുടെ നാട്ടില്‍ കാര്യമായി ഉപയോഗിക്കുന്ന ഒന്നല്ല ഇത്. എന്തായാലും വീട്ടില്‍ വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കിയെടുക്കാവുന്നതേയുള്ളൂ.

ഇതിന് ആകെ ആവശ്യമായിട്ടുള്ളത് രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ്. ഒന്ന് തീര്‍ച്ചയായും വെളുത്തുള്ളി. രണ്ട്, വെജിറ്റബിള്‍ ഓയില്‍. 

ഇതിന്‍റെ അളവ് സത്യത്തില്‍ ഉപയോഗിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. എത്ര ഫ്ളേവര്‍ വേണമെന്നതിന് അനുസരിച്ച് വെജിറ്റബിള്‍ ഓയിലിന് അനുപാതമായി ഫ്രഷ് വെളുത്തുള്ളി എടുക്കാം. 

ഇനി ഒരു പാനില്‍ വെജിറ്റബിള്‍ ഓയിലും തൊലി കളഞ്ഞ് വൃത്തിയാക്കിയ വെളുത്തുള്ളി അല്ലികളും എടുത്ത് ചൂടാക്കണം. ഓര്‍ക്കുക, ഒരേ ഫ്ളെയിമിലാണ് ഇത് മുഴുവനും ചെയ്തെടുക്കേണ്ടത്. ഏറ്റവും കുറഞ്ഞ ഫ്ളെയിം തൊട്ട് മീഡിയം വരെ ആകാം ചൂട. ഇതില്‍ കൂടരുത്. എണ്ണ ചൂടായിത്തുടങ്ങുമ്പോള്‍ വെളുത്തുള്ളി ചെറുതായി പൊട്ടിവരാൻ തുടങ്ങും. 

തുടക്കം മുതല്‍ തന്നെ എണ്ണ വാങ്ങുന്നത് വരെ ഒരേ രീതിയില്‍ , പിടി നീളമുള്ള ഒരു മരത്തിന്‍റെ തവി വച്ച് ഇത് ഇളക്കിക്കൊണ്ടിരിക്കുകയും വേണം. വെളുത്തുള്ളി പൊട്ടിവന്ന് അധികം വൈകാതെ തന്നെ തീ ഓഫ് ചെയ്ത് എണ്ണയില്‍ നിന്ന് വെളുത്തുള്ളിയെല്ലാം മാറ്റിയെടുക്കണം. ഇത് ചെയ്യാൻ വൈകിയാല്‍ എണ്ണയ്ക്ക് കരിഞ്ഞ വെളുത്തുള്ളിയുടെ ഗന്ധമോ രുചിയോ വരാം. അതുപോലെ വെളുത്തുള്ളി നന്നായി പൊട്ടി വരും മുമ്പേ എടുത്ത് മാറ്റിയാല്‍ ഇതില്‍ ഫ്ളേവര്‍ കുറയുകയും ചെയ്യാം. അതിനാല്‍ പാകം നോക്കി ചെയ്യുക. 

എണ്ണ ആവശ്യമെങ്കില്‍ അരിച്ചെടുക്കുകയും ചെയ്യാം. ഗാര്‍ലിക് ഓയില്‍ ഇതോടെ തയ്യാര്‍. ഫ്രൈഡ് റൈസ്, നൂഡില്‍സ്, മീൻ വിഭവങ്ങള്‍ തുടങ്ങി പച്ചക്കറി വിഭവങ്ങളിലുമെല്ലാം ഇഷ്ടാനുസരണം അല്‍പം ഗാര്‍ലിക് ഓയില്‍ മേമ്പൊടിയായി ചേര്‍ത്തുകൊടുക്കാവുന്നതാണ്. വെളുത്തുള്ളിയുടെ രുചിയും ഗന്ധവും ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഈ കൂട്ടും ഇഷ്ടപ്പെടും. 

Also Read:- വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

tags
click me!