ചോറിനും ബജികള്‍ക്കും പലഹാരങ്ങള്‍ക്കുമെല്ലാം ഒപ്പം കഴിക്കാവുന്ന വെളുത്തുള്ളി ചട്ണി, വെളുത്തുള്ളി മയൊണൈസ്, വെളുത്തുള്ളി- തക്കാളി ചട്ണി എന്നിവയുടെ റെസിപിയാണ് പങ്കുവയ്ക്കുന്നത്.
വെളുത്തുള്ളിയുടെ ഫ്ളേവര്‍ ഇഷ്ടമുള്ള ധാരാളം പേരുണ്ട്. എന്നാല്‍ ചിലര്‍ക്കാണെങ്കില്‍ വെളുത്തുള്ളിയുടെ ഗന്ധമോ രുചിയോ അത്രകണ്ട് ഇഷ്ടപ്പെടാറുമില്ല. ഇതിനോട് താല്‍പര്യമുള്ളവര്‍ക്ക് മിക്ക കറികളിലും വെളുത്തുള്ളി ചേര്‍ക്കണമെന്ന് തന്നെയായിരിക്കും. അത്തരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മൂന്ന് റെസിപിയാണിനി പങ്കുവയ്ക്കുന്നത്.
ചോറിനും ബജികള്‍ക്കും പലഹാരങ്ങള്‍ക്കുമെല്ലാം ഒപ്പം കഴിക്കാവുന്ന വെളുത്തുള്ളി ചട്ണി, വെളുത്തുള്ളി മയൊണൈസ്, വെളുത്തുള്ളി- തക്കാളി ചട്ണി എന്നിവയുടെ റെസിപിയാണ് പങ്കുവയ്ക്കുന്നത്.
undefined
വെളുത്തുള്ളി ചട്ണി
പല രീതീയില്‍ വെളുത്തുള്ളി അഥവാ ഗാര്‍ലിക് ചട്ണി ഉണ്ടാക്കാം. തേങ്ങ ചേര്‍ത്തും മറ്റും ഇത് തയ്യാറാക്കുന്നവരുണ്ട്. ഇവിടെയിപ്പോള്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ചട്ണിയാണ് പരിചയപ്പെടുത്തുന്നത്. ഇതിന് ആകെ വെളുത്തുള്ളി, ചുവന്ന മുളക് (വിനിഗറില്‍ മുക്കിവച്ചത്), ഉപ്പ് എന്നിവ മാത്രം മതി.
നൂറ് ഗ്രാം വെളുത്തുള്ളിയാണ് എടുക്കുന്നതെങ്കില്‍ ഇതിലേക്ക് 25 ഗ്രാം ചുവന്ന മുളക് കഷ്ണങ്ങളാക്കി വിനിഗറില്‍ മുക്കിവച്ചത് എടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇനിയിത് നന്നായി അരച്ചെടുത്താല്‍ നമ്മുടെ ഈസി ഗാര്‍ലിക് ചട്ണി തയ്യാര്‍. ഓര്‍ക്കുക അരയ്ക്കുമ്പോള്‍ ഇതിലേക്ക് വെള്ളം ചേര്‍ക്കേണ്ടതില്ല.
ഗാര്‍ലിക് മയൊണൈസ്
മയൊണൈസ് ഇഷ്ടമില്ലാത്തവര്‍ കുറവാണ്. പ്രത്യേകിച്ച് കുട്ടികളാണിതിന്‍റെ ആരാധകര്‍. ആരോഗ്യപ്രശ്നങ്ങളൊഴിവാക്കാൻ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കിയാല്‍ വളരെ നല്ലതാണല്ലോ. അത്തരത്തില്‍ തയ്യാറാക്കാവുന്നതാണ് ഗാര്‍ലിക് മയൊണൈസ്.
വെളുത്തുള്ളി, ഒലിവ് ഓയില്‍, മുട്ടയുടെ മഞ്ഞക്കരു, ഉപ്പ് എന്നിവയാണിതിന് വേണ്ടിവരുന്നത്. 100 ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞതിലേക്കാണെങ്കില്‍ 70 ഗ്രാം ഒലിവ് ഓയിലും ഒരു മുട്ടയുടെ മഞ്ഞക്കരുവും ആവശ്യത്തിന് ഉപ്പുമെടുത്താല്‍ മതി.
ആദ്യം മുട്ടയുടെ മഞ്ഞക്കരുവും വെളുത്തുള്ളിയും ഉപ്പും നന്നായി ബ്ലെൻഡ് ചെയ്തെടുക്കാം (യോജിപ്പിച്ചെടുക്കാം). ഇതിന് ശേഷം അല്‍പാല്‍പമായി ഒലിവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിച്ചുകൊണ്ടിരിക്കണം. ഇങ്ങനെയാണ് ഗാര്‍ലിക് മയൊണൈസ് തയ്യാറാക്കുന്നത്. ഇനിയിത് സീസണ്‍ ചെയ്തെടുത്താല്‍ സംഗതി തയ്യാര്‍.
തക്കാളി- വെളുത്തുള്ളി ചട്ണി
ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെടുന്നൊരു ചട്ണിയാണിത്. പേരില്‍ സൂചിപ്പിക്കും പോലെ തന്നെ തക്കാളിയും വെളുത്തുള്ളിയുമാണ് ഇതിലെ പ്രധാന ചേരുവകള്‍.
250 ഗ്രാം തക്കാളി ചെറുതായി അരിഞ്ഞത് എടുക്കുകയാണെങ്കില്‍ ഇതിലേക്ക് നാല് വലിയ വെളുത്തുള്ളിയല്ലി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂണ്‍ കടുകും, ഒരു പച്ചമുളകും )ചെറുതായി അരിഞ്ഞത്), ഒരു ടീസ്പൂണ്‍ മുളകുപൊടിയും, അര ടീസ്പൂണ്‍ കായവും, ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും എണ്ണയുമാണ് എടുക്കേണ്ടത്.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ കടുകിടുക. കടുക് പൊട്ടുന്നതിന് മുമ്പ് തന്നെ കറിവേപ്പിലയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക. വെളുത്തുള്ളി ഒന്ന് പാകമാകുമ്പോള്‍ തക്കാളിയും ചേര്‍ത്ത് ചെറിയ തീയില്‍ വഴറ്റിയെടുക്കുക. എല്ലാം നന്നായി വഴണ്ടുവരുമ്പോള്‍ മുളകുപൊടി കായം ഉപ്പ് എന്നിവ ചേര്‍ക്കാം. ഇനിയിത് വാങ്ങിവച്ച് ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കാം. രുചികരമായ തക്കാളി- വെളുത്തുള്ളി ചട്ണി തയ്യാറായി. ഇത് ചോറിനും ദോശയ്ക്കുമൊപ്പമെല്ലാം കഴിക്കാവുന്നതാണ്.
Also Read:- രുചികരവും എന്നാൽ 'ഹെൽത്തി'യുമായ അഞ്ച് തരം ചട്ണികൾ ഇതാ...