ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്ന് ചെറിയ വിലയാണെന്ന് ഇവര്‍ വാദിക്കുന്നു. അത് 100 ഗ്രാമിന്റെ നിരക്കാണെന്ന് അറിയില്ലായിരുന്നു എന്നാണ് വാദം.
സിംഗപ്പൂര്‍: റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച വിനോദ സഞ്ചാരികള്‍ ഒടുവില്‍ ബില്‍ കണ്ട് ഞെട്ടി. പ്രത്യേക തരത്തില്‍ തയ്യാറാക്കിയ ഞണ്ട് വിഭവത്തിന് 680 ഡോളറാണ് (56,500 രൂപ) റസ്റ്റോറന്റ് ചാര്‍ജ് ചെയ്തത്. ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് വില അറിയിച്ചതിലുള്ള പിഴവാണെന്ന് ഭക്ഷണം കഴിച്ചവര്‍ ആരോപിച്ചു. ഒടുവില്‍ പൊലീസ് ഇടപെടല്‍ വരെ എത്തി കാര്യങ്ങള്‍.
ജപ്പാനില്‍ നിന്ന് സിംഗപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ ജുന്‍കോ ഷിന്‍ബ എന്നയാളും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുമാണ് അവിടെ വെച്ച് സീഫുഡ് പാരഡൈസ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയത്. ഇവര്‍ ഓര്‍ഡര്‍ ചെയ്ത ചിലി ക്രാബ് ഡിഷിനാണ് റസ്റ്റോറന്റ് 680 ഡോളര്‍ ചാര്‍ജ് ചെയ്തത്. റസ്റ്റോറന്റിലെ വെയിറ്ററാണ് തങ്ങളോട് അലാസ്കന്‍ കിങ് ചിലി ക്രാബ് കഴിച്ചു നോക്കാന്‍ പറഞ്ഞതെന്ന് ഇവര്‍ പറഞ്ഞു. 20 ഡോളറാണ് ഇതിന്റെ നിരക്കും വെയിറ്റര്‍ പറഞ്ഞിരുന്നത്രെ. എന്നാല്‍ ഇത് 100 ഗ്രാമിന്റെ വിലയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പാചകം ചെയ്യുന്നതിന് മുമ്പ് എത്ര ഗ്രാം ക്രാബാണ് തയ്യാറാക്കുന്നതെന്ന് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
undefined
ആകെ 3500 ഗ്രാം ക്രാബ് ഇവര്‍ക്ക് വേണ്ടി തയ്യാറാക്കിയെന്നും അതിന്റെ വിലയാണ് 680 ഡോളറെന്നുമാണ് റസ്റ്റോറന്റ് ജീവനക്കാരുടെ വാദം. നാല് പേരുടെ ഭക്ഷണത്തിന് ഇത്ര വലിയ തുകയുടെ ബില്ല് വന്നപ്പോള്‍ ഞെട്ടിപ്പോയെന്ന് ഷിന്‍ബ പറഞ്ഞു. ഇത്ര വലിയ ക്രാബ് തങ്ങള്‍ക്ക് വേണ്ടി മാത്രം പാചകം ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പല റസ്റ്റോറന്റുകളിലും ചെറിയ അളവില്‍ ക്രാബ് ഡിഷുകള്‍ ലഭ്യമാണെന്നും ഇവര്‍ പറയുന്നു. ബില്ല് കണ്ട് ഞെട്ടിയപ്പോള്‍ ഷിന്‍ബയും സംഘവും പൊലീസിനെ വിളിക്കാന്‍ റസ്റ്റോറന്റ് ജീവനക്കാരോട് പറഞ്ഞു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തി.
അമിത തുക ഈടാക്കിയിട്ടില്ലെന്ന് അറിയിച്ച റസ്റ്റോറന്റ് ഇതേ വിഭവം ഓര്‍ഡര്‍ ചെയ്ത മറ്റൊരു ഉപഭോക്താവിന്റെ ബില്ലും കാണിച്ചുകൊടുത്തു. ചര്‍ച്ചകള്‍ക്ക് ശേഷം 78 ഡോളറിന്റെ (6479 ഇന്ത്യന്‍ രൂപ) ചെറിയൊരു ഡിസ്കൗണ്ട് കൊടുക്കാന്‍ റസ്റ്റോറന്റ് തയ്യാറായി. ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് ജീവനക്കാര്‍ അലാസ്കന്‍ കിങ് ക്രാബിന്റെ വില കൃത്യമായി അറിയിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ജീവനക്കാരുടെ ഭാഗത്താണ് ശരിയെന്നും റസ്റ്റോറന്റ് മാനേജ്‍മെന്റ് നിലപാടെടുത്തു.
"വ്യക്തമായി വില പറഞ്ഞിരുന്നു. ആശയ വിനിയമത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, പാചകം ചെയ്യുന്നതിന് മുമ്പ് തന്നെ ക്രാബിനെ മുഴുവനായി ടേബിളില്‍ കൊണ്ടുവന്ന് കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഉപഭോക്താവ് പണം നല്‍കാതെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു" എന്ന് റസ്റ്റോറന്റ് പ്രതിനിധി പറഞ്ഞു. സംഭവത്തില്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിനും ഷിന്‍ബ പരാതി നല്‍കി. ഇത് സിംഗപ്പൂര്‍ കണ്‍സ്യൂമര്‍ അസോസിയേഷന് കൈമാറിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...