ചിക്കൻ കറി തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...

By Web Team  |  First Published Jan 17, 2023, 9:56 PM IST

ചിക്കൻ കറിയോ, റോസ്റ്റോ, ഫ്രൈയോ എല്ലാം തയ്യാറാക്കാൻ മിക്കവരും പാചകം പഠിച്ചുതുടങ്ങുമ്പോള്‍ തന്നെ പഠിക്കാറുണ്ട്. ഇവ തയ്യാറാക്കാനൊന്നും അത്ര പ്രയാസവുമില്ല. എങ്കിലും പാചകം പഠിച്ചുവരുന്നവരെ സംബന്ധിച്ച് ഇവയിലും അബദ്ധങ്ങള്‍ സംഭവിക്കാം. ഇത്തരക്കാര്‍ക്കായി ചിക്കൻ കറി തയ്യാറാക്കുമ്പോള്‍ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.


നോണ്‍-വെജ് കഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും അവരുടെ ഇഷ്ടവിഭവങ്ങളിലൊന്നായിരിക്കും ചിക്കൻ. മറ്റ് പല നോണ്‍- വിഭവങ്ങളും കഴിക്കാത്തവര്‍ പോലും ചിക്കൻ കഴിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്രമാത്രം ജനകീയമായൊരു നോണ്‍-വെജ് വിഭവം വേറെയുണ്ടോയെന്നതും സംശയമാണ്.

ചിക്കൻ കറിയോ, റോസ്റ്റോ, ഫ്രൈയോ എല്ലാം തയ്യാറാക്കാൻ മിക്കവരും പാചകം പഠിച്ചുതുടങ്ങുമ്പോള്‍ തന്നെ പഠിക്കാറുണ്ട്. ഇവ തയ്യാറാക്കാനൊന്നും അത്ര പ്രയാസവുമില്ല. എങ്കിലും പാചകം പഠിച്ചുവരുന്നവരെ സംബന്ധിച്ച് ഇവയിലും അബദ്ധങ്ങള്‍ സംഭവിക്കാം. ഇത്തരക്കാര്‍ക്കായി ചിക്കൻ കറി തയ്യാറാക്കുമ്പോള്‍ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. പ്രധാനമായും കറിയുടെ രുചി വര്‍ധിപ്പിക്കാനാണ് ഇത് സഹായിക്കുക. അതുപോലെ കറി അബദ്ധമായി പോകാതിരിക്കാനും ഈ ടിപ്സ് സഹായകമായിരിക്കും. 

Latest Videos

undefined

ഒന്ന്...

ചിക്കൻ കറി തയ്യാറാക്കുമ്പോള്‍ കഴിയുന്നതും ഫ്രഷ് മസാലകള്‍ ഉപയോഗിക്കാൻ ശ്രമിക്കുക. വിപണിയില്‍ എല്ലാ വിഭവങ്ങളുടെയും റെഡിമെയ്ഡ് മസാലകള്‍ വാങ്ങിക്കാൻ കിട്ടും. എന്നാല്‍ കഴിയുന്നതും വീട്ടില്‍ തന്നെ മസാല പൊടിക്കുന്നതാണ് നല്ലത്. ഏലയ്ക്ക, കറുവപ്പട്ട, ജീരകം, ഗ്രാമ്പൂ എന്നിവ മാത്രം ഒന്ന് ചൂടാക്കി പൊടിച്ചെടുത്താല്‍ തന്നെ വേണ്ട മസാല ആയി. ഇതിന് പുറമെ കുരുമുളക് പൊടി, മറ്റ് സ്പൈസുകള്‍ അങ്ങനെ തന്നെയും ചേര്‍ക്കാവുന്നതാണ്. ഇത് കറിയെ ഏറെ രുചികരമാക്കും. എന്നാല്‍ മസാല അധികമാകാതെ ശ്രദ്ധിക്കുകയും വേണം. 

രണ്ട്...

ചിക്കൻ കറിയിലേക്ക് ഉള്ളിയും തക്കാളിയുമെല്ലാം ചേര്‍ക്കുമ്പോള്‍ ഇവ കഴിയുന്നതും കനം കുറച്ചും ചെറുതായും അരിഞ്ഞിടുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോള്‍ ഇവയെല്ലാം പരമാവധി കറിയോട് ഇഴുകിച്ചേരും. ഇത് കറിക്ക് കൂടുതല്‍ രുചി നല്‍കും. കറി തിക്ക് ആയിരിക്കാനും ഇത് സഹായിക്കും. 

മൂന്ന്...

ചിക്കൻ കറിയുണ്ടാക്കുമ്പോള്‍ സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി- വെളുത്തുള്ളി അരച്ചത് എന്നിവ നല്ലതുപോലെ വാടിയ ശേഷം മാത്രം മസാലപ്പൊടികള്‍ ചേര്‍ക്കണം. മസാലകളെല്ലാം നല്ലതുപോലെ വെന്തുകഴിയുമ്പോള്‍ മാത്രം ചിക്കൻ വേവിക്കാൻ ചേര്‍ക്കുക. മസാല ആവശ്യത്തിന് വാടുകയോ വേവുകയോ ചെയ്തില്ലെങ്കില്‍ അത് കറിയെ രുചിയില്ലാത്തതാക്കി തീര്‍ക്കാം. 

നാല്...

കറി തയ്യാറാക്കുമ്പോള്‍ ഓരോന്നും ചേര്‍ക്കേണ്ടതിന് കൃത്യമായ സമയമുണ്ട്. ഇതിന് അനുസരിച്ച് തന്നെ ചേര്‍ക്കണം. എണ്ണ ചൂടാക്കിയ ശേഷം അങ്ങനെ തന്നെ ഇടുന്ന സ്പൈസസ് ഇടാം. സവാളയാണ് ഇതിന് പിന്നാലെ ചേര്‍ക്കേണ്ടത്. സവാള വാടിയ ശേഷം മാത്രം പച്ചമുളക്. ശേഷം ഇഞ്ചി- വെളുത്തുള്ളി. ഇതെല്ലാം പരുവമായ ശേഷം മാത്രം തക്കാളി. കാരണം തക്കാളിയില്‍ നിന്ന് നീര് പുറത്തുവരുമ്പോള്‍ മറ്റുള്ളവ ആവശ്യത്തിന് വാടിക്കിട്ടാതെ വരാം. എല്ലാം വെന്തുവരുമ്പോള്‍ മസാല ചേര്‍ക്കാം. ഇങ്ങനെ പടിയായി ഓരോന്നും ചേര്‍ക്കുക. ഈ കൃത്യതയ്ക്കും കറിയുടെ രുചിയെ സ്വാധീനിക്കാനാകും. 

അഞ്ച്...

പാചകം വളരെ എളുപ്പത്തില്‍ ചെയ്യുന്നവരുണ്ട്. മിക്കവാറും പരിചയസമ്പന്നര്‍ക്കേ ഇതിന് കഴിയൂ. ചിക്കൻ കറിയൊക്കെ തയ്യാറാക്കുമ്പോള്‍ അത്രമാത്രം പാചകത്തില്‍ പരിചയമില്ലാത്തവരാണെങ്കില്‍ അല്‍പം സമയം എടുത്ത്, ക്ഷമയോടെ ചെയ്യുക. അല്ലാത്തപക്ഷം ഇത് കറിയുടെ രുചിയെ ബാധിക്കും. ശ്രദ്ധയോടെ പല തവണ തയ്യാറാക്കുമ്പോഴാണ് ഓരോ വിഭവവും നമ്മുടെ പരിമിതമായ സമയത്തിനുള്ളിലും രുചിയോടെ ചെയ്തെടുക്കാനുള്ള കഴിവിലേക്ക് നമ്മള്‍ തനിയെ എത്തുന്നത്. 

Also Read:- മാവ് കുഴയ്ക്കുമ്പോള്‍ എപ്പോഴും കട്ടിയാകുന്നോ? പാചകം പഠിക്കുന്നവര്‍ക്കായി ചില 'ടിപ്സ്'....

click me!