അയേണ്‍ ആവശ്യമുള്ളത്രയും ഉറപ്പിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Dec 4, 2023, 2:03 PM IST
Highlights

ആവശ്യത്തിന് അയേണ്‍ ഉറപ്പിക്കാൻ ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് സാധിക്കുക. ഇതിന് ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക തന്നെ വേണം. ഇത്തരത്തില്‍ അയേണ്‍ ഉറപ്പിക്കാൻ കഴിക്കേണ്ട അ‍ഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചറിയാം...

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാം. ഇതിനെല്ലാം പിന്നില്‍ കൃത്യമായ കാരണങ്ങളും കാണാം. പ്രധാനമായും നമ്മുടെ ശരീരത്തില്‍ അവശ്യമായി എത്തേണ്ട വിവിധ പോഷകങ്ങളുടെ കുറവ് തന്നെയാണ് ഇക്കാര്യത്തില്‍ വലിയ വില്ലനായി മാറുന്നത്. 

വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയില്‍ വരുന്ന കുറവാണ് അധികപേരെയും ബാധിക്കാറ്. ഇത്തരത്തിലൊരു പ്രശ്നമാണ് അയേണ്‍ കുറയുന്നതും. അയേണ്‍ കുറവാകുമ്പോള്‍ അത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് ഗണ്യമായി കുറഞ്ഞാലോ അത് ഗൗരവമുള്ള പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാം. 

Latest Videos

എപ്പോഴും തളര്‍ച്ച- ക്ഷീണം, നിത്യജീവിതത്തിലെ വിവിധ ജോലികള്‍ ചെയ്യാൻ പ്രയാസം, മാനസികമായ അസ്വസ്ഥത, തലകറക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികവും ഹീമോഗ്ലോബിൻ കുറവ് മൂലം നാം നേരിടുക. ഇന്ത്യയിലാണെങ്കില്‍ വലിയൊരു വിഭാഗം പേരും അയേണ്‍ കുറവ് മൂലം അനീമിയ അഥവാ വിളര്‍ച്ചയെന്ന അസുഖം അനുഭവിക്കുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകള്‍.

ഇതൊഴിവാക്കാനും ആവശ്യത്തിന് അയേണ്‍ ഉറപ്പിക്കാനും ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് സാധിക്കുക. ഇതിന് ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക തന്നെ വേണം. ഇത്തരത്തില്‍ അയേണ്‍ ഉറപ്പിക്കാൻ കഴിക്കേണ്ട അ‍ഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ചീരയാണ് ഇതിലുള്‍പ്പെടുന്നൊരു പ്രധാന വിഭവം. അയേണിന്‍റെ മികച്ച ഉറവിടമാണ് ചീര. പതിവായി തന്നെ ഡയറ്റില്‍ ചീരയുള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ചീരയ്ക്കൊപ്പം വൈറ്റമിൻ-സി അടങ്ങിയ ഭക്ഷണങ്ങള്‍- ഉദാഹരണത്തിന് കാപ്സിക്കം എല്ലാം കഴിക്കുന്നത് ഇരട്ടി ഗുണം ചെയ്യും.

രണ്ട്...

പരിപ്പ് വര്‍ഗങ്ങളാണ് അയേണ്‍ കിട്ടുന്നതിന് പതിവായി കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. കറികളാക്കിയോ, സൂപ്പോ, സലാഡ് ആക്കിയോ എല്ലാ പരിപ്പ് വര്‍ഗങ്ങള്‍ കഴിക്കാവുന്നതാണ്. അയേണ്‍ മാത്രമല്ല ഫൈബര്‍, പ്രോട്ടീൻ എന്നിവയുടെയെും മികച്ച സ്രോതസാണ് പരിപ്പ് വര്‍ഗങ്ങള്‍.

മൂന്ന്...

പംകിൻ സീഡ്സ് അഥവാ മത്തൻ കുരുവും ഇതുപോലെ അയേണ്‍ ഉറപ്പിക്കാൻ കഴിക്കാവുന്നതാണ്. പംകിൻ സീഡ്സ് ഇന്ന് വിപണിയില്‍ വാങ്ങാൻ കിട്ടുന്നതാണ്. ഇത് പതിവായി തന്നെ അല്‍പം കഴിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ സലാഡുകളിലോ സ്മൂത്തികളിലോ റൈസിലോ എല്ലാം ചേര്‍ത്തും കഴിക്കാം. ശരീരത്തിന് അവശ്യം വേണ്ടുന്ന പല ധാതുക്കളുടെയും കലവറ കൂടിയാണ് പംകിൻ സീഡ്സ്.

നാല്...

ക്വിനോവയാണ് അയേണ്‍ ഉറപ്പിക്കാൻ അടുത്തതായി കഴിക്കാവുന്നൊരു വിഭവം. പ്രോട്ടീൻ കാര്യമായി അടങ്ങിയിട്ടുള്ള വിഭവമാണ് ക്വിനോവ. പ്രോട്ടീനിന് പുറമെ അയേണിനാലും സമ്പന്നമാണിത്. പലരും ബ്രേക്ക്ഫാസ്റ്റായി പതിവായി കഴിക്കുന്ന ക്വിനോവ ഒരുപാട് ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കും.

അഞ്ച്...

ലീൻ മീറ്റ് എന്ന വിഭാഗത്തില്‍ പെടുന്ന മാംസാഹാരങ്ങളും അയേണ്‍ ഉറപ്പിക്കാൻ കഴിക്കാവുന്നതാണ്. ചിക്കൻ, ബീഫ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. എന്നാല്‍ മാംസാഹാരം എപ്പോഴും മിതമായ അളവില്‍ കഴിക്കാൻ ശ്രദ്ധിക്കണം. ഇവയ്ക്കൊപ്പം വൈറ്റമിൻ-സി ഭക്ഷണങ്ങള്‍ കൂടി കഴിക്കാനായാല്‍ ഏറെ നല്ലത്. 

Also Read:- ദഹനപ്രശ്നങ്ങള്‍ പതിവാണോ? എങ്കില്‍ നെല്ലിക്ക ഇങ്ങനെ കഴിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!