മാവ് കുഴയ്ക്കുമ്പോള്‍ എപ്പോഴും കട്ടിയാകുന്നോ? പാചകം പഠിക്കുന്നവര്‍ക്കായി ചില 'ടിപ്സ്'....

By Web Team  |  First Published Dec 22, 2022, 10:18 AM IST

പാചകമെന്നത് അത്ര നിസാരമായ ജോലിയായി എടുക്കാനും സാധിക്കില്ല. പാചകം ചെയ്ത് തീരെ പരിശീലിക്കാത്തവരാണെങ്കില്‍ പ്രത്യേകിച്ചും.പാചകം പഠിച്ചുതുടങ്ങുന്ന സമയത്ത് നമുക്ക് പല തരത്തിലുള്ള അബദ്ധങ്ങളും സംഭവിക്കാം. ഇത്തരത്തില്‍ സാധാരണഗതിയില്‍ നേരിടുന്ന ചില പ്രശ്നങ്ങളും അവയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുമാണ് ഇനി പങ്കുവയ്ക്കുന്നത്.


അത്യാവശ്യം പാചകം അറിഞ്ഞിരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമായി തന്നെ കണക്കാക്കുന്നൊരു കാലമാണിത്. കാരണം, സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുപോലെ ജോലിക്ക് പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ പാചകമെന്നത് സ്ത്രീയുടെ മാത്രം ബാധ്യതയായി ഇന്ന് കണക്കാക്കപ്പെടുന്നില്ല. 

എന്നാല്‍ പാചകമെന്നത് അത്ര നിസാരമായ ജോലിയായി എടുക്കാനും സാധിക്കില്ല. പാചകം ചെയ്ത് തീരെ പരിശീലിക്കാത്തവരാണെങ്കില്‍ പ്രത്യേകിച്ചും.പാചകം പഠിച്ചുതുടങ്ങുന്ന സമയത്ത് നമുക്ക് പല തരത്തിലുള്ള അബദ്ധങ്ങളും സംഭവിക്കാം. ഇത്തരത്തില്‍ സാധാരണഗതിയില്‍ നേരിടുന്ന ചില പ്രശ്നങ്ങളും അവയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുമാണ് ഇനി പങ്കുവയ്ക്കുന്നത്.

Latest Videos

undefined

ഒന്ന്...

പാചകം അറിയാത്തവര്‍ സ്വാഭാവികമായും ആദ്യഘട്ടത്തില്‍ യൂട്യൂബ് നോക്കിയോ, റെസിപി വായിച്ചോ, ആരെങ്കിലും നല്‍കിയ റെസിപി അനുസരിച്ചോ എല്ലാമായിരിക്കും ഭക്ഷണമുണ്ടാക്കുന്നത്. ഇങ്ങനെ ആണെങ്കില്‍ പോലും ധാരാളം അബദ്ധങ്ങള്‍ സംഭവിക്കാം. അതിനാല്‍ ആദ്യം ചെയ്യേണ്ടത് റെസിപി മനസിരുത്തി വായിക്കലോ കാണുകയോ ആണ്. ഇതിന് ശേഷം വേണ്ട ചേരുവകളെല്ലാം തയ്യാറാക്കിവയ്ക്കണം. ഒന്നും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പാചകം തുടങ്ങുക. ഓരോ സ്റ്റെപ്പും നല്ല ശ്രദ്ധയോടെ വേണം ചെയ്യാൻ. ഇങ്ങനെ ശ്രദ്ധയോടെ കുറച്ചധികം ദൂരം മുന്നോട്ട് പോകുന്നതോടെ പെട്ടെന്ന് പാചകത്തില്‍ തഴക്കം വരാം. 

രണ്ട്...

ഉള്ളി അരിയുമ്പോള്‍ കണ്ണ് കലങ്ങുന്നതും നീറുന്നതും വെള്ളം വരുന്നതുമെല്ലാം പലര്‍ക്കും അസ്വസ്ഥതയാണ്. പാചകം പതിവാകുമ്പോള്‍ ഇതിനോടെല്ലാം നാം എളുപ്പത്തില്‍ ചേര്‍ന്നുപോകും. അതുവരേക്കും ഉള്ളി മുറിക്കുമ്പോള്‍ കത്തിയില്‍ അല്‍പം വിനാഗിരി തേക്കുകയോ, ഉള്ളിയുടെ വേരുഭാഗം കളയാതെ മുറിക്കുകയോ എല്ലാം ചെയ്യുന്നതിലൂടെ കണ്ണെരിയാതെ ഉള്ളി അരിയാം. ഇങ്ങനെയുള്ള പൊടിക്കൈകളെല്ലാം നേരത്തെ മനസിലാക്കിവയ്ക്കാം. 

മൂന്ന്...

പാചകത്തില്‍ പരിശീലനമില്ലാത്തവര്‍ ഏറെക്കാലം നേരിടുന്നൊരു ദുരിതമാണ് മാവ് കുഴയ്ക്കുമ്പോള്‍ അത് ശരിയായി കിട്ടാത്തത്. മാവ് നന്നായി കുഴഞ്ഞുവരാതിരിക്കുകയോ കട്ടിയാവുകയോ എല്ലാമാണ് അധികവും സംഭവിക്കുക. ഇത് ഒന്നുകില്‍ വെള്ളം കുറയുന്നത് കൊണ്ടോ, അല്ലെങ്കില്‍ കൂടുന്നത് കൊണ്ടോ, മാവ് നന്നായി വെള്ളുവമായി യോജിക്കാത്തത് കൊണ്ടോ എല്ലാമാകാം. 

അതിനാല്‍ മാവ് കുഴയ്ക്കുമ്പോള്‍ വെള്ളം അല്‍പാല്‍പമായി മാത്രം ചേര്‍ക്കാൻ ശ്രദ്ധിക്കുക.ഇങ്ങനെ വരുമ്പോള്‍ മാവിന് വെള്ളവുമായി ചേര്‍ന്ന് കുഴ‍ഞ്ഞുവരാൻ സമയമെടുക്കും. അപ്പോള്‍ എത്ര വെള്ളം ഇനിയും വേണമെന്ന് നമുക്ക് കൃത്യമായി മനസിലാക്കാനും സാധിക്കും. അതുപോലെ മാവ് കുഴയ്ക്കാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നത് മാവ് സോഫ്റ്റ് ആയി കിട്ടാൻ ഉപകരിക്കും. 

നാല്...

ചോറുണ്ടാക്കുമ്പോള്‍ അത് ഒട്ടിപ്പോകുന്ന അവസ്ഥയിലാകുന്നതും ചിലര്‍ നിരന്തരം നേരിടുന്ന പ്രശ്നമാകാറുണ്ട്. ഇതിന് ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കാം. അരി മൂന്നോ നാലോ തവണ കുറഞ്ഞത് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. ഇത് അരി പരസ്പരം ഒട്ടുന്നത് ഒഴിവാക്കാൻ സഹായിക്കും. അതുപോലെ വേവിക്കാനിടുമ്പോള്‍ വെള്ളം ചൂടായ ശേഷം മാത്രം ഇടുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുകയും വേണ്ട. 

അഞ്ച്...

കറികള്‍ തയ്യാറാക്കുമ്പോള്‍ മിക്ക കറികളും ഉള്ളി ആദ്യം വഴറ്റിയാണ് തയ്യാറാക്കുന്നത്. ഈ അടിസ്ഥാന കാര്യം മനസിലാക്കുക. ഇതിന് ശേഷമാണ് വെളുത്തുള്ളി- ഇഞ്ച്- പച്ചമുളക് പോലുള്ളവ ചേര്‍ക്കുക. ഇവയെല്ലാം പാകമായാലേ തക്കാളി ചേര്‍ക്കൂ. ഈ മസാല വെന്തുപുവമാകുമ്പോള്‍ മാത്രമാണ് പൊടികള്‍ ചേര്‍ക്കുക. കറികളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ പച്ചവെള്ളം ചേര്‍ക്കാതെ ഇളം ചൂടുള്ള വെള്ളം ചേര്‍ക്കുന്നത് നല്ലതാണ്. ഇത്രയും കാര്യങ്ങളെല്ലാം അടിസ്ഥാനമാണ്.

ആറ്...

കറികളില്‍ ഉപ്പ് കൂടിപ്പോകുന്നതാണ് പാചകം പരിശീലിച്ച് തുടങ്ങുന്നവര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. കറികളില്‍ ഉപ്പ് കൂടിയാല്‍ ആശങ്കപ്പെടേണ്ട അല്‍പം പാല്‍, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്താല്‍ ഇത് പരിഹരിക്കാം. അതുപോലെ കറിയിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ക്കുന്നതും ഉപ്പ് പാകമാകാൻ സഹായിക്കും. കാരണം ഉരുളക്കിഴങ്ങ് അധികമായ ഉപ്പ് പിടിച്ചെടുക്കും. ഈ ഉരുളക്കിഴങ്ങ് വേണമെങ്കില്‍ പിന്നീട് കറിയില്‍ നിന്ന് മാറ്റുകയും ആവാം. 

ഏഴ്...

കറികളും മറ്റും തയ്യാറാക്കുമ്പോള്‍ ഓരോ ഘട്ടത്തിലും രുചിച്ച് നോക്കി വേണം ബാക്കി ചെയ്യാൻ. പലരും ഇത് ചെയ്ത് ശീലിക്കാറില്ല. എന്നാലിത് നിര്‍ബന്ധമാണ്. 

എട്ട്...

എന്ത് തരം ഭക്ഷണങ്ങളാണ് തയ്യാറാക്കുന്നതെങ്കിലും കറിവേപ്പില, മല്ലിയില, പുതിനയില പോലുള്ളവ ചേര്‍ക്കേണ്ടിടത്ത് മിതമായ രീതിയില്‍ ചേര്‍ക്കാൻ മറക്കരുത്. ഇവ ശരിക്കും ഭക്ഷണത്തിന്‍റെ രുചിയെ അതിന്‍റെ പൂര്‍ണതകയിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ്.

Also Read:- അമിതമായി ഭക്ഷണം കഴിക്കുന്നുവോ? വയര്‍ പ്രശ്നത്തിലാകാതിരിക്കാൻ ചെയ്യാവുന്നത്....

click me!