ഇപ്പോഴിതാ മറ്റൊരു തെരുവ് കച്ചവടക്കാരന്റെ പാട്ടും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. മുന്തിരി വില്‍പനക്കാരന്‍ പാടിയ പാട്ടാണ് ആസ്വാദകര്‍ ഏറ്റെടുത്തത്.
രാജ്യത്തെ പിടിച്ചുകുലുക്കിയ പാട്ടാണ് കച്ചാ ബദാം (Kacha Badam). നിലക്കടല വില്‍പ്പനക്കാരനായ ഭൂപന്‍ ബദ്യാകാര്‍ തന്റെ കച്ചവട സമയത്തിനിടെ പാടിയ പാട്ട് ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ കൈവിട്ടുപോയി. ലക്ഷങ്ങളാണ് കച്ചാ ബദാം പാടിയത്. വിവിധ തരത്തില്‍ റീമിക്‌സുകളും പാട്ടിനിറങ്ങി. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലും പാട്ടിന്റെ വിവിധ വേര്‍ഷനുകള്‍ പുറത്തിറങ്ങി. അതോടെ ഭൂപനും പ്രശസ്തിയിലേക്കുയര്‍ന്നു. വളരെ മനോഹരമായി, നാടന്‍ താളത്തിലായിരുന്നു ഭൂപന്റെ പാട്ട്. കുട്ടികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ കച്ചാ ബദാം പാട്ട് ഏറ്റെടുത്തു. ഇപ്പോഴിതാ മറ്റൊരു തെരുവ് കച്ചവടക്കാരന്റെ പാട്ടും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്.
മുന്തിരി വില്‍പനക്കാരന്‍ പാടിയ പാട്ടാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. സാലിമിനായത് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആദ്യമായി പാട്ട് പോസ്റ്റ് ചെയ്തത്. പിന്നീട് നിരവധി പേര്‍ ഏറ്റെടുത്തു. പാട്ട് ഇതുവരെ 25ലക്ഷം പേര്‍ കണ്ടു. ഒന്നരലക്ഷം ആളുകള്‍ ലൈക്ക് ചെയ്തു. വയോധികനായ വില്‍പ്പനക്കാരന്‍ വില്‍ക്കാന്‍ വെച്ച മുന്തിരിക്കടുത്തിരുന്നു മുന്തിരിയുടെ ഗുണഗണങ്ങളും വിലയും എല്ലാം ഉള്‍പ്പെടുത്തിയാണ് പാട്ട്. പാട്ടിനെയും പാട്ടുകാരനെയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.