ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Oct 15, 2022, 10:11 PM IST

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. അതുപോലെ തന്നെ, തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്.


ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യവും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.  അതുപോലെ തന്നെ, തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. 

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും.  ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ധാരാളമായി ഡയറ്റില്‍ ഉൾപ്പെടുത്താം. ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ തലമുടിക്ക് ബലം നല്‍കാനും തലമുടി വളരാനും സഹായിക്കും. 

രണ്ട്...

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട തലമുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഏറെ നല്ലതാണ്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. ഇത് കൂടാതെ മുട്ടയില്‍ ബി12 വിറ്റാമിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. ഒപ്പം ആരോഗ്യമുള്ള ചര്‍മ്മത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു മത്സ്യമാണ് സാൽമൺ. ചർമ്മ സൗന്ദര്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്.  ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാൽമൺ. ഇത് കൊളാജന്റെയും പ്രോട്ടീന്റെയും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കുകയും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടാതെ വിറ്റാമിന്‍ ബി3, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബ12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ തലമുടിയുടെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും.

നാല്...

നട്സ് ആൻഡ് സീഡ്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഒരു പോലെ സഹായിക്കും. പ്രത്യേകിച്ച് വാൾനട്സ് ചർമ്മത്തിന് വളരെ മികച്ചതാണ്. ഗുഡ് ഫാറ്റ്, വിറ്റാമിനുകള്‍, മിനറൽസ് എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. 

അഞ്ച്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. തലമുടിയുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്.

ആറ്...

ചര്‍മ്മാരോഗ്യം വർധിപ്പിക്കാനും തലമുടിയുടെ ആരോഗ്യത്തിനും തക്കാളിയുടെ പങ്ക്  വളരെ വലുതാണ്. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും.  വിറ്റാമിന്‍ എ അടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കും. 

Also Read: പ്രമേഹ രോഗികള്‍ക്ക് ചോറ് കഴിക്കാമോ?

click me!