കഴിഞ്ഞ 15 വർഷത്തോളമായി സിനിമാ മേഖലയിലെ നിറസാന്നിധ്യമായ ബിബൻ ഹിന്ദി, മറാത്തി, തമിഴ്, മലയാളം ഭാഷകളിൽ 200ലധികം സിനിമകളിൽ സൗണ്ട് മിക്സിങ് നിർവഹിച്ചിട്ടുണ്ട്.
അങ്കമാലി: സൂപ്പർതാരം രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രത്തിൽ താരമാകാൻ അങ്കമാലിക്കാരനും. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 2.0 യുടെ സൗണ്ട് മിക്സിങ് നിർവഹിച്ചിരിക്കുന്നത് അങ്കമാലി കിടങ്ങൂർ സ്വദേശിയായ ബിബിൻ ദേവാണ്. കഴിഞ്ഞ 15 വർഷത്തോളമായി സിനിമാ മേഖലയിലെ നിറസാന്നിധ്യമായ ബിബൻ ഹിന്ദി, മറാത്തി, തമിഴ്, മലയാളം ഭാഷകളിൽ 200ലധികം സിനിമകളിൽ സൗണ്ട് മിക്സിങ് നിർവഹിച്ചിട്ടുണ്ട്.
പ്രശസ്ത ബോളിവുഡ് സംവിധായകരായ അനിൽ ശർമ, വിപുൽ ഷാ, ദിപാകർ ബാനർജി തുടങ്ങിയവരുടെ ചിത്രങ്ങളിൽ ഭാഗമായ ബിബൻ ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ ചെയ്ത ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി തന്നെയാണ്. ലൂക്ക ചുപ്പി, സ്കൂൾ ബസ്, മാസ്റ്റർ പീസ്, കമ്മാരസംഭവം, ക്യൂബൻ കോളനി തുടങ്ങി നിരവധി മലയാള സിനിമകളിലും ബിബിൻ പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ ചേതനയിൽ നിന്നാണ് ബിബിൻ ദേവ് സൗണ്ട് എഞ്ചിനിയറിങ് കോഴസ് പൂർത്തിയാക്കിയത്. അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ ദേവസി-മേരി എന്നിവരുടെ മൂന്നു മക്കളിൽ മൂത്തയാളാണ് ബിബിൻ. സഹോദരങ്ങൾ ജിബിൻ ദേവ്, ബിനിതാ അജിത്ത് എന്നിവരാണ്. ഡെൽമിയാണ് ബിബിന്‍റെ ഭാര്യ.
2010ല്‍ പുറത്തെത്തി വന്‍വിജയം നേടിയ യന്തിരന്റെ രണ്ടാംഭാഗമാണ് 2.0. വിവിധ ഭാഷകളിൽ പുറത്തിറക്കുന്ന ചിത്രം ഈ മാസം 29ന് തിയേറ്ററുകളിലെത്തും. രജനിക്കൊപ്പം അക്ഷയ്കുമാര്‍, അമി ജാക്‌സണ്‍, ആദില്‍ ഹുസൈന്‍, സുധാന്‍ഷു പാണ്ഡേ എന്നിവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.