ദിലീപിന്‍റെ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത് പോലീസിന്‍റെ പുതിയ തെളിവ്

By Web Desk  |  First Published Sep 18, 2017, 1:06 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാലാം തവണയും തള്ളുന്നതിന് വിനയായതില്‍ ദിലീപിന്‍റെ ഒരു ഫോണ്‍ കോളും കഴിഞ്ഞ ദിവസം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയും. ദിലീപിനെ ജാമ്യം തടയാനുള്ള ആയുധമായി പ്രോസിക്യൂഷന്‍ ഇതിനെ ഉപയോഗിച്ചു.

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനിയായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപ് ആലുവയിലെ വീട്ടിലുണ്ടായിരുന്നുവെങ്കിലും അന്നു രാത്രിയും പിറ്റേന്ന് പുലര്‍ച്ചെ 2.30 വരെയും ഉണര്‍ന്നിരിപ്പുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഫോണുകള്‍ ഈ സമയം പ്രവര്‍ത്തിച്ചിരുന്നു. നിരവധി പേരുമായി ദിലീപ് ബന്ധപ്പെട്ടിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Latest Videos

undefined

നടിയെ ആക്രമിച്ച ശേഷം വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്ന സമയത്ത് പള്‍സര്‍ സുനി നടിയോട് പിറ്റേന്ന് രാവിലെ 10ന് 'മാഡം' വിളിക്കുമെന്ന് പറഞ്ഞിരുന്നു. പിറ്റേന്ന് നടി രമ്യാ നമ്പീശന്റെ വീട്ടിലായിരുന്നു നടി. അവിടുത്തെ ലാന്‍ഡ് ഫോണിലേക്ക് ദിലീപിന്റെ കോള്‍ എത്തി എന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് അവരെ വിളിച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഓണനാളുകളില്‍ സിനിമാ മേഖല കൂട്ടത്തോടെ ജയിലിലേക്ക് ഒഴുകിയതാണ് ദിലീപിന് വിനയായ മറ്റൊരു സംഭവം. ദിലീപിനെ കണ്ടശേഷം ജയിലിന് പുറത്ത് കെ.ബി ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവന ശരിക്കും തിരിച്ചടിയായി. ജയിലില്‍ കിടക്കുമ്പോഴും ദിലീപ് ശക്തനാണെന്നും ജാമ്യം കിട്ടിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത് ഈ സംഭവമായിരുന്നു. പോലീസിനെ പേടിച്ച് ആരും ദിലീപിനെ കാണാന്‍ വരാതിരിക്കരുതെന്നും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവര്‍ നന്ദി പ്രകടിപ്പിക്കേണ്ട സമയമാണിതെന്നുമായിരുന്നു ഗണേഷ്‌കുമാറിന്റെ പ്രസ്താവന. ദിലീപിന് ഇത് ദോഷം ചെയ്യുമെന്ന് നേരത്തെ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കൂട്ടമാനഭംഗ കുറ്റം ചുമത്താന്‍ കഴിയില്ല എന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദവും പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഇത് വിചാരണ വേളയില്‍ ഉന്നയിക്കേണ്ടതാണെന്നായിരുന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. പ്രോസിക്യൂഷന്റെ ഈ വാദങ്ങള്‍ എല്ലാം പൂര്‍ണ്ണമായി പരിഗണിച്ചാണോ കോടതി ജാമ്യം നിഷേധിച്ചതെന്ന് വ്യക്തമല്ല. ആദ്യഘട്ടത്തില്‍ നടത്തിയ പോലെ ദോഷമായ പരാമര്‍ശമൊന്നും ഇത്തവണ ദിലീപിനു നേര്‍ക്ക് ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്. 'ജാമ്യം നിഷേധിച്ചിരിക്കുന്നു' എന്ന് ഒറ്റവരിയിലുള്ള വിധിവാചകമാണ് ഇന്ന് പറഞ്ഞത്. 

നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് താന്‍ അവരുടെ വീട്ടിലേക്ക് വിളിച്ചിരുന്നതായും അടുത്ത ബന്ധുക്കളോട് സംസാരിച്ചിരുന്നതായും നടി സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്നറിഞ്ഞ് അവിടേക്കു വിളിച്ചിരുന്നുവെന്നും ദിലീപ് മുന്‍പും വെളിപ്പെടുത്തിയിരുന്നതാണ്. പത്തു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളെന്ന നിലയില്‍ ജാമ്യം നല്‍കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് ഈ ഘട്ടത്തില്‍ അധികാരമുണ്ടെങ്കിലും സാധാരണ കോടതികള്‍ അനുവദിക്കാറില്ല. 

സെഷന്‍സ് കോടതികളിലോ ഹൈക്കോടതിയിലോ ആണ് ജാമ്യത്തിന് കൂടുതല്‍ സാധ്യത. മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം ലഭിക്കില്ലെന്ന ബോധ്യത്തോടു കൂടി തന്നെയാണ് ദിലീപ് സമീപിച്ചത്. ഇനി സെഷന്‍സ് കോടതിയിലേക്കോ വീണ്ടും ഹൈക്കോടതിയിലേക്കോ കേസ് എത്തിക്കുന്നതിനുള്ള നീക്കത്തിന്റെ ശ്രമമായാണ നിയമവിദഗ്ധര്‍ ഇതിനെ കാണുന്നത്.

click me!