ജനുവരി എട്ടിനകം മറുപടി നല്‍കണം.
ചെന്നൈ: നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നവംബര്‍ 27നാണ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ ധനുഷ്, നയന്‍താരയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.
ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്‍റിയിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, ധനുഷുമായുള്ള ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പരസ്യ സ്റ്റണ്ട് ആയിരുന്നില്ലെന്ന് നയൻതാര ആദ്യമായി പ്രതികരിച്ചു. ഒരു അഭിമുഖത്തിൽ ആയിരുന്നു താരത്തിന്‍റെ വിശദീകരണം. താൻ പ്രശസ്തിക്കായി ആരെയും വ്യക്തിഹത്യ ചെയ്യുന്ന ആളല്ല. ധനുഷിന്റെ പ്രശ്നം എന്തെന്നറിയാൻ ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ധനുഷുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് മാനേജരോട് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. സാധാരണ താരങ്ങളുടെ മാനേജർമാരോട് സംസാരിക്കാത്ത ആളാണ് ഞാന്‍. എന്തിനാണ് ദേഷ്യം എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ധനുഷ് സംസാരിക്കാൻ തയ്യാറായില്ലെന്നും നയന്‍താര പറഞ്ഞു.
അണിയറ ദൃശ്യങ്ങൾ കരാറിൽ പരാമർശിച്ചിട്ടില്ല. സ്വന്തം ഫോണിൽ എടുത്ത ദൃശ്യങ്ങൾ ആണ് ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചത്. അതിനാൽ പകർപ്പവകാശം ബാധകം ആകില്ല. ശരിയെന്ന് വിശ്വസിക്കുന്ന കാര്യം ചെയ്യാന്‍ ആരെയും പേടിക്കേണ്ടതില്ലെന്നും നയൻതാര വ്യക്തമാക്കി.