അഞ്ച് ഭാഷകളില്‍ നിന്നായി തിയറ്ററുകളിലെത്തുന്ന ദീപാവലി ചിത്രങ്ങളുടെ വിവരങ്ങള്‍
ഇന്ത്യന്‍ സിനിമയിലെ പ്രധാനപ്പെട്ട സീസണുകളിലൊന്നാണ് ദീപാവലി. ആഘോഷ സീസണും പൊതു അവധിയും എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡുമൊക്കെ ലഭിക്കുന്ന ദീപാവലിക്ക് പല സിനിമാ മേഖലകളിലും ആവേശമേറിയ ബോക്സ് ഓഫീസ് മത്സരവും നടക്കാറുണ്ട്. പാന്‍ ഇന്ത്യന്‍ തലത്തില്‍ തിയറ്ററുകളിലെ ദീപാവലി ഇക്കുറിയും കളര്‍ഫുള്‍ ആണ്. വൈവിധ്യമുള്ള ജോണറുകളില്‍ വന്‍ താരനിരയാണ് വിവിധ ഭാഷകളിലായി ഈ ദീപാവലിക്ക് രാജ്യത്തെ ബിഗ് സ്ക്രീനുകളില്‍ എത്തുക. 9 സിനിമകളാണ് ഇത്തവണത്തെ ദീപാവലിക്ക് തിയറ്ററുകളില്‍ എത്തുക.
ഹിന്ദി
ഹിന്ദിയില്‍ നിന്ന് തുടങ്ങിയാല്‍ ബോളിവുഡിലെ ട്വന്‍റി 20 എന്ന് അല്‍പം അതിശയോക്തി കലര്‍ത്തി പറയാവുന്ന സിങ്കം എഗെയ്‍നും ഒപ്പം ഭൂല്‍ ഭുലയ്യ 3 ഉും ദീപാവലി റിലീസുകള്‍ ആണ്. രണ്ട് ചിത്രങ്ങളും നവംബര്‍ 1 നാണ് എത്തുക. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രമായ സിങ്കം എഗെയ്നില്‍ അജയ് ദേവ്‍ഗണ്‍ നായകനായി എത്തുമ്പോള്‍ അക്ഷയ് കുമാറും രണ്‍വീര്‍ സിംഗും ദീപിക പദുകോണും മുതല്‍ സല്‍മാന്‍ ഖാന്‍ വരെ ഒപ്പമുണ്ട്. വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ സീക്വല്‍ എന്ന നിലയില്‍ ഭൂല്‍ ഭുലയ്യ 3 ഉും ബോളിവുഡില്‍ വലിയ ബോക്സ് ഓഫീസ് പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ്.
തെലുങ്ക്
തെലുങ്കില്‍ നിന്നുള്ള രണ്ട് റിലീസുകള്‍ ദുല്‍ഖര്‍ സല്‍മാനെ ടൈറ്റില്‍ കഥാപാത്രമാക്കി വെങ്കി അറ്റ്‍ലൂര് സംവിധാനം ചെയ്ത ലക്കി ഭാസ്കര്‍ ആണ്. വിജയിച്ചാല്‍ ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ അപ്പീല്‍ വര്‍ധിപ്പിക്കാന്‍ പോകുന്ന ചിത്രം. കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത് മഡ്ഡെല സംവിധാനം ചെയ്ത ക ആണ് തെലുങ്കില്‍ നിന്നുള്ള മറ്റൊരു ദീപാവലി റിലീസ്. രണ്ട് ചിത്രങ്ങളും നാളെ എത്തും (ഒക്ടോബര്‍ 31).
തമിഴ്
തമിഴില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഇത്തവണ ദീപാവലിക്ക് എത്തുക. മേജര്‍ മുകുന്ദ് വരദരാജന്‍റെ ജീവിതം പറയുന്ന, ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ആക്ഷന്‍ വാര്‍ ചിത്രം അമരന്‍, ജയം രവി നായകനാവുന്ന കോമഡി ഡ്രാമ ബ്രദര്‍, യുവനിരയിലെ ശ്രദ്ധേയനായ കവിന്‍ നായകനാവുന്ന കോമഡി ഡ്രാമ ബ്ലഡി ബെഗര്‍ എന്നിവയാണ് തമിഴില്‍ നിന്നുള്ള ദീപാവലി റിലീസുകള്‍. മൂന്ന് ചിത്രങ്ങളും നാളെ (ഒക്ടോബര്‍ 31).
മലയാളം, കന്നഡ
കന്നഡത്തില്‍ നിന്നും മലയാളത്തില്‍ നിന്നും ഓരോ ചിത്രങ്ങളാണ് ദീപാവലിക്ക് എത്തുക. ശ്രീ മുരളിയെ നായകനാക്കി ഡോ. സൂരി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബഗീരയാണ് കന്നഡത്തില്‍ നിന്നുള്ള ദീപാവലി റിലീസ്. ഒക്ടോബര്‍ 31 ന് ചിത്രം തിയറ്ററുകളിലെത്തും. മലയാളത്തില്‍ നിന്നുള്ള ഒരേയൊരു ദീപാവലി റിലീസ് എന്‍ വി മനോജ് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ഡ്രാമ ചിത്രം ഓശാനയാണ്. ബാലാജി ജയരാജന്‍ നായകനാവുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും അല്‍ത്താഫ് സലിമും അഭിനയിക്കുന്നുണ്ട്. നവംബര്‍ 1 നാണ് ചിത്രത്തിന്‍റെ റിലീസ്.
ALSO READ : കേന്ദ്ര കഥാപാത്രം ഒരു ബൈക്ക്; 'യമഹ' ചിത്രീകരണം ആരംഭിച്ചു