സിനിമയിലെ ചേസിങ് സീനുകൾ ഡ്യൂപ്പില്ലാതെയാണ് ചെയ്തത്..
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' തിയേറ്ററുകളിൽ ആളെ നിറയ്ക്കുകയാണ്. ജോജുവിലെ നടനെ പരിചയമുള്ള പ്രേക്ഷകർ അദ്ദേഹത്തിൻ്റെ സംവിധാന മികവിലും തൃപ്തി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ സിനിമ കണ്ടിറങ്ങിയവരെ ഞെട്ടിച്ചത് വില്ലന്മാരായി എത്തിയ യുവ താരങ്ങളായ സാഗർ സൂര്യയും ജുനൈസുമാണ്. തിയേറ്ററിൽ ആളുകൾ തല്ലാനോങ്ങിയ അനുഭവമുണ്ടായതായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ സാഗറും ജുനൈസും പറഞ്ഞു. കഥാപാത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയാണിതെന്നാണ് ഇരുവരുടെയും അഭിപ്രായം.
'ജോജു ചേട്ടൻ എങ്ങനെ ഈ കഥാപാത്രമായി എന്നെ ചിന്തിച്ചുവെന്ന് ആദ്യമൊക്കെ സംശയം തോന്നിയിരുന്നു. അദ്ദേഹമാണ് എന്നെ സിജുട്ടനാക്കി മാറ്റിയത്. നിഷ്കളങ്കമായ മുഖഭാവമാണ് ഞങ്ങൾക്കിരുവർക്കും. സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകർ തല്ലാൻ വരുന്ന അനുഭവം പോലും തിയേറ്റർ സന്ദർശനവേളയിലുണ്ടായി,' ജുനൈസ് പറഞ്ഞു.
'മലയാള സിനിമയിൽ കണ്ടുവന്ന വില്ലന്മാരുടെ സ്വഭാവമല്ല ഞങ്ങളുടെ കഥാപാത്രങ്ങൾക്ക്. വലിയ പൊക്കമോ ശരീരമോ ഇല്ല. എന്നാൽ ഏത് കൊമ്പന്മാരെയും വീഴ്ത്താൻ ഇതൊന്നും ആവശ്യമില്ലെന്നതാണ് സത്യം. പണിയും അതുതന്നെയാണ് പറയുന്നത്,' സാഗർ കൂട്ടിച്ചേർത്തു.
തൃശൂരിൽ ഒരുമാസത്തോളം കാലം താമസിച്ച് അഭിനയക്കളരിയിൽ പങ്കെടുത്താണ് സാഗറും ജുനൈസും കഥാപാത്രങ്ങളായത്. ഒന്നര വർഷമാണ് സിനിമയ്ക്ക് വേണ്ടി ചെലവിട്ടത്. അഭിനയത്തിൻ്റെയും അനുഭവങ്ങളുടെയും സർവകലാശാലയെന്നാണ് ആ കാലഘട്ടത്തെ ജുനൈസ് വിശേഷിപ്പിച്ചത്. ജോജുവുമായി ഏറ്റുമുട്ടുന്ന സീനുകൾക്ക് വലിയ സ്വീകാര്യതയാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. സിനിമയിലെ ചേസിങ് സീനുകൾ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്നും ഇരുവരും വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന താരമാണ് ജുനൈസ്. തട്ടീം മുട്ടീം സീരിയലിൽ തുടങ്ങി 'ഉപചാരപൂർവം ഗുണ്ട ജയൻ', 'കാപ്പ', 'കാസർഗോൾഡ്', 'ജനഗണമന', 'ജോ ആൻഡ് ജോ' തുടങ്ങിയ ചിത്രങ്ങളിൽ സാഗർ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോ നൽകിയ ജനശ്രദ്ധകൂടിക്കൊണ്ടാണ് ഇരുവരും 'പണി'യിലെത്തിയത്.