ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനി എന്ത് ? നിലപാട് വ്യക്തമാക്കി പാർവതി തിരുവോത്ത് - അഭിമുഖം

By Web Team  |  First Published Aug 21, 2024, 10:43 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി പാര്‍വതി തിരുവോത്ത് ആദ്യമായി പ്രതികരിക്കുന്നു. 


റെ കാലത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ രണ്ട് ദിവസം മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിൽ നടക്കുന്ന ഞെട്ടിക്കുന്ന ചൂഷണങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് കേരളക്കരയും. ഈ അവസരത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ആദ്യ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അം​ഗവുമായ പാർവതി തിരുവോത്ത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിലെ പ്രസക്ത ഭാ​ഗങ്ങൾ ചുവടെ. 

സിനിമയിലെ ചൂഷണങ്ങൾ സത്യമാകുമ്പോൾ..

Latest Videos

undefined

റിപ്പോർട്ട് വന്ന സമയത്ത് അടക്കിവയ്ക്കാൻ സാധിക്കാത്തത്ര സങ്കടമായിരുന്നു. എന്റെ ചുരുക്കം ചില സുഹൃത്തുക്കൾ മാത്രമാണ് അത് കണ്ടിട്ടുള്ളത്. ഇപ്പോഴും ഞാൻ ഇമോഷണലാണ്. ഡബ്യൂസിസി എന്നത് ഒരൊറ്റ ആളല്ല. നമ്മൾ എല്ലാവരും ആണ് എന്നുള്ള ഒരു വാല്യൂ ആണ് കളക്ടീവിൽ എപ്പോഴും ഉണ്ടായിട്ടുള്ളത്. എനിക്കൊപ്പം ഉള്ള മറ്റ് അം​ഗങ്ങൾ അവരുടെ കരിയർ ത്യാ​ഗം ചെയ്തിട്ടുണ്ട്, അവരുടെ ജീവിതം ത്യാ​ഗം ചെയ്തിട്ടുണ്ട്. അവരുടെ സുരക്ഷിതത്വം ത്യാ​ഗം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ അതൊരു കയ്പേറിയ മധുരം കൂടിയാണ്. ഞങ്ങൾ കടന്നുപോയ അന്യായങ്ങളെ പറ്റി പറയുമ്പോൾ 'നിങ്ങൾ കള്ളത്തരം പറയുന്നു', എന്ന കൈ ചൂണ്ടലുകൾ. നാലര വർഷം എന്നത് ചെറിയൊരു സമയമല്ല. ഈ കാലങ്ങളിൽ നമ്മൾ ഓരോ ദിവസവും അങ്ങോട്ടും ഇങ്ങോട്ടും താങ്ങായി മുന്നോട്ട് പോയി. ഇതൊരു വിജയമാണോ എന്ന് ചോദിച്ചാൽ വിജയമാണ്. മുന്നോട്ട് എല്ലാ സ്ത്രീകൾക്കും ഈ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള വലിയൊരു കവാടം തന്നെയാണ് തുറന്നിരിക്കുന്നത്. പക്ഷേ ഞങ്ങളുടെ ഉള്ളിലുള്ളൊരു തീക്കനൽ ഇപ്പോഴും അണയാതെ തന്നെയുണ്ട്. 

ഇനി മുന്നോട്ടുള്ള യാത്ര

യഥാർത്ഥത്തിൽ നമ്മൾ വളരെ വൈകിയാണ് കാര്യങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഒരുപാട് ആൾക്കാരുടെ ജീവിതവും അവരുടെ കരിയറും ത്യാ​ഗങ്ങൾ മാത്രമായ നാലര വർഷവും എല്ലാം ആയി നമ്മൾ വളരെ പിന്നിലാണ്. ഇനി മുന്നോട്ടുള്ള യാത്ര എത്രത്തോളം വേ​ഗത്തിലും വ്യക്തതയോടെയും ആണെന്നത് കൾച്ചറൽ മിനിസ്റ്ററും സർക്കാരും സജസ്റ്റ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും. എല്ലാ കൊള്ളരുതായ്മയുടെയും തെളിവുകൾ ലഭിച്ചു കഴിഞ്ഞു. അതിനെ തരണം ചെയ്യാൻ വർക് സ്പെയിസുകളിൽ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ഇനി കൊണ്ടുവരേണ്ടത് എന്നാണ് നോക്കേണ്ടത്. അതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ ആദ്യത്തെ ഉദ്ദേശ്യം. ബാക്കിയുള്ളത് പിന്നീട് നമ്മൾ നോക്കേണ്ട കാര്യമാണ്. ഒരു അതിജീവിതയുടെ ചോയ്സ് ആണ് ആ പരാതിയുമായി മുന്നോട്ട് പോകണമോ വേണ്ടയോ എന്നത്. അതെപ്പോഴും അവരുടെ തന്നെ തീരുമാനം ആണ്. ഇനി അതല്ല പോക്സോ നിയമപ്രകാരമോ അല്ലാതെ സ്വമേധയ കേസ് എടുക്കേണ്ട സിറ്റുവേഷനുകൾ ഉണ്ടെങ്കിൽ സർക്കാർ അതിലേക്ക് ശ്രദ്ധ ചൊലുത്തണം എന്നാണ്, അതിലാണ് നമ്മുടെ പ്രതീക്ഷ. 

പേര് പറഞ്ഞിട്ട് ഏത് സ്ത്രീയ്ക്കാണ് നീതി ലഭിച്ചിട്ടുണ്ട്

ഇത്രയും സ്ത്രീകൾ പരാതിയുമായി മുന്നോട്ട് പോകാൻ കാരണം രഹസ്യസ്വഭാവം ഉള്ളത് കൊണ്ടാണ്. അതില്ലായിരുന്നെങ്കിൽ അൻപത് പേരിൽ പത്ത് പേർ പോകുമായിരിക്കും. ഇല്ലെങ്കിൽ അഞ്ച് പേരുണ്ടാകും. അതിൽ ചുരുക്കം ചില ആളുകളാണ് പ്രിവിലേജ് ഉള്ളത് കൊണ്ടും കുറച്ച് പേടി കുറവുള്ളത് കൊണ്ടും മുന്നോട്ട് പോയത്. പക്ഷേ ചിലർ വന്നത് രഹസ്യസ്വഭാവത്തിന്റെ അടിസ്ഥാനത്തിലും. ഇതിന് മുൻപ് ഏത് സ്ത്രീയ്ക്കാണ് പേര് പറഞ്ഞിട്ട് നീതി ലഭിച്ചിട്ടുള്ളത്. പേരുകൾ വന്നു കഴിഞ്ഞാൽ ഒരുപാട് യുട്യബ് സംവാദങ്ങൾ നടക്കും ചാനൽ ചർച്ചകൾ നടക്കും അതിൽ വരുന്ന ഓരോരുത്തരും ഞങ്ങളെ നാണം കെടുത്തും നമ്മളെ തള്ളിമാറ്റും. ഇതിന്റെ ഒക്കെ ആകെ തുകയെന്നവണ്ണം സിനിമയിൽ നിന്നും പിന്നെയും നമ്മളെ പുറത്താക്കും. ഒടുവിൽ നമുക്ക് ആര് ജോലി കൊണ്ട് തരും? ഞങ്ങളുടെ വക്കീൽ ഫീസ് ആര് കൊടുക്കും? ഞങ്ങളുടെ മാനസികാരോ​ഗ്യം ആര് ഏറ്റെടുക്കും? അതിജീവിക്കുക എന്നത് അത്ര സുകകരമായ അവസ്ഥയല്ല. ലോ ആൻഡ് ഓർഡറിൽ വിശ്വാസം ഉള്ളത് കൊണ്ടാണ് വീണ്ടും അതിന് പുറകെ പോകുന്നത്. 

സർക്കാരിൽ വിശ്വാസം, വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കണോ?

ഡബ്യൂസിസിയ്ക്ക് സർക്കാരിൽ വിശ്വാസം ഇല്ലാതിരിക്കാൻ കഴിയില്ല. ഞങ്ങൾക്ക് വേറെയൊരു ചോയ്സ് ഇല്ല. നമ്മൾ വോട്ട് ചെയ്ത്, ടാക്സ് കൊടുത്തും അധികാരത്തിൽ കൊണ്ടുവന്നൊരു സർക്കാർ ഉണ്ടെങ്കിൽ അവർ നമ്മളെ സേവിക്കണം. 

കോൺക്ലേവിന്റെ ഡീറ്റൈൽസ് എന്താണ് എന്നറിയാൻ കാത്തിരിക്കുന്ന ആളാണ് ഞാൻ. ഇതിൽ സിനിമ- സീരിയലിലുള്ള എല്ലാവരെയും വിളിച്ച് വരുത്തുകയാണെങ്കിൽ, അതിൽ വേട്ടക്കാരും ഇരകളും ഉണ്ടാകും. അത്തരത്തിൽ സംവേദനക്ഷമതയില്ലാതെയാണ് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നതെങ്കിൽ ആ കോൺക്ലേവിന്റെ ഉദ്ദേശ ശുദ്ധിയെ നമുക്ക് മനസിലാക്കാം. മറിച്ച് അതനുസരിച്ചുള്ള നടപടികൾ എടുത്ത് കൊണ്ടാണ് നടത്തുന്നതെങ്കിൽ അതു കണ്ടുതന്നെ അറിയേണ്ടതാണ്. കളക്ടീവിലെയും മറ്റ് സംഘടനകളിലെയും എക്സിക്യുട്ടീവ് അം​ഗങ്ങളെയും വക്താക്കളായി നിൽക്കുന്നവരെയും ആദ്യം വിളിക്കുക. പ്രശ്നങ്ങൾ ചർച്ച ചെയ്യുക. എന്നിട്ട് ട്രൈബ്യൂണൽ എന്താണ് ? കോൺക്ലേവ് എന്താണ്? എന്ന് മനസിലാക്കിക്കണം. ഇതൊന്നും അറിയാതെ എങ്ങനെയാണ് നമ്മളതിനെ സ്വീകരിക്കുക. വളരെ ഡീറ്റൈൽ ആയിട്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചാൽ മാത്രമെ കളക്ടീവിനും എന്തെങ്കിലും പറയാൻ പറ്റുള്ളൂ. 

ഇരയെയും വേട്ടക്കാരെയും ഒരു പോലെ നിർത്തുന്ന ബാലൻസിം​ഗ് ​ഗെയിം ആണോ സർക്കാർ നടത്തുന്നത് എന്ന കാര്യത്തിൽ എനിക്ക് ഒരു ഐഡിയയും ഇല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ല. അപ്പോൾ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചത്. അപ്പോൾ എന്തടിസ്ഥാനത്തിലാണ് നമ്മളിൽ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നത്. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പലയിടത്തും നടപടിയിൽ അഭാവമുണ്ടായി. എന്നാൽ സ്ത്രീകളുടെ അവകാശത്തെയും മൂല്യത്തെയും ചെറുതാക്കി കണ്ടു. സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ നയങ്ങൾക്ക് തന്നെ വിപരീതമായി കാര്യങ്ങൾ നടന്നു

'അമ്മ' ചർച്ചയ്ക്ക് വിളിച്ചോ? 

അങ്ങനെ ഒരു ചർച്ചയ്ക്ക് അവർ വിളിച്ചിട്ടില്ല. ഡബ്യൂസിസി തന്നെ 233 പേജുള്ള റിപ്പോർട്ട് പഠിക്കണം എന്ന് പറയുന്നു. അതുകൊണ്ട് അവരും പഠിക്കട്ടെ. എന്നിട്ട് പറയാനുള്ളത് പറയൂ. അത് കേൾക്കാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അങ്ങനെ പ്രതികരിക്കേണ്ടൊരു ​ഗതികേടിലേക്ക് എത്തണമല്ലോ. അങ്ങനെ പ്രതികരിപ്പിക്കാൻ പറ്റി എന്നത് ഒരു ജനയുടെ വിജയം കൂടിയാണ്. ഡബ്യൂസിസിയിൽ നിന്നും പുറത്ത് പോയ സ്ഥാപക അം​ഗത്തെ കുറിച്ച് പറയാനോ മറുപടി പറയാനോ എനിക്ക് തോന്നിയിട്ടില്ല. കളക്ടീവിനും അത് തോന്നിയിട്ടില്ല. ഞങ്ങളുടെ യാത്രയ്ക്ക് ഒരു ഉദ്ദേശ ശുദ്ധിയുണ്ട്. അതിലൊരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. എത്രയോ പേർ കളക്ടീവിന്റെ ഭാ​ഗമായിട്ടുണ്ട്. അല്ലാതായിട്ടുണ്ട്. അവർ നൽകിയ എല്ലാ സംഭാവനകൾക്കും നമ്മൾ വലിയ വില കൊടുക്കുന്നുണ്ട്. 

പാർവതി തിരുവോത്തിന് അവസരങ്ങൾ നഷ്ടമായത്

ഇതിനകം ഞാൻ നിരവധി ഹിറ്റ് സിനിമകള്‍ ചെയ്‍തിട്ടും അവസരം നിഷേധിച്ചു. ഡബ്ല്യുസിസിയില്‍ നിന്ന നിരവധി അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാതിരുന്നിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തിലും മീ ടു ആരോപണം ഉന്നയിച്ചവര്‍ക്കുമൊക്കെ അങ്ങനെ ഡബ്ല്യുസിസിയുടെ ഭാഗമായവര്‍ക്ക് അവസരമില്ലാതായിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ നിങ്ങളും ഡബ്ല്യുസിസിയാണോയെന്ന് പരിഹസിക്കുന്ന ചോദ്യം നേരിട്ട പോസ്റ്റ് സ്‍ത്രീകളുടേതായി കണ്ടിട്ടുണ്ട്. അങ്ങനെ കണ്ട് സംസാരിച്ചാല്‍ മതിയെന്നും പറഞ്ഞു ഒരു കുട്ടി. പിന്നീട് അവരോടുള്ള പെരുമാറ്റത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഡബ്ല്യുസിസിയുടെ അംഗമായി മാറിയാല്‍ പേടിപ്പിക്കുന്ന കാര്യം ആണോ. അങ്ങനെ പേടിക്കേണ്ടവര്‍ക്ക് മാത്രമേ പേടിക്കേണ്ടൂ.

'ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യമില്ല, നടപടി എടുക്കേണ്ടത് സർക്കാർ, അമ്മ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ല': പാർവതി

എനിക്ക് അവസരം കിട്ടിയില്ല എന്നത് തനിക്ക് പ്രശ്‍നമല്ല. ടേക്ക് ഓഫ്, കൂടെ, ഉയരെ സിനിമകളൊക്കെ വൻ വിജയമായി. എന്തുകൊണ്ടാണ് എന്നിട്ടും ഒരുപാട് മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നത്. സിനിമ ഒന്ന് ഹിറ്റായാല്‍ അഞ്ച് വര്‍ഷം നിരവധി അവസരങ്ങളുണ്ടാകും. അങ്ങനെ വലിയ അവസരങ്ങള്‍ എനിക്ക് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല. പ്രൊജക്റ്റകള്‍ അങ്ങനെ സാധാരണ വരാതിരിക്കില്ല. അതിനാല്‍ എനിക്ക് പിന്നീട് മലയാള സിനിമയില്‍ അവസരം ലഭിക്കാതിരുന്നത് സംശയമുണ്ടാക്കുന്നതാണ്. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. അതുകൊണ്ട് ഞാൻ ഡബ്ല്യുസിസി അംഗമാകാതിരിക്കില്ല. ഒരു നടിയെന്ന നിലയില്‍ എന്തായാലും ഞാൻ അതിജീവിക്കും എന്ന് ഉറപ്പ് ഉണ്ട്.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം..

click me!