മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർത്ഥി നിർണയത്തിൽ പുനരാലോചനയുണ്ടായ മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ശങ്കർ റൈ മാസ്റ്ററെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു
കാസർകോട്: മഞ്ചേശ്വരത്ത് വിവി രമേശനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനം. സംസ്ഥാന കമ്മിറ്റിയെ സ്ഥാനാർത്ഥി നിർണയ തീരുമാനം അറിയിക്കും. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാർട്ടി ഏരിയാ കമ്മിറ്റി ഇക്കാര്യത്തിൽ ഏകകണ്ഠേന തീരുമാനം എടുത്തു. ഇന്ന് വൈകുന്നേരത്തോടെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ വ്യക്തമാക്കി.
മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർത്ഥി നിർണയത്തിൽ പുനരാലോചനയുണ്ടായ മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ശങ്കർ റൈ മാസ്റ്ററെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലുയർന്ന ധാരണ മഞ്ചേശ്വരത്ത് ഇന്ന് ചേർന്ന സിപിഎം മണ്ഡലം കമ്മിറ്റി നേതൃയോഗത്തിൽ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ പങ്കെടുത്ത യോഗത്തിൽ ശങ്കർ റൈയും വേണ്ടെന്ന് പ്രാദേശിക നേതാക്കൾ നിലപാടെടുത്തു. ഇതോടെയാണ് വിവി രമേശന് സ്ഥാനാർത്ഥിയാകാൻ വഴിതെളിഞ്ഞത്.
നേരത്തെ കെആർ ജയാനന്ദയുടെ പേരാണ് സംസ്ഥാന കമ്മിറ്റി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. എന്നാൽ ജയാനന്ദയ്ക്ക് ഹിന്ദു വോട്ടുകൾ സമാഹരിക്കാനാവില്ലെന്ന മണ്ഡലം കമ്മിറ്റി നേതാക്കളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം പുനപരിശോധിക്കുകയായിരുന്നു. നേരത്തെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ശങ്കർ റൈ മാസ്റ്ററായിരുന്നു സിപിഎം സ്ഥാനാർത്ഥി. എന്നാൽ പ്രതീക്ഷിച്ച നിലയിൽ വോട്ടുകൾ സമാഹരിക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ശങ്കർ റൈയെ മാറ്റി ജയാനന്ദയെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. എന്നാൽ തീരുമാനത്തിൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എതിർപ്പുന്നയിച്ചതോടെയാണ് വീണ്ടും ശങ്കർ റൈയെ തന്നെ മത്സരിപ്പിക്കാമെന്ന ധാരണയിലേക്ക് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം എത്തിയത്.