സ്പെഷ്യൽ അരി വിതരണം തടഞ്ഞതിനെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ നീക്കം, വിഷുക്കിറ്റ് വിതരണം ഏപ്രിൽ 1 മുതൽ

By Web Team  |  First Published Mar 27, 2021, 1:11 PM IST

സംസ്ഥാന സര്‍ക്കാരിന്റെ വിഷുക്കിറ്റ്  വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. നേരത്തെ മാ‍ര്‍ച്ച് അവസാന വാരം നടത്താനിരുന്ന അരി വിതരണമാണ് ഏപ്രിലിലേക്ക് മാറ്റിയത്.


തിരുവനന്തപുരം: വെള്ള, നീല കാർഡ് ഉടമകൾക്കുള്ള സ്പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ നിയപരമായി
നേരിടാൻ സംസ്ഥാന സർക്കാർ നീക്കം. മുൻഗണനേതര വിഭാഗങ്ങൾക്ക് 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിനെതിരെ കോടതിയെ സമീപിച്ച് നിയമനടപടിയെടുക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ നീക്കം. വെള്ള, നീല കാര്‍ഡുടമകൾക്കുള്ള 15 കിലോ അരി വിതരണമാണ് കമ്മീഷൻ ഇടപെട്ട് തടഞ്ഞത്.  

അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വിഷുക്കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. നേരത്തെ മാ‍ര്‍ച്ച് അവസാന വാരം നടത്താനിരുന്ന അരി വിതരണമാണ് ഏപ്രിലിലേക്ക് മാറ്റിയത്. സർക്കാരിന്‍റെ അരിവിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അരി വിതരണം നടത്തുമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. 

Latest Videos

അതിനിടെ തെരഞ്ഞെടുപ്പിൽ അന്നംമുടക്കി ആരോപണം സർക്കാരും പ്രതിപക്ഷവും ശക്തമാക്കി. സർക്കാരിന്‍റെ അരിവിതരണത്തിൽ ചെന്നിത്തല നൽകിയ പരാതി ഉയർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്നാൽ സെപ്റ്റംബർ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി ഏഴ് മാസം തടഞ്ഞ് അന്നം മുടക്കിയത് സർക്കാരെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. 

click me!