'മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ചു'; സിപിഎം നേതാവിനെതിരെ ട്വന്‍റി 20 പ്രവർത്തകന്‍റെ പരാതി

By Web Team  |  First Published Apr 6, 2021, 11:31 PM IST

എറണാകുളം ജില്ലയിൽ ട്വൻ്റി ട്വൻ്റി മത്സരിച്ച് മണ്ഡലങ്ങളിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. സ്വാധീന മേഖലയായ കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 82 ലെത്തിയത്. 


കൊച്ചി: എറണാകുളം കുന്നത്തുനാട് തിരുവാണിയൂരിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകനെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സിപിഎമ്മിൽ നിന്ന് രാജിവെച്ച് ട്വൻ്റി ട്വൻ്റിയിൽ ചേർന്ന കെ കെ ജോസിനെ മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി ആർ പ്രകാശിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ട്വൻ്റി ട്വൻ്റി അറിയിച്ചു. 

പരിക്കേറ്റ കെ കെ ജോസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം വിട്ട് ട്വൻ്റി ട്വൻ്റിയിൽ പ്രവർത്തിച്ചതിൻ്റെ വൈരാഗ്യമാണ് മുളകുപൊടിയെറിഞ് മർദ്ദിക്കാൻ കാരണമെന്ന് കെ കെ ജോസ് പറഞ്ഞു. എന്നാൽ ട്വൻ്റി ട്വൻ്റിയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് സിപിഎം പ്രദേശിക നേതൃത്വം പ്രതികരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സായുധ സേനയെ വിന്യസിച്ചു.

Latest Videos

undefined

എറണാകുളം ജില്ലയിൽ ട്വൻ്റി ട്വൻ്റി മത്സരിച്ച് മണ്ഡലങ്ങളിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. സ്വാധീന മേഖലയായ കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 82 ലെത്തിയത്. ഉയർന്ന പോളിങ് ട്വൻ്റി ട്വൻ്റിക്ക് അനുകൂലമെന്ന് പാർട്ടി പ്രസിഡൻ്റ് സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ, ഉയർന്ന പോളിങ് ശതമാനത്തിൻ്റെ ആരെ തുണക്കുമെന്ന കാര്യത്തിൽ ട്വൻ്റി ട്വൻ്റിക്ക് മാത്രമല്ല മുന്നണികൾക്കും ആശങ്കയുണ്ട്.

കുന്നത്തുനാട്, പെരുമ്പാവൂർ, കോതമഗംലം, മൂവാറ്റു പുഴ, തൃക്കാക്കര, വൈപ്പിൻ, കൊച്ചി, എറണാകുളം എന്നീ എട്ട് മണ്ഡലങ്ങളിലാണ് ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥികൾ മത്സരിച്ചത്. കുന്നത്തു നാട്ടിലും പെരുന്പാവൂരിലുമാണ് മുന്നണികളെ ആട്ടി മറിച്ച് ട്വൻ്റി ട്വൻ്റി വിജയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ത്രികോണ മത്സരം കണ്ട മണ്ഡലം  ഇത്തവണ ചതുഷ്കോണ മത്സരമായപ്പോൾ അമിത ആത്മ വിശ്വാസത്തിൽ ആരുമില്ല. ട്വൻ്റി ട്വൻ്റിയുടെ സ്വാധീന കേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ഉണ്ടായത് തങ്ങളെ തുണക്കു മെന്നാണ് അവരുടെ കണക്കു കൂട്ടൽ. എന്നാൽ 2016 ലേതിനു സമാനമായ ഉയർന്ന പോളിങ് ഇത്തവണയും രേഖപ്പെടുത്തിയപ്പോൾ ട്വൻ്റി ട്വൻ്റി കൊണ്ടുപോയത് ഏത് മുന്നണിയുടെ വോട്ടാണെന്നതാണ് ആശങ്ക. 

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായതിന് സമാനമായ സംഘർഘങ്ങളൊന്നും ഇത്തവണ കുന്നത്തുനാട്ടിൽ ഉണ്ടായില്ല. വോട്ടർമാർക്ക് കേന്ദസേന സുരക്ഷ കൂടി ഒരുക്കിയതോടെ ഒന്നിടവിടാതെ വോട്ടുകൾ പോൾ ചെയ്തു. ട്വൻ്റി ട്വൻ്റി മത്സരിച്ച കോതമംഗലത്തും പെരുമ്പാവൂരും പോളിംഗ് 76 ശതമാനം കടന്നിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ ആര് ജയിക്കണമെന്ന് ട്വൻ്റി ട്വൻ്റി കൂടി തീരുമാനിക്കും എന്ന നിലയാലാണ് കാര്യങ്ങൾ.

click me!