'പറഞ്ഞ വാക്കൊന്നും പാലിച്ചില്ല'; സർക്കാരിനെതിരെ തൃശ്ശൂർ അതിരൂപത, ബിജെപിക്കും വിമർശനം

By Web Team  |  First Published Apr 2, 2021, 9:38 AM IST

 ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റിനിർത്തണമെന്നും വിശ്വാസികളോട് അതിരൂപത നിർദ്ദേശിച്ചിട്ടുണ്ട്. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സർക്കാരിനെതിരെയുള്ള രൂക്ഷവിമർശനം.


തൃശ്ശൂർ: സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃശ്ശൂർ അതിരൂപത രം​ഗത്ത്. പറഞ്ഞ വാക്കൊന്നും സർക്കാർ പാലിച്ചില്ലെന്നാണ് വിമർശനം. സർക്കാർ വന്നിട്ട് എല്ലാം ശരിയായത് ചില  നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണ്. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവ്വം വിനിയോ​ഗിക്കണം. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റിനിർത്തണമെന്നും വിശ്വാസികളോട് അതിരൂപത നിർദ്ദേശിച്ചിട്ടുണ്ട്. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സർക്കാരിനെതിരെയുള്ള രൂക്ഷവിമർശനം.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുകയാണ്  മുഖപത്രമായ കത്തോലിക്കസഭയിലൂടെ
തൃശൂര്‍ അതിരൂപത. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയതാണ് എല്‍ഡിഎഫ് സര്ക്കാര്‍.എന്നാല്‍ ഒന്നും നടന്നില്ല.കടമെടുത്ത് കാശെറിഞ്ഞ് കണ്ണില്‍ പൊടിയിട്ട് വീരാരാധന ജനിപ്പിച്ച് ജനങ്ങളെ കഴുതയാക്കുകയാണ് സർക്കാർ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആരും ശ്രദ്ധിക്കാത്ത രീതിയില്‍ പിൻവാതില്‍ നിയമനങ്ങള്‍ അടക്കം നടത്തിയെന്നും വിമര്‍ശനമുണ്ട്. 

Latest Videos

അതേസമയം ബിജെപിയുമായി തൃശൂര്‍ അതിൂരൂപത കൂടുതല്‍ അടുക്കുന്നു എന്ന സൂചനക്കിടെ എൻഡിഎയ്ക്കെതിരെയും രൂക്ഷവിമർശനമുണ്ട്.
ജനാധിപത്യത്തെ അട്ടിമറിച്ച് സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ഭൂരിപക്ഷവര്‍ഗീതയുടെ കാല്‍കീഴിലാക്കാനുളള രാഷ്ട്രീയ അട്ടിമറികള്‍ നടക്കുന്നുണ്ട്. വർ​ഗീയാധിപത്യത്തിന് ഇതുവരെ കേരളം തലവെച്ചുകൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാകരുത്. അതിനാല്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് വിശ്വാസികള്‍ ഒരു വോട്ട് പോലും പാഴാക്കരുതെന്നാണ് ആഹ്വാനം. ക്രൈസ്തസഭയെയും വിശ്വാസികളെുയും ഒപ്പം നിര്‍ത്താൻ പ്രത്യേക കര്‍മ്മപദ്ധതി രൂപീകരിച്ച് ബിജെപി മുന്നോട്ടുപോകുകയും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ അതിരൂപത ആസ്ഥാനത്തെത്തി പിന്തുണ തേടുകയും ചെയ്യുന്നതിനിടെയാണ് ഈ വിമര്‍ശനം. മുൻലക്കങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെയാണ് പ്രധാന വിമര്‍ശനം വന്നിരുന്നതെങ്കില്‍ ഇത്തവണ യുഡിഎഫിനെതിരയോ കോണ്‍ഗ്രസിനെതിരെയോ ഒരക്ഷരം പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്.ന്യൂനപക്ഷവോട്ടര്‍മാര്‍ ഏറെയുളള തൃശൂര്‍,ഒല്ലൂര്‍,പുതുക്കാട് മണ്ഡലങ്ങളില്‍ സഭയുടെ നിലപാട് ഏറെ നിര്‍ണായകമാണ്.

click me!