മോദിയെ അനാവശ്യമായി വിമർശിക്കുന്നവർ ദേശഭക്തരല്ലെന്ന് ഇ ശ്രീധരൻ

By Web Team  |  First Published Mar 26, 2021, 11:05 AM IST

ബിജെപി 75 സീറ്റുവരെ നേടാനുള്ള സാധ്യത പോലും നിലനിൽക്കുന്നുണ്ട് എന്നും ശ്രീധരൻ ബിബിസി ഹിന്ദിയോട് പറഞ്ഞു. 
 


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി വിമർശിക്കുന്നവർ ദേശഭക്തരല്ല എന്ന പരാമർശവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ. ബിബിസി ഹിന്ദിയിലെ സുബൈർ അഹമ്മദിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീധരന്റെ ഈ പ്രതികരണം ഉണ്ടായത്. പ്രഗത്ഭനായ ഒരു പൊതുമരാമത്ത് വിദഗ്ധൻ എന്ന നിലയിൽ നിർമാണ മേഖലയിൽ തനിക്കുള്ള മികച്ച പ്രതിച്ഛായ ഈ തെരഞ്ഞെടുപ്പിൽ വോട്ടായി മാറും എന്നും ശ്രീധരൻ പറഞ്ഞു. രാജ്യത്തെമ്പാടും നിരവധി മെട്രോകൾ നിർമിച്ച ശ്രീധരൻ, ഇനി കേരളത്തിൽ ഒരു ഫലപ്രദമായ സർക്കാരും കെട്ടിപ്പടുക്കും എന്നാണ് അണികളുടെ വാദം. 

"ഇത്തവണ ബിജെപി കേരളത്തിൽ കാര്യമായ മുന്നേറ്റം തന്നെ നടത്തും. ഞാൻ കരുതുന്നത് ഏറ്റവും ചുരുങ്ങിയത് നാൽപതു സീറ്റെങ്കിലും എൻഡിഎ നേടും എന്നുതന്നെയാണ്. ബിജെപി 75 സീറ്റുവരെ നേടാനുള്ള സാധ്യത പോലും നിലനിൽക്കുന്നുണ്ട്. അധികാരം പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ ചുരുങ്ങിയത് ഒരു കിംഗ് മേക്കർ ആകാനെങ്കിലും എൻഡിഎയ്ക്ക് സാധിക്കും. കേരളം ആരുഭരിക്കണം എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തീരുമാനിക്കുന്നത് ഒരുപക്ഷെ ബിജെപി ആയിരിക്കും" എന്നും ശ്രീധരൻ ബിബിസി ഹിന്ദിയോട് പറഞ്ഞു. 

Latest Videos

undefined

എന്നാൽ ബിജെപി കേരളത്തിൽ ഇക്കുറി രണ്ടക്കം കടക്കാം എന്ന് കരുതുന്നത് തന്നെ അതിരുകടന്ന ശുഭാപ്തി വിശ്വാസമാണ് എന്നാണ് വിമർശകരുടെ അഭിപ്രായം. "പ്രചാരണത്തിന്റെ ഭാഗമായി ഓടി നടന്ന് റാലികളിൽ പങ്കെടുക്കുകയാണ്. അത് ഒരിത്തിരി ക്ഷീണം ഉണ്ടാക്കുന്നതാണ് എങ്കിലും ഈ യാത്രകൾ ആസ്വദിക്കാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്", ശ്രീധരൻ പറഞ്ഞു.  

"മോദി സർക്കാർ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. എന്നാൽ അതൊക്കെ കണ്ടില്ലെന്നു നടിച്ചു കൊണ്ട് ചിലർ കേന്ദ്രത്തെ കണ്ണുമടച്ച് എതിർക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്." അദ്ദേഹം തുടർന്നു.

മോദിയെ വിമർശിച്ചാൽ അത് ദേശദ്രോഹം ആകുമോ എന്ന ബിബിസി ലേഖകന്റെ ചോദ്യത്തോട് ശ്രീധരൻ പ്രതികരിച്ചത് ഇങ്ങനെ, "അതെ, അങ്ങനെ ചെയ്യുന്നവർ ദേശസ്നേഹികളല്ല. അവർ ബിജെപിയെ തുറന്നെതിർക്കുന്നവരാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് തുരത്താനാണ് അവരുടെ ശ്രമം. ക്രിയാത്മകമായ വിമർശനങ്ങളെ ആരും സ്വാഗതം ചെയ്യും. എന്നാൽ, കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ആരെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചാൽ, വിശേഷിച്ചും അന്താരാഷ്ട്ര വിഷയങ്ങളിൽ, അത് ദേശദ്രോഹത്തിൽ കുറഞ്ഞൊന്നുമല്ല. പിറന്ന നാടിനോട് അല്പമെങ്കിലും സ്നേഹവും കടപ്പാടും ഉള്ളവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല." ശ്രീധരൻ പറഞ്ഞു.  

click me!