ഇളവ് ലഭിച്ചാൽ സുധാകരൻ്റെ എഴാം മത്സരമായിരിക്കും ഇത്തവണത്തേത്. തോമസ് ഐസക്കിന്റെ അഞ്ചാമത്തേതും. എ വിജയരാഘവൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയററ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്
ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും മത്സരിക്കാനായി രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയററ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഇരുവരുടെയും വിജയ സാധ്യത പരിഗണിക്കണമെന്നും ജില്ലാ കമ്മിറ്റി നേതൃത്വത്തെ അറിയിച്ചു.
ഇളവ് ലഭിച്ചാൽ സുധാകരൻ്റെ എഴാം മത്സരമായിരിക്കും ഇത്തവണത്തേത്. തോമസ് ഐസക്കിന്റെ അഞ്ചാമത്തേതും. ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ ആറ് സീറ്റിലും സിപിഎം തന്നെയാണ് മത്സരിക്കുന്നത്. ഇരുവരും മത്സരിക്കുന്നത് ജില്ലയിലെ ആകെ വിജയ സാധ്യത കൂട്ടുമെന്ന് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. അമ്പലപ്പുഴ, ആലപ്പുഴ, ചെങ്ങന്നൂർ സീറ്റുകളിൽ മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിൽ പാര്‍ട്ടിക്ക് ഒരു പേരിലേക്കെത്താൻ സാധിച്ചത്.
undefined
ചെങ്ങന്നൂരിൽ സിറ്റിങ് എംഎൽഎ സജി ചെറിയാൻ്റെ പേരാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചത്. അതേസമയം കായംകുളം, മാവേലിക്കര മണ്ഡലങ്ങളിൽ തര്‍ക്കം രൂക്ഷമാണ്. നിലവിലെ എംഎൽഎ യു പ്രതിഭയെ മത്സരിപ്പിക്കരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതോടെ ജില്ലാ സെക്രട്ടറിയേറ്റംഗം കെ എച്ച് ബാബുജാൻ്റെ പേരും സംസ്ഥാന കമ്മിറ്റിക്ക് നൽകാൻ തീരുമാനമായി.
മാവേലിക്കരയിൽ രണ്ട് ടേം പൂര്‍ത്തിയാക്കിയ ആർ രാജേഷിൻ്റെ പേരിനൊപ്പം കെ രാഘവൻ്റെ പേര് കൂടി ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. അരൂരിൽ ജില്ലാ സെക്രട്ടറി ആർ നാസര്‍, സംസ്ഥാന കമ്മിറ്റിയംഗം സിബി ചന്ദ്രബാബു എന്നിവരുടെ പേരുകളാണ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ നേതൃത്വം സ്ഥാനാർഥികളുടെ പേരുകൾ നിര്‍ദേശിച്ചത്.