തലശ്ശേരിയിലും ദേവികുളത്തും എൻഡിഎക്ക് തിരിച്ചടി; എൻ ഹരിദാസിൻ്റെയും ധനലക്ഷ്മിയുടെയും പത്രിക തള്ളി

By Web Team  |  First Published Mar 20, 2021, 1:49 PM IST

പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തെറ്റുകൾ ചൂണ്ടിക്കാട്ടി ഇന്നലെ സ്വീകരിച്ചിരുന്നില്ല. ഇതോടെ ബിജെപിക്ക് തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയായി.


തലശ്ശേരി: സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. തലശ്ശേരിയിലും ദേവികുളത്തുമാണ് സ്ഥാനാർത്ഥികളില്ലാത്ത സാഹചര്യത്തിലേക്ക് എൻഡിഎ എത്തിയിരിക്കുന്നത്. തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രികയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെ പത്രികയുമാണ് തള്ളിയത്. ദേശീയ പ്രസിണ്ടൻ്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കാൻ കഴിയാത്തതിനാലാണ് തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രിക തള്ളയിത്. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻ്റാണ് ഹരിദാസ്. 

ഇതോടെ ബിജെപിക്ക് തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയായി. പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തെറ്റുകൾ ചൂണ്ടിക്കാട്ടി ഇന്നലെ സ്വീകരിച്ചിരുന്നില്ല. കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ജില്ലയിൽ എറ്റവും അധികം വോട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി. തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് എൻ ഹരിദാസ് വ്യക്തമാക്കി. സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്നാണ് ഹരിദാസ് പറയുന്നത്. കഴിഞ്ഞ തവണ ബിജെപി ഇരുപത്തിരണ്ടായിരത്തിലധികം വോട്ട് നേടിയ മണ്ഡലമായിരുന്നു ഇത്.

Latest Videos

ദേവികുളം മണ്ഡലത്തിലെ എൻഡിയ സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. എഐഎഡിംകെയുടെ സ്ഥാനാർത്ഥി ആർ എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഇവിടെയും ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും സ്വീകരിച്ചിട്ടല്ല. ഫലത്തിൽ ദേവികുളത്തും എൻഡിഎക്ക് സ്ഥാനാർത്ഥിയില്ലാതായിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിയുടെ ഭാഗമല്ലാതെ എഐഎഡിഎംകെ മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ആളാണ് ധനലക്ഷ്മി. ബിജെപി സ്ഥാനാർത്ഥിയെയും പിന്തള്ളിയായിരുന്നു ഇത് മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിനാൽ ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിച്ചിരുന്നു.  ദേവികുളത്ത് ധനലക്ഷ്മിയുടേതടക്കം നാല് സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളപ്പെട്ടത്. 

click me!