കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പണിയെടുക്കാൻ ‍ഞങ്ങളെ കിട്ടില്ല; മലമ്പുഴ കോണ്‍ഗ്രസിൽ കലാപം

By Web Team  |  First Published Mar 13, 2021, 11:26 AM IST

മലമ്പുഴയിൽ ഇന്ന് ചേര്‍ന്ന പ്രതിഷേധ കണ്‍വൻഷനിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കളും അണികളും നടത്തിയത്. 


പാലക്കാട്: മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയതിന് പിന്നാലെ മണ്ഡലത്തിൽ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ മലമ്പുഴയിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മലമ്പുഴ പുതുശ്ശേരിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ കണ്‍വൻഷൻ സംഘടിപ്പിച്ചു.

2016- നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്.അച്യുതാനന്ദൻ വിജയിച്ച മലമ്പുഴ സീറ്റിൽ ബിജെപിയുടെ സി.കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത് വന്നത്. കെഎസ്.യു സംസ്ഥാന അധ്യക്ഷനായിരുന്ന വി.എസ്.ജോയി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് വൻ നാണക്കേടായി മാറി ഈ പരാജയം. 

Latest Videos

undefined

ഈ സാഹചര്യത്തിലാണ് നേമം മോഡൽ പരീക്ഷണത്തിനുള്ള സാധ്യത പോലും പരിശോധിക്കാതെ കോണ്‍ഗ്രസ് ഇവിടെ യാതൊരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് വിട്ടു കൊടുത്തത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മലമ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കൾ. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. 

എസ്.കെ.അനന്തകൃഷ്ണനടക്കം പല കോണ്‍ഗ്രസ് നേതാക്കളും ഇക്കുറി മലമ്പുഴ സീറ്റിൽ മത്സരിക്കാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിച്ചിരുന്നു. മലമ്പുഴ സീറ്റിലെ സാധ്യത പട്ടികയിൽ ആദ്യമുണ്ടായിരുന്നതും അനന്തകൃഷ്ണൻ്റെ പേരായിരുന്നു. എന്നാൽ അന്തിമ തീരുമാനം വന്നപ്പോൾ സീറ്റ് ഇതുവരെ കേൾക്കാത്ത പാര്‍ട്ടിക്ക് പോയതിൻ്റെ അമ്പരപ്പിലാണ് പ്രവര്‍ത്തകര്‍. വി.എസ്.അച്യുതാനന്ദൻ ഇക്കുറി മത്സരരംഗത്ത് ഇല്ലാത്തതിനാൽ ശക്തമായ പോരാട്ടം നടത്തി മണ്ഡലം വിജയിക്കാം എന്ന പ്രതീക്ഷയില്ലായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും അണികളും. 

മലമ്പുഴയിൽ ഇന്ന് ചേര്‍ന്ന പ്രതിഷേധ കണ്‍വൻഷനിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കളും അണികളും നടത്തിയത്. കോൺഗ്രസ് നേതൃത്വം തെറ്റ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കണ്‍വൻഷനിൽ സംസാരിച്ച എസ്.കെ.അനന്തകൃഷ്ണൻ പറഞ്ഞു. നിങ്ങൾ നിശ്ചയിക്കുന്ന സ്ഥാനാർഥിക്ക് വേണ്ടി പണിയെടുക്കാൻ ഇനി മലമ്പുഴയിലെ പ്രവർത്തകരെ കിട്ടില്ലെന്നും മലമ്പുഴയിൽ ഒരു പ്രവർത്തകൻ പോലും ഇല്ലാത്ത ഘടകകക്ഷിക്ക് സീറ്റ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും അനന്തകൃഷ്ണൻ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. 

നേതൃത്വം തെറ്റുതിരുത്തണമെന്നും കെട്ടിയിറക്കിയ നേതാക്കളെ മലമ്പുഴയ്ക്ക് വേണ്ടെന്നും പരിപാടിയിൽ സംസാരിച്ച മറ്റു നേതാക്കൾ പറഞ്ഞു. ഇത്തരം നടപടികളിലൂടെ പ്രവര്‍ത്തകരെ അപമാനിക്കുകയാണ് നേതൃത്വമെന്നും അവര്‍ ആരോപിച്ചു. അതേസമയം സ്ഥിരമായി തോൽക്കുന്ന സീറ്റ് പോലും ഘടക കക്ഷികൾക്ക് കൊടുക്കാൻ  ചില നേതാക്കൾ സമ്മതിക്കുന്നില്ലെന്ന് മലമ്പുഴ സീറ്റ് വിവാദത്തോട് പ്രതികരിച്ച് കൊണ്ട് കെ.മുരളീധരൻ പറഞ്ഞു. 

click me!