ഇതിന് മുമ്പ് മഞ്ചേശ്വരത്ത് ഏറ്റവും ഉയർന്ന പോളിംഗ് ഉണ്ടായത് 2016 ലാണ്. 76.31 % വോട്ടിംഗ് ശതമാനമുണ്ടായപ്പോൾ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾക്ക് മാത്രം.
കാസര്‍കോട്: ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. 76.81 ആണ് ഒടുവിലത്തെ കണക്കനുസരിച്ച് വോട്ടിംഗ് ശതമാനം. ഉയർന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമെല്ലാം തെറ്റിക്കുന്നതാണെന്നാണ് മൂന്ന് മുന്നണികളുടേയും വിലയിരുത്തൽ. ഇതിന് മുമ്പ് മഞ്ചേശ്വരത്ത് ഏറ്റവും ഉയർന്ന പോളിംഗ് ഉണ്ടായത് 2016 ലാണ്. 76.31 % വോട്ടിംഗ് ശതമാനമുണ്ടായപ്പോൾ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾക്ക് മാത്രം.
അതേ കെ സുരേന്ദ്രൻ വീണ്ടും മത്സരിക്കാനെത്തിയപ്പോൾ സമാന നിലയിലേക്കുയർന്ന് വോട്ടിംഗ് ശതമാനം. രാവിലെ മുതൽ മുസ്ലീം ലീഗ്, ബിജെപി കേന്ദ്രങ്ങളിൽ കനത്ത പോളിംഗാണ്. 2016 ലെ സാഹചര്യമല്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുമ്പോഴും ആശങ്കയിലാണ് ലീഗ് കേന്ദ്രങ്ങൾ. വിധി നിർണയിക്കുക സിപിഎം പിടിക്കുന്ന വോട്ടുകളാണെന്ന മട്ടില്‍ ബിജെപിയും യുഡിഎഫും നിൽക്കുമ്പോള്‍ വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല എൽഡിഎഫ്. അതിനിടെ നേരത്തെ ക്യൂവിലുണ്ടായിരുന്ന 8 പേരെ 6 മണിക്ക് ശേഷം പ്രിസൈഡിഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി കന്യാലയിലെ ബൂത്തിൽ കെ.സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു.