ഹരിപ്പാട് അമ്മയെപ്പോലെയാണെന്ന് ചെന്നിത്തല; നേമത്ത് കാത്തിരുന്ന് കാണൂ: ഉമ്മൻചാണ്ടി

By Web Team  |  First Published Mar 13, 2021, 9:03 AM IST

" ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ജനങ്ങൾ അത്രമാത്രം എന്നെ സ്നേഹിക്കുന്നു അത് കൊണ്ട് ഹരിപ്പാട് വിട്ട് പോകാൻ തയ്യാറല്ല " - നേമത്തെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ ചെന്നിത്തലയുടെ പ്രതികരണം.


കൊച്ചി: ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണെന്നും അവിടുത്തെ ജനങ്ങൾ തന്നെ അങ്ങേയറ്റം സ്നേഹിക്കുന്നുണ്ടെന്നുമാണ് ചെന്നിത്തല പറയുന്നത്. നേമത്ത് മത്സരിക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണുവെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കേരളത്തിൽ തിരിച്ചെത്തി. 

ഞാൻ ഹരിപ്പാടാണ് മത്സരിക്കുന്നത്. ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ജനങ്ങൾ അത്രമാത്രം എന്നെ സ്നേഹിക്കുന്നു അത് കൊണ്ട് ഹരിപ്പാട് വിട്ട് പോകാൻ തയ്യാറല്ല. ഇതായിരുന്നു നേമത്തെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ ചെന്നിത്തലയുടെ പ്രതികരണം. പ്രതിപക്ഷ നേതാവാണ് 140 നിയോജക മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നേമത്തെ പറ്റി ചോദിചപ്പോൾ കാത്തിരുന്ന് കാണൂ എന്ന് മാത്രമായിരുന്നു ഉമ്മൻചാണ്ടിക്ക് പറയാനുണ്ടായിരുന്നത്.

Latest Videos

undefined

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തർക്കവും ഇല്ലെന്നാണ് ചെന്നിത്തല അവകാശപ്പെടുന്നത്. എന്ത് കൊണ്ട് പ്രഖ്യാപനം വൈകുന്നുവെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സമയം ഇഷ്ടം പോലയുണ്ടല്ലോ എന്നായിരുന്നു മറുപടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആയിരുന്നു അദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും പിന്നീട് എന്താണുണ്ടായതെന്ന് അറിയാമല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ മറു ചോദ്യം. കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. 

സിപിഎമ്മിലുള്ളത്ര പ്രതിഷേധങ്ങൾ കോൺഗ്രസിലില്ലെന്ന് പറ‌ഞ്ഞ ചെന്നിത്തല ലിസ്റ്റ് വന്ന് കഴിയുമ്പോൾ എല്ലാവരും അഭിനന്ദിക്കുമെന്നും അവകാശപ്പെട്ടു. 

സ്ഥാനാർത്ഥി നിർണ്ണയം സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും പ്രഖ്യാപനത്തിന് മുൻപ് മടങ്ങിയത് പ്രശ്ന പരിഹാരത്തിന് വേണ്ടിയാണെന്നാണ് സൂചന. തർക്ക മണ്ഡലങ്ങളിലെ നേതാക്കളുമായി ഇരുവരും നേരിട്ട് സംസാരിക്കും. 81 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചുവെന്നും ഇനി 10 മണ്ഡലങ്ങളുടെ കാര്യത്തിലേ തീരുമാനം എടുക്കേണ്ടതുള്ളൂവെന്നുമാണ് ഇന്നലെ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. 
 

click me!