'ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

By Web Team  |  First Published Apr 2, 2021, 9:28 PM IST

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസിന്‍റെ നേതാവായ ബാലശങ്കറാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തതെന്നും ചെന്നിത്തല


തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഡീലുണ്ടാക്കിയ സാഹചര്യത്തില്‍ ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസിന്‍റെ നേതാവായ ബാലശങ്കറാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശക്തമായ സാക്ഷിമൊഴികളുണ്ടയിട്ടും സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്‍ക്കടത്ത് കേസുമൊക്കെ ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നത് ഫലിതമാണ്. കേരളത്തിന് അര്‍ഹമായത് എന്ത് കൊണ്ടാണ് നല്‍കാത്തത് എന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്. മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Latest Videos

click me!