തിരുവനന്തപുരം: ദേശീയ നേതാക്കളെത്തിയതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗവും ചൂടുപിടിച്ചു. കോൺഗ്രസിനായി രാഹുൽ ഗാന്ധി പ്രചാരണം നയിച്ചപ്പോൾ അമിത്ഷാ ആണ് ബിജെപിയുടെ പ്രചരണം നയിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എസ് രാമചന്ദ്രൻപിള്ളയും എംഎ ബേബിയും ഇടത് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്.
പ്രചാരണത്തിനായെത്തിയ സീതാറാം യെച്ചൂരി ആലപ്പുഴ കോട്ടയം ജില്ലകളിലാകും പ്രസംഗിക്കുക. വിവിധ മണ്ഡലങ്ങളിലെ പ്രചാരണത്തിനായി പ്രകാശ് കാരാട്ട് ഇന്ന് എറണാകുളത്തെത്തും. രാവിലെ 10ന് പറവൂരിലാണ് കാരാട്ട് തുടങ്ങുക. എം എ ബേബി വൈപ്പിനിലെത്തും. മുഖ്യമന്ത്രി ഇന്ന പ്രധാനമായും കൊല്ലം ജില്ല കേന്ദ്രീകരിച്ചാകും പ്രചാരണം നയിക്കുക. കുന്നത്തൂർ, കൊല്ലം, ചാത്തന്നൂർ മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്ന പിണറായി രാവിലെ 9.30 ന് മാധ്യമങ്ങളെ കാണും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമായും തൃശൂർ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണം നയിക്കുക. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ടുപോകുന്ന ചെന്നിത്തല കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. അദ്ദേഹം ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ചിട്ടുണ്ട്. തൃശൂരിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ചികിത്സയും വിശ്രമവും കഴിഞ്ഞ് പ്രചാരണ രംഗത്തെത്തി. രാവിലെ വടക്കുംനാഥക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. വൈകിട്ട് 5ന് സുരേഷ് ഗോപി റോഡ് ഷോ നടത്തും.