ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തടയുന്നു
കോഴിക്കോട്: കേന്ദ്ര ഏജൻസികളെ ഇടതു സർക്കാറിനെതിരെ കേന്ദ്ര സർക്കാർ തിരിച്ചു വിട്ടിരിക്കുകയാണെന്ന് സിപിഎം മുൻ ജനറൽ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട്. കോൺസ് നേതാക്കൾക്കെതിരെ പലയിടത്തും കേന്ദ്ര ഏജൻസികൾ കേസെടുത്തു. അവർ ബിജെപിയിൽ ചേർന്ന് കേസ് ഒഴിവാക്കി. ഇടതുപക്ഷ നേതാക്കൾക്കെതിരെ ഇത്തരം ഭീഷണി വിലപ്പോവില്ല. ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്ന യുഡിഎഫിനും ബിജെപിക്കുമൊപ്പം മൂന്നാം കക്ഷിയായി ഇപ്പോൾ കേന്ദ്ര ഏജൻസികൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് ദുരിതങ്ങൾക്കൊപ്പം മോഡി സർക്കാറിന്റെ ജനവിരുദ്ധ നടപടികളും ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി. കാർഷിക- തൊഴിലാളിവിരുദ്ധ ബില്ലുകൾ കോർപറേറ്റുകളെ സഹായിക്കാൻ മോദി സർക്കാർ നടപ്പാക്കി. പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ കുത്തകൾക്ക് വിൽക്കുന്നു. ഭരണഘടന അട്ടിമറിക്കുന്നതും മതേതര മൂല്യം തകർക്കുന്നതുമായ സമീപനമാണ് കേന്ദ്ര സർക്കാറിന്റേത്. പൗരൻമാരുടെ മതേതര സ്വാതന്ത്ര്യത്തെ കേന്ദ്ര സർക്കാർ പൗരത്വ നിയമത്തിലൂടെ ഇല്ലാതാകുന്നു.
ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തടയുന്നു. കേന്ദ്ര സർക്കാർ ജനവിരുദ്ധ നടപടികൾ തുടരുമ്പോൾ കേരളത്തിൽ ഇടതു സർക്കാർ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്തി. ഇത് ജനങ്ങൾക്ക് ആശ്വാസമായി. പൊതു മേഖല സ്ഥാപനങ്ങൾ ഇവിടെ ലാഭത്തിലാക്കി. കാർഷിക മേഖല ശക്തിപ്പെടുത്താൻ ഇടതു സർക്കാർ നടപടി തുടങ്ങി. പെൻഷൻ കൂട്ടി. ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കി. ആരോഗ്യ രംഗത്തും മികവ് പുലർത്തി. ഇങ്ങിനെ സമഗ്ര മേഖലയിലും പിണറായി സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കി. ഈ ഘട്ടത്തിൽ പ്രതിപക്ഷം ബിജെപിക്ക് ഒപ്പം ചേർന്ന് സംസ്ഥാന സർക്കാറിനെതിരെ ദുരാരോപണം ഉയർത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.