ഭാഗ്യപരീക്ഷണം വേണ്ടെന്ന് നേതാക്കള്‍; കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ്കുമാറിന് സാധ്യത

By Web Team  |  First Published Feb 9, 2021, 9:14 PM IST

സ്റ്റാര്‍ മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ ഇടതുപക്ഷത്തിനായി ആര് അങ്കത്തിലിറങ്ങുമെന്ന ചര്‍ച്ച ജില്ലയില്‍ സജീവമാകുന്നതിനിടെയാണ് വീണ്ടും പ്രദീപ് കുമാര്‍ മത്സരരംഗത്ത് എത്തുമെന്ന സൂചന ബലപ്പെടുന്നത്.


കോഴിക്കോട്: സ്ഥാനാർത്ഥിക്കാര്യത്തിൽ രണ്ട് ടേം എന്നതാണ് സിപിഎം ലൈൻ. അതിൽ ഇളവ് കിട്ടുന്ന പ്രധാനികളിൽ ഒരാൾ എ പ്രദീപ് കുമാറായിരിക്കും. കോഴിക്കോട് നോർത്തിൽ നാലാം തവണയും പ്രദീപ് കുമാറിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സ്റ്റാര്‍ മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ ഇടതുപക്ഷത്തിനായി ആര് അങ്കത്തിലിറങ്ങുമെന്ന ചര്‍ച്ച ജില്ലയില്‍ സജീവമാകുന്നതിനിടെയാണ് വീണ്ടും പ്രദീപ് കുമാര്‍ മത്സരരംഗത്ത് എത്തുമെന്ന സൂചന ബലപ്പെടുന്നത്. 

മണ്ഡലം നിലനിര്‍ത്താന്‍ എ പ്രദീപ് കുമാറിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. ഈ അഭിപ്രായം സംസ്ഥാന നേതൃത്വത്തെ സിപിഎം ജില്ല കമ്മിറ്റി അറിയിച്ചു. മൂന്ന് തവണ പ്രദീപ് കുമാര്‍ മത്സരിച്ചു. ഇത്തവണ പ്രദീപിന് പകരം വിജയ സാധ്യതയുള്ള മറ്റൊരാളെ കണ്ടെത്താനാവാത്ത പ്രതിസന്ധിയും സിപിഎമ്മിനുണ്ട്. 

Latest Videos

പ്രവര്‍ത്തകരുടേയും അണികളുടേയും പിന്തുണയും പ്രദീപ് കുമാറിനാണ്. ഭരണ തുടര്‍ച്ച ലക്ഷ്യം വെക്കുന്ന ഇടതുമുന്നണിക്ക് ജില്ലയില്‍ പരമാവധി സീറ്റ് നേടണം. അതിനാല്‍ സിറ്റിങ്ങ് സീറ്റായ നോര്‍ത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരണ്ട എന്ന നിലപാടാണ് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും. സിപിഎം സംസ്ഥാന നേതൃത്വം പ്രദീപ് കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്ത്വത്തില്‍ അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടെ ഇടതുമുന്നണി വൃത്തങ്ങള്‍.

click me!