തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ പരിക്കേൽക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താൽ 15 ലക്ഷം നഷ്ടപരിഹാരം നല്‍കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയായിരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഏപ്രിൽ ആറിന് രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴുവരെ വോട്ട് രേഖപ്പെടുത്താം. ആറ് മണിവരെയായിരുന്ന വോട്ടിംഗ് സമയം കൊവിഡ് പശ്ചാത്തലത്തിലാണ് ഒരു മണിക്കൂർ നീട്ടിയത്. അവസാന ഒരു മണിക്കൂർ കൊവിഡ് രോഗികള്‍ക്കും, കൊവിഡ് ലക്ഷണങ്ങളുള്ളവർക്കും നിരീക്ഷത്തിൽ കഴിയുന്നവർക്കുമായിരിക്കും.
മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിൽ ആറുമണിക്ക് വോട്ടെടുപ്പ് അവസാനിക്കും. 40471 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കള്ളവോട്ട് തടയുന്ന ഉദ്യോഗസ്ഥരെ തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും കമ്മീഷൻ സംരക്ഷിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഭിന്നശേഷിക്കാർ, കൊവിഡ് രോഗികള്‍ ഉള്‍പ്പടെ അഞ്ച് വിഭാഗക്കാർക്ക് പോസ്റ്റൽ വോട്ടുണ്ടാവും. പൊലീസ്, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ്, മാധ്യമ പ്രവർത്തകർ, മില്‍മ, ജയിൽ എക്സൈസ് തുടങ്ങിയ വിഭാഗത്തിലുള്ളവർക്കായിരിക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ടാകുക.
കൊട്ടിക്കലാശം നിരോധിച്ചിട്ടില്ല, എങ്ങനെ കൊട്ടികലാശം നടത്തണമെന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് തീരുമാനിക്കും. 150 കമ്പനി കേന്ദ്രസേനയാണ് ആവശ്യപ്പെട്ടത്. 30 കമ്പനി കേന്ദ്ര സേന എത്തിയിട്ടുണ്ട്. എറണാകുളം പറവൂരിൽ കേന്ദ്ര സേന റൂട്ട് മർച്ച് നടത്തി. മാവോയിസ്റ്റ് മേഖലയിലെയും അതീവ പ്രശ്നബാധിത മേഖലയിലെയും ബൂത്തൂകളുകളുടെ നിയന്ത്രണം കേന്ദ്ര സേനക്കായിരിക്കും.