'ശബരിമല' വീണ്ടും; ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി, വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് സുരേന്ദ്രൻ

By Web Team  |  First Published Mar 22, 2021, 11:13 AM IST

വിഷയം ചർച്ചയാക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് ഇടതുപക്ഷം പരമാവധി പരിശ്രമിച്ചിട്ടും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തന്ത്രങ്ങൾ ശബരിമലയെ വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലെത്തിച്ചിരിക്കുകയാണ്. ശബരിമല മന:പൂർവ്വം  ചർച്ചയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുമ്പോൾ സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം.


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലേക്ക് ചർച്ചയായി വീണ്ടും ശബരിമല യുവതീപ്രവേശം. വിഷയം ചർച്ചയാക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് ഇടതുപക്ഷം പരമാവധി പരിശ്രമിച്ചിട്ടും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തന്ത്രങ്ങൾ ശബരിമലയെ വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലെത്തിച്ചിരിക്കുകയാണ്. ശബരിമല മന:പൂർവ്വം  ചർച്ചയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുമ്പോൾ സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം. സർക്കാർ നൽകിയ സത്യവാങ്മൂലം അതേപടി തുടരുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ ആൾപ്പയറ്റിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രസ്താവന. ഹിന്ദുധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തിൽ ഉണ്ട് എന്ന കാര്യം എല്ലാവരും ഓർമ്മിക്കണം. സ്ത്രീ പുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെ. ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അന്തിമതീരുമാനം എടുക്കേണ്ടത് സർക്കാരല്ല. ഹിന്ദുധർമ്മത്തിൽ പ്രാവീണ്യമുള്ള ആളുകളെ വച്ച് അതിന്റെ ഒരു ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞ് വിധി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ പറഞ്ഞതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

Latest Videos

undefined

പിന്നാലെ വിഷയത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബിയുടെ പ്രതികരണമെത്തി. കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്നാണ് ബേബി അഭിപ്രായപ്പെട്ടത്. ഇത്തവണ സമാധാനപരമായി തീർഥാടനം നടന്നു, അതാണ് പ്രധാനമെന്നും അ്ദദേഹം പറഞ്ഞു. ഇതിനിടെയാണ് കോട്ടയത്ത് മാധ്യമങ്ങളെ കണ്ട പിണറായി വിജയൻ തന്റെ നിലപാട് ഒന്നുകൂടി ആവർത്തിച്ചുറപ്പിച്ചത്. ശബരിമല ചർച്ചയാക്കാൻ ചിലർ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഈ നീക്കം.ഇപ്പോൾ ആ വിഷയം ഉയർത്തേണ്ടതില്ല.  വിധി വന്ന ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കാം. ക്ഷേത്രങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്  8 കോടിയാക്കി വാർഷിക ഗ്രാൻഡ് വർധിപ്പിച്ചു. ശബരിമല തീർത്ഥാടന സൗകര്യത്തിന് 1487 കോടി അനുവദിച്ചു. മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമല വിഷയത്തിൽ ഞാണിന്മേൽ കളിയാണ് ഇടതുസർക്കാർ നടത്തുന്നതെന്നാണ് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചത്. പിണറായി നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതീപ്രവേശനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്നാണ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. ശബരിമല വീണ്ടും കുരുതിക്കളമാക്കാനുള്ള നീക്കം നടക്കുന്നു. മുഖ്യമന്ത്രി ഉരുണ്ട് കളിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

യുവതീപ്രവേശം സംബന്ധിച്ച സത്യവാങ്മൂലത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നാണ് ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന്റെ പ്രതികരണം. നിലവിലെ അന്തരീക്ഷം ശബരിമലയിൽ തുടരണമെന്നാണ് ബോർഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!