അരി വിതരണത്തിൽ സംസ്ഥാനമെങ്ങും പ്രതിപക്ഷ നേതാവിന്‍റെ പരാതിയുയർത്തി വലിയ സൈബർ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഇപ്പോഴത്തെ ചൂടുള്ള ചർച്ച അന്നംമുടക്കിയതാര് എന്നാണ്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ അരിവിഷയം, പ്രചാരണ മുഖത്തെ മുഖ്യവിഷയമായി മാറിക്കഴിഞ്ഞു. അരിവിതരണം തടയാൻ കാരണമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വിമർശനം. അതേസമയം സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി ഏഴ് മാസം പൂഴ്ത്തിവെച്ച് ഇപ്പോൾ നൽകുന്നതിന് പിന്നിൽ കരിഞ്ചന്തക്കാരന്റെ മനോഭാവമാണെന്ന് ചെന്നിത്തല തിരിച്ചടിച്ചു. പ്രതിപക്ഷത്തിനെതിരെ ഡിവൈഎഫ്ഐ അടുപ്പുകൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തതോടെ വിവാദത്തിന്റെ ചൂടേറി.
അരി വിതരണത്തിൽ സംസ്ഥാനമെങ്ങും പ്രതിപക്ഷ നേതാവിന്‍റെ പരാതിയുയർത്തി വലിയ സൈബർ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് പരാതി നൽകി അന്നം മുടക്കിയെന്ന ആക്ഷേപം ഇന്ന് മുഖ്യമന്ത്രിയും ആവർത്തിച്ചതോടെ ഒളിഞ്ഞ പ്രചാരണങ്ങൾ തെളിഞ്ഞ പോരായി. 'എന്തിനാണ് ഇതിനെ ഈ രീതിയിൽ തടയാൻ വല്ലാതെ പ്രതിപക്ഷ നേതാവ് മെനക്കെട്ടത്? അത് വളരെ സങ്കുചിതമായ മനസിന്റെ ചിന്ത മാത്രമാണെന്ന് നാം കാണേണ്ടതുണ്ട്,' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം.
undefined
അരി മുടക്കലല്ല, തടഞ്ഞുവെച്ച അരി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരുമിച്ച് നൽകുന്നതിലെ ദുരുദ്ദേശ്യമാണ് കമ്മീഷന് നൽകിയ പരാതിയിൽ ഉയർത്തിക്കാട്ടിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ ഏഴ് മാസം നൽകേണ്ട അരി തടഞ്ഞ് വച്ച് ഇപ്പോൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാനെണെന്ന ആരോപണവും ചെന്നിത്തല ഉന്നയിച്ചു. 'ഇപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽപി, യുപി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യാനുള്ള നടപടി ഈ സർക്കാരിന് കരിഞ്ചന്തക്കാരന്റെ മനസാണ് എന്നതിന്റെ തെളിവാണ്,' എന്ന് ചെന്നിത്തല പറഞ്ഞു.
വെള്ള, നീല കാർഡ് ഉടമകൾക്കുള്ള അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതോടെ തെരുവിൽ കഞ്ഞി വച്ച് പ്രതിപക്ഷത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. മാർച്ച് അവസാനം തീരുമാനിച്ച വിഷു കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് സർക്കാർ മാറ്റി. പ്രതിപക്ഷത്തിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയതിന് പിന്നാലെയാണിത്. വോട്ടെടുപ്പിന് ശേഷം മാത്രമേ കിറ്റ് നൽകാവൂ എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മെയ് മാസത്തെ ക്ഷേമ പെൻഷൻ ഇപ്പോൾ നൽകുന്നതും വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വെള്ള, നീല കാർഡ് ഉടമകൾക്കുള്ള അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ഭക്ഷ്യവകുപ്പ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.