12 സീറ്റ് വേണമെന്ന ജോസഫിൻ്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്: പരമാവധി നൽകാനാവുക ഒൻപത് സീറ്റ് മാത്രം

By Asianet Malayalam  |  First Published Feb 23, 2021, 9:34 PM IST

കോട്ടയത്താണ് ജോസഫും കോണ്‍ഗ്രസും തമ്മില്‍ ഏറെ തര്‍ക്കമുള്ളത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി എന്നിവ ജോസഫ് ആവശ്യപ്പെടുന്നു.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ  പന്ത്രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം തള്ളി കോണ്‍ഗ്രസ്. പരമാവധി ഒൻപത് സീറ്റേ നല്‍കാനാകൂ എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പിജെ ജോസഫിനെ അറിയിച്ചു. ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നാളെയും തിരുവനന്തപുരത്ത് നടക്കും

2016 ല്‍ സംയുക്ത കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ മത്സരിച്ചത് 15 സീറ്റിലാണ്. അതില്‍ ആലത്തൂര്‍, തളിപ്പറമ്പ് സീറ്റുകളും മാണി സി കാപ്പനായി പാലയും വിട്ടു കൊടുക്കാൻ പിജെ ജോസഫ് തയ്യാറാണ്. ബാക്കി പന്ത്രണ്ടെണ്ണം ഉറപ്പായും കിട്ടണമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. കോട്ടയത്താണ് ജോസഫും കോണ്‍ഗ്രസും തമ്മില്‍ ഏറെ തര്‍ക്കമുള്ളത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി എന്നിവ ജോസഫ് ആവശ്യപ്പെടുന്നു. പക്ഷേ ഏറ്റുമാനൂരും ചങ്ങനാശേരിയും വിട്ട് കൊടുക്കില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. പിസി ജോര്‍ജ്ജ് മുന്നണി സ്വതന്ത്രനാകാനുള്ള സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍ ജോസഫ് പക്ഷത്തിന് ഉറപ്പ് നല്‍കാനും കോണ്‍ഗ്രസിനാവില്ല.

Latest Videos

തൊടുപുഴ, ഇടുക്കി, കുട്ടനാട്, തിരുവല്ല, കോതമംഗംലം, ഇരിങ്ങാലക്കുട ഒപ്പം കോട്ടയത്ത് മൂന്ന് സീറ്റും ഇതാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുല. ഇക്കാര്യം പിജെ ജോസഫിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ അറിയിച്ചു. കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന് ശേഷം നിരവധി നേതാക്കള്‍ സീറ്റ് മോഹിച്ച് ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയിരുന്നു. സീറ്റില്ലെങ്കില്‍ പൊട്ടിത്തെറിക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജോസഫ് പന്ത്രണ്ടില്‍ ഉറച്ച് നില്‍ക്കുന്നത്. ജോസ് കെ മാണിക്ക് രണ്ടിലയും പാര്‍ട്ടിയും കിട്ടിയ സാഹചര്യത്തില്‍ നേതാക്കളുടെ കൊഴിഞ്ഞ് പോക്കും ജോസഫ് മുന്നില്‍ കാണുന്നു.

click me!